ഭൂമിയിടപാട്: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് അമൃതാനന്ദമയീ മഠം
text_fieldsകൊച്ചി: ഭൂമിയിടപാട് സംബന്ധിച്ച് തങ്ങള്‍ക്കെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് അമൃതാനന്ദമയീ മഠം. സന്ദീപനി സ്മാര്‍ട്ട് വില്ളേജ് മാനേജിങ് പാര്‍ട്ണര്‍ എ.ടി. രഘുനാഥ് അടക്കമുള്ളവരുടെ ഭൂമിയിടപാട് സംബന്ധിച്ച് 2011ല്‍ തന്നെ മഠവുമായി ധാരണയില്‍ എത്തിയിരുന്നെങ്കിലും ധാരണാപത്രം ഒപ്പിട്ട ശേഷമാണ് ഭൂമി ബാങ്കില്‍ പണയപ്പെടുത്തിയതാണെന്ന വിവരം അറിയുന്നതെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. ഒറ്റത്തവണ തീര്‍പ്പാക്കലിനായി 1.35 കോടി ബാങ്കില്‍ അടക്കാന്‍ രഘുനാഥ് അഭ്യര്‍ഥിച്ചതിനെ തുടന്നാണ് പണം അടക്കാന്‍ സമ്മതിച്ചത്. കമ്പനി ഡയറക്ടര്‍മാരായ രഘുനാഥിന്‍െറയും ഭാര്യയുടെയും മകന്‍െറയും അനുമതിപത്രങ്ങള്‍ വേണ്ടിയിരുന്നെങ്കിലും മകന്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. മകന്‍ ഒപ്പിടാതിരുന്നതിനാലാണ് നിര്‍ദിഷ്ട തീയതിക്ക് മുമ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം തുക അടക്കാന്‍ രഘുനാഥിന് കഴിയാതെവന്നത്. മൂന്നുപേരും ഒപ്പിട്ടാലെ ഡി.ഡി നല്‍കാന്‍ മഠത്തിന് കഴിയുമായിരുന്നുള്ളൂ. മഠം നല്‍കിയ പണം സസ്പെന്‍സ് അക്കൗണ്ടായി സൂക്ഷിക്കാന്‍ ബാങ്ക് നിര്‍ദേശിക്കുകയും മകന്‍ ഒപ്പിടില്ളെന്ന് അറിയിച്ചതോടെ മഠം ഈ തുക പിന്‍വലിക്കുകയും ചെയ്തു.
ഇതുസംബന്ധിച്ച് പറവൂര്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ മഠത്തിനനുകൂലമായി കോടതി വിധിയുണ്ടായി. കേസ് ഫയല്‍ചെയ്ത സമയംതന്നെ രഘുനാഥ് ഇതേ ഭൂമി കന്യാസ്ത്രീകള്‍ നടത്തുന്ന ജീവധാര ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന് വില്‍ക്കുകയാണ് ചെയ്തത്. ഈ ഇടപാടില്‍ 2.25 കോടി രൂപ വഞ്ചിച്ചതായി കാണിച്ച് മഠം നല്‍കിയ കേസ് പറവൂര്‍ കോടതിയുടെ പരിഗണനയിലാണ്. മഠവും ബാങ്കും ചേര്‍ന്ന് തന്നെ കബളിപ്പിച്ചുവെന്നും ബാങ്കില്‍ താന്‍ തുക അടച്ചതാണെന്നും കാട്ടി 2014ല്‍ വ്യാജ പരാതി നല്‍കിയ രഘുനാഥ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തെന്നും മഠം വ്യക്തമാക്കുന്നു. സി.ബി.ഐ തുടര്‍ന്നും ഈ കേസ് അന്വേഷിക്കുകയാണെങ്കില്‍ എല്ലാ സഹകരണവും ഉണ്ടാകുമെന്നും വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.