എം.കെ ദാമോദരനെയും മഞ്ചേരി ശ്രീധരന്‍ നായരെയും പരസ്യമായി പിന്തുണച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിന് വേണ്ടി ഹൈകോടതിയിൽ ഹാജരായ മുഖ്യമന്ത്രിയുടെ നിയമോപദേശകൻ അഡ്വ. എം.കെ ദാമോദരനെ പരസ്യമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എം.കെ ദാമോദരൻ നിയമോപദേശകനായി പ്രവർത്തിക്കുന്നത് പ്രതിഫലം പറ്റിയല്ല. അതിനാൽ ഏതെങ്കിലും കേസുകൾ ഏറ്റെടുക്കുന്നതിന് അദ്ദേഹത്തിന് തടസമില്ല. ഏതു കേസ് ഏറ്റെടുക്കണം തള്ളണം എന്ന് എം.കെ ദാമോദരന്‍റെ വ്യക്തിപരമായ തീരുമാനമാണെന്നും പിണറായി വ്യക്തമാക്കി.
മാർട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകൻ കോടതിയിൽ ഹാജരായ വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷനിലൂടെ നിയമസഭയിൽ ഉന്നയിച്ചത്. ഇതിനുള്ള മറുപടിയിലാണ് പിണറായി വിജയൻ എം.കെ ദാമോദരനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയത്.
കൂടാതെ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. മഞ്ചേരി ശ്രീധരന്‍ നായരെ രണ്ടാം പ്രതിയാക്കി വഞ്ചനാകുറ്റത്തിന് ഹരജി നൽകിയ സംഭവവും ചെന്നിത്തല സഭയിൽ ഉന്നയിച്ചു. സംസ്ഥാന സർക്കാറിനെ നിയമോപദേശം നൽകേണ്ട വ്യക്തി തന്നെ കേസിൽ പ്രതിയായിരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
ശ്രീധരൻ നായർ അഞ്ചു കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് നടത്തിയത്. ഡി.ജി.പി സ്ഥാനത്തിരിക്കാൻ ശ്രീധരൻ നായർ യോഗ്യനല്ല. കേസ് കഴിയുന്നത് വരെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാൽ, ഡി.ജി.പി മഞ്ചേരി ശ്രീധരന്‍ നായര്‍ക്കെതിരെ നിലവിൽ കേസുകളില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. അദ്ദേഹം തട്ടിപ്പ് നടത്തിയതായി കരുതുന്നില്ല. അതുകൊണ്ട് തന്നെ പദവിയില്‍ നിന്ന് മാറ്റേണ്ട കാര്യമില്ല. വായ്പ എടുക്കാനുള്ള തീരുമാനം കമ്പനിയുടെ ഡയറക്ടർ ബോര്‍ഡാണ് എടുത്തത്. വായ്പ എടുക്കാനുള്ള അപേക്ഷയില്‍ ഒപ്പിട്ട ഏഴു പേരില്‍ ഒരാള്‍ മാത്രമാണ് ശ്രീധരന്‍ നായരെന്നും പിണറായി വിശദീകരിച്ചു.
എം.കെ ദാമോദരനെയും മഞ്ചേരി ശ്രീധരന്‍ നായരെയും പിന്തുണക്കുന്ന നിലപാട് പിണറായി സ്വീകരിച്ചത് നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിന് വഴിവെച്ചു. ഇതിനിടെ മുഖ്യമന്ത്രിയെ പിന്തുണച്ചു നിയമ മന്ത്രി എ.കെ ബാലൻ രംഗത്തെത്തി. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്തും സമാനരീതിയിൽ നിയമോപദേശകർ സ്വകാര്യ വ്യക്തികൾക്ക് വേണ്ടി കോടതികളിൽ ഹാജരായിട്ടുണ്ടെന്ന് മന്ത്രി ബാലൻ ചൂണ്ടിക്കാട്ടി.
ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന് വേണ്ടി സംസ്ഥാന സര്‍ക്കാറിനെതിരെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായ അഡ്വ. എം.കെ. ദാമോദരന്‍ രണ്ടു തവണ ഹൈകോടതിയില്‍ ഹാജരായിരുന്നു. അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് നടപടി തടയണമെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ നല്‍കിയ ഹരജിയിലാണ് എം.കെ ദാമോദരന്‍ ഹാജരായത്.
വഞ്ചനാകുറ്റത്തിന് അഡ്വ. മഞ്ചേരി ശ്രീധരന്‍ നായരെ രണ്ടാം പ്രതിയാക്കി കോഴിക്കോട് മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹരജി നൽകിയത്. മഞ്ചേരി ഡി.എം.ഒയും സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരില്‍ ഒരാളുമായ ഡോ. കെ.ആര്‍. വാസുദേവനാണ് പരാതിക്കാരന്‍. നിലമ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിന്‍െറ ആറ് ഏക്കര്‍ ഭൂമിയുടെ പ്രമാണം ഈട് നല്‍കി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനിൽ നിന്ന് (കെ.എഫ്.സി) വായ്പയെടുത്ത അഞ്ച് കോടി രൂപ തിരിച്ചടച്ചില്ലെന്നാണ് പരാതി. വഞ്ചനാ കുറ്റത്തിന് പുറമെ അപമാനിക്കല്‍, കൃത്രിമരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളും എതിര്‍കക്ഷികള്‍ക്കെതിരെ ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.