കോടതി വിധി മറയാക്കി കരാര്‍ ജീവനക്കാരെ ഒഴിവാക്കാന്‍ എഫ്.സി.ഐ നടപടി തുടങ്ങി
text_fieldsതൃശൂര്‍: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ) രാജ്യത്തെ വിവിധ ഡിപ്പോകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്ത്രപരമായ നടപടി തുടങ്ങി. ഡിപ്പോകളുടെ ശക്തി വര്‍ധിപ്പിക്കുകയെന്ന കാരണം ചൂണ്ടിക്കാട്ടി താല്‍ക്കാലിക ജീവനക്കാരെ തോന്നുന്ന ഇടങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള അധികാരം ഏരിയ മാനേജര്‍മാര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടവര്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈമാസം പുറത്തിറക്കിയ ഉത്തരവ് പ്രകാരം എവിടെ നിര്‍ദേശിക്കുന്നോ അവിടെ കരാര്‍ ജീവനക്കാര്‍ ജോലി ചെയ്യണമെന്നാണ് വ്യവസ്ഥ.
രാജ്യത്താകമാനമുള്ള എഫ്.സി.ഐയുടെ 226 ഡിപ്പോകളിലും ജീവനക്കാരുടെ വിന്യാസം 15 ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയത്.
കോടതി വിധി മറയാക്കിയാണ് ഈ നിര്‍ദേശമെങ്കിലും ഫലത്തില്‍ നിലവില്‍ 30 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ജീവനക്കാരെ ഒഴിവാക്കാനുള്ള തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കോടതി വിധി മറയാക്കി എഫ്.സി.ഐയിലെ കരാര്‍ ജീവനക്കാരെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായി ദിവസങ്ങള്‍ക്ക് മുമ്പ് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. 300 മുതല്‍ 400 രൂപ വരെ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഏറെയും സ്ത്രീകളാണ്. മറ്റ് സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും സ്ഥലംമാറ്റപ്പെടുമ്പോള്‍ ഇവര്‍ ജോലി ഉപേക്ഷിച്ച് പോകുമെന്ന തന്ത്രമാണ് പ്രയോഗിക്കുന്നതെന്നാണ് ആരോപണം.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്ളാസ്ഫോര്‍ തസ്തികയില്‍ 14,000 ത്തോളം ഒഴിവ് നികത്താന്‍ എഫ്.സി.ഐ മാനേജ്മെന്‍റ് തീരുമാനിച്ചിരുന്നു. എന്നാല്‍, കരാര്‍ ജീവനക്കാരെ ഒഴിവാക്കി പുതിയ നിയമനം നടത്താനാണ് ഉദ്ദേശിക്കുന്നത്.
30 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന കരാറുകാരെ ഒഴിവാക്കുന്നത് പ്രതിഷേധത്തിന് കാരണമാകുമെന്ന് ഭയന്നാണ് സ്ഥലംമാറ്റ തന്ത്രത്തിലൂടെ ജീവനക്കാരെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്. ജീവനക്കാരെ സ്ഥലംമാറ്റുന്നതിനുള്ള ഉത്തരവ് ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങും.
ഈ ജീവനക്കാരില്‍ പലരും അര്‍ബുദം ഉള്‍പ്പെടെ മാരക രോഗങ്ങള്‍ ബാധിച്ചവരാണ്. ഡിപ്പോകളില്‍ ധാന്യങ്ങള്‍ കേടാകാതിരിക്കാനും എലി, പാറ്റ പോലുള്ളവയെ നശിപ്പിക്കാനും ഉപയോഗിക്കുന്ന കീടനാശിനികള്‍ ഇവരുടെ ജീവിതത്തില്‍ സാരമായി ബാധിച്ചിട്ടുമുണ്ട്. രാജ്യത്താകമാനം എഫ്.സി.ഐ ഡിപ്പോകളില്‍ 14,000 ത്തോളം ക്ളാസ്ഫോര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. കേരളത്തില്‍ മാത്രം 400 ഒഴിവുണ്ട്. 2004ന് ശേഷം നിയമനം നടന്നിട്ടില്ല. ജീവനക്കാര്‍ വിരമിച്ചപ്പോള്‍ താല്‍ക്കാലികക്കാരെ വെച്ചാണ് പ്രവര്‍ത്തനം മുന്നോട്ടുനീക്കിയത്.
ജീവിതത്തിന്‍െറ നല്ലകാലം മുഴുവന്‍ ഇവിടെ താല്‍ക്കാലികക്കാരായി സേവനമനുഷ്ഠിച്ചവരെ ഒഴിവാക്കാനാണ് പുതിയ നീക്കം. പ്യൂണ്‍, മെസഞ്ചര്‍, ഡെസ്റ്റിങ് ഓപറേറ്റര്‍, പിക്കര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.