കോണ്‍ഗ്രസ് സഖ്യവാദികള്‍ക്കെതിരെ വീണ്ടും കാരാട്ട്
text_fieldsതിരുവനന്തപുരം: വലതുപക്ഷ ആക്രമണത്തിനെതിരായ സമരത്തെ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പ് ചട്ടക്കൂടില്‍ മാത്രം കാണുന്നവരാണ് ഇടതുപക്ഷ-കോണ്‍ഗ്രസ് സഖ്യത്തിനായി വാദിക്കുന്നതെന്ന് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ബംഗാളിലെ സി.പി.എം-കോണ്‍ഗ്രസ് ബന്ധത്തിന്‍െറ പേരില്‍ സി.പി.എം കേന്ദ്രനേതൃത്വത്തിലും ബംഗാള്‍ഘടകവും കേന്ദ്രനേതൃത്വവുമായും നിലനില്‍ക്കുന്ന ഭിന്നതക്കിടയിലാണ് കാരാട്ടിന്‍െറ ലേഖനം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചത്. സീതാറാം യെച്ചൂരി ബംഗാള്‍ഘടകത്തോട് മൃദുസമീപനം നിലനിര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ്ബന്ധത്തെ രൂക്ഷമായി എതിര്‍ക്കുന്ന കേരളഘടകത്തിനൊപ്പമാണ് കാരാട്ട്. ‘ഇടതുപക്ഷ-കോണ്‍ഗ്രസ് സഖ്യത്തിനായി വാദിക്കുന്നവര്‍ വലതുപക്ഷ, വര്‍ഗീയശക്തികള്‍ക്കെതിരായ സമരത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ മാത്രമായി ഒതുക്കുകയാണ്. പ്രധാനമായും വേണ്ടത് വലതുപക്ഷശക്തികള്‍ക്കെതിരെ രാഷ്ട്രീയവും ആശയപരവുമായ സമരമാണ്.
ഈ സമരത്തെ നവ ഉദാരീകരണ വിരുദ്ധ സമരത്തില്‍ നിന്ന് വേര്‍തിരിക്കരുത്. അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ്സഖ്യം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നാണ് ചിലരുടെ വാദം. ബി.ജെ.പിയുടെ വര്‍ഗീയവിപത്തും പിന്തിരിപ്പന്‍നയങ്ങളും ഇടതുപക്ഷ-കോണ്‍ഗ്രസ് സഖ്യം അനിവാര്യമാക്കുന്നെന്നും ഇവര്‍ വാദിക്കുന്നു. ഈ വാദഗതിയെ അംഗീകരിക്കാത്തവരെ ‘സെക്ടേറിയനെ’ന്ന് മുദ്രകുത്തുകയും ‘തത്ത്വശാസ്ത്ര ശുദ്ധി’യുടെ വൃഥാവിലുള്ള ശ്രമമെന്നും ആക്ഷേപിക്കുന്നു’വെന്നും ലേഖനം പറയുന്നു. ‘വലതുപക്ഷ-വര്‍ഗീയശക്തികള്‍ക്കെതിരായ സമരത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഒരു സെക്ടേറിയന്‍ നിലപാടുമില്ല. എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും അണിനിരത്തി മാത്രമേ വര്‍ഗീയതക്കെതിരെ വിശാല ഐക്യവും സംയുക്തവേദിയും കെട്ടിപ്പടുക്കാനാകൂ. എല്ലാ മതനിരപേക്ഷ ശക്തികളെയും വര്‍ഗീയതക്കെതിരായ വിശാലവേദിയില്‍ അണിനിരത്തണം. എന്നാല്‍, ഇതൊരിക്കലും കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലുള്ള രാഷ്ട്രീയസഖ്യത്തിലേക്ക് പരിഭാഷപ്പെടുത്തരുത്. നിലവിലെ സാഹചര്യത്തില്‍ സി.പി.എമ്മിന്‍െറ പ്രധാന ചുമതല ബി.ജെ.പിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുക എന്നതുതന്നെയാണ്. എന്നാല്‍, കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിച്ചുകൊണ്ടാകരുത് ഈ ലക്ഷ്യം നേടേണ്ടതെന്നും’ കാരാട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.