വിഴിഞ്ഞം: കേന്ദ്രം കൊലക്കയര്‍ ഒരുക്കുന്നുവെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ സബ്മിഷന്‍. വിഴിഞ്ഞത്തിന് കേന്ദ്രം കൊലക്കയര്‍ ഒരുക്കുകയാണെന്നും കുളച്ചലിന് അനുമതി നല്‍കിയത് കൊലച്ചതിയാണെന്നും സബ്മിഷന്‍ അവതരിപ്പിച്ച എം. വിന്‍സെന്‍റ് പറഞ്ഞു. വിഷയത്തില്‍ കേരള സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണം. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സര്‍വകക്ഷി സംഘം ഡല്‍ഹിയിൽ പോകണമെന്നും പ്രതിപക്ഷം സർക്കാറിനോട് ആവശ്യപ്പെട്ടു.
സബ്മിഷന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുളച്ചല്‍ തുറമുഖം നിർമിക്കാനുള്ള നീക്കം യുക്തിരഹിത പദ്ധതിയാണെന്ന് പറഞ്ഞു. പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ ധരിപ്പിക്കും. ഇതിനായി ഈ മാസം തന്നെ പ്രധനമന്ത്രിയെ കാണും. 17ാം തിയതി ഡല്‍ഹിയില്‍ ചേരുന്ന കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ യോഗത്തില്‍ വിഷയം ഉന്നയിക്കും. അതിനുശേഷം പാര്‍ലമെന്‍റില്‍ ഇക്കാര്യം ഉന്നയിക്കണമെന്ന് എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും പിണറായി വ്യക്തമാക്കി.
പൊതുജനങ്ങളുടെ നികുതിപ്പണം യുക്തിരഹിതമായി ഉപയോഗിക്കുന്നതിനുള്ള തെളിവാണ് കുളച്ചല്‍. 1000 ദിവസം കൊണ്ട് മുന്‍ നിശ്ചയപ്രകാരം വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കും. തുറമുഖവുമായി ബന്ധപ്പെട്ട എല്ലാവിധമായ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാര്‍ ഏകോപിപ്പിക്കുമെന്നും പിണറായി പറഞ്ഞു.
വിഴിഞ്ഞം ഉള്‍പ്പെടുന്ന കോവളം നിയോജക മണ്ഡലത്തിലെ എം.എല്‍എയായ വിന്‍സെന്‍റ് അടിയന്തര പ്രമേയമായാണ് വിഷയം സഭയിൽ കൊണ്ടുവന്നത്. എന്നാൽ, ഈ ആവശ്യം അനുവദിക്കാതിരുന്ന സ്പീക്കർ വിഷയം സബ്മിഷനായി അവതരിപ്പിക്കാൻ അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.