ഹൃദ്രോഗ ചികിത്സ: ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം
text_fieldsകോഴിക്കോട്: ഹൃദ്രോഗ വ്യാപനത്തില്‍ കേരളം ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗനിര്‍ണയം നടത്തുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി (ഐ.സി.സി) കേരളാ ചാപ്റ്റര്‍ സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനം അഭിപ്രായപ്പെട്ടു.
പ്രസിഡന്‍റ് ഡോ. വി.വി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹൃദ്രോഗ നിര്‍ണയം നേരത്തേ നടത്താന്‍ പൊതുജനാവബോധം സൃഷ്ടിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിനും ആരോഗ്യ മേഖലക്കും മുഖ്യപങ്ക് വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയാരോഗ്യം, രോഗപ്രതിരോധം, ചികിത്സ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ അടിസ്ഥാനപരമായ മാറ്റങ്ങളും പുതിയ തുടക്കവും ആവശ്യമാണെന്ന് ഐ.സി.സി ഓര്‍ഗനൈസിങ് സെക്രട്ടറിയും പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫാ ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. കെ.പി. ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലകളില്‍ നേരിട്ടിടപെടേണ്ട സാഹചര്യം നിലനില്‍ക്കുന്നതായി ഐ.സി.സി നിയുക്ത ദേശീയ പ്രസിഡന്‍റും കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ ചീഫ് കാര്‍ഡിയോളജിസ്റ്റുമായ ഡോ. പി.കെ. അശോകന്‍ പറഞ്ഞു. ഹൃദ്രോഗത്തിന്‍െറ വിവിധ ശാസ്ത്രീയ വശങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കല്‍, ചികിത്സയിലെ നൂതനരീതികള്‍, സാങ്കേതിക വിദ്യകള്‍, ആധുനിക ഒൗഷധങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.