സി.പി.എമ്മിനും സി.പി.ഐക്കും സംഘ്പരിവാര്‍ സ്വരം –യൂത്ത് ലീഗ്
text_fieldsകോഴിക്കോട്: സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് ചൂട്ടുപിടിക്കുന്ന സമീപനമാണ് സി.പി.എമ്മിന്‍െറയും സി.പി.ഐയുടെയും ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലിയും ജനറല്‍ സെക്രട്ടറി സി.കെ. സുബൈറും ആരോപിച്ചു. ഡോ. സാകിര്‍ നായികിനെ അകാരണമായി വേട്ടയാടുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കൊപ്പം നിലകൊള്ളുന്ന സമീപനമാണ് ഇടതു പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. സാകിര്‍ നായികിന്‍െറ ശൈലികളിലും രീതികളിലും അഭിപ്രായവ്യത്യാസമുണ്ട്. അദ്ദേഹത്തിന്‍െറ പ്രചാരണ പരിപാടികള്‍ ഏറ്റെടുക്കലല്ല മുസ്ലിം ലീഗിന്‍െറ ദൗത്യം. അതിനുവേണ്ടിയല്ല മുസ്ലിം ലീഗ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. സാകിര്‍ നായികിന് പൗരാവകാശം നിഷേധിക്കപ്പെടുന്നതിനെതിരെയാണ് ലീഗ് ശബ്ദിച്ചത്.
അദ്ദേഹം ഭീകര പ്രവര്‍ത്തനം നടത്തുകയോ ഭീകരവാദം പ്രചരിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍ മുസ്ലിം ലീഗ് പറഞ്ഞത് അപരാധമാണെന്ന് പറയാന്‍ ലീഗ് രണ്ടാമതൊന്ന് ആലോചിക്കില്ല. അതല്ലാത്തപക്ഷം അദ്ദേഹത്തെ വേട്ടയാടാന്‍ അനുവദിക്കില്ല. കേന്ദ്ര സര്‍ക്കാറും മഹാരാഷ്ട്ര സര്‍ക്കാറും അന്വേഷണത്തിനുമുമ്പേ അദ്ദേഹത്തെ കുറ്റവാളിയാക്കി പ്രഖ്യാപിക്കാനാണ് ശ്രമിച്ചത്. ഇതിനെതിരെയാണ് മുസ്ലിം ലീഗ് പ്രതികരിച്ചത് എന്നാല്‍, സി.പി.എമ്മും സി.പി.ഐയും ബി.ജെ.പിയുടെ താളത്തിനൊത്ത് തുള്ളുന്നതാണ് പിന്നീട് കണ്ടത്.
മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം ലീഗ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഭീകരവാദ-തീവ്രവാദ നിലപാടുകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം ഗൗരവകരമായിതന്നെയാണ് മുസ്ലിം യൂത്ത്ലീഗ് കാണുന്നത്. മുസ്ലിം യൂത്ത് ലീഗിന്‍െറ നേതൃത്വത്തില്‍ നടത്തിവരുന്ന കാമ്പയിനുകള്‍ കൂടുതല്‍ സജീവമാക്കാനും യൂത്ത്ലീഗ് തീരുമാനിച്ചു. ആഗസ്റ്റ് ഒന്നിന് ശിഹാബ് തങ്ങള്‍ അനുസ്മരണ ദിനത്തില്‍ സംസ്ഥാന വ്യാപകമായി സാമുദായിക ധ്രുവീകരണത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ഈ മാസം 16ന് കോഴിക്കോട്ട് ചര്‍ച്ചാസംഗമം നടക്കും. 29ന് നടക്കുന്ന ഭാഷാ അനുസ്മരണ-ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.