കോളറക്ക് മുഖ്യകാരണം കുടിവെള്ളത്തിലെ മാലിന്യമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്
text_fieldsപാലക്കാട്: കുടിവെള്ള വിതരണത്തിലെ അശാസ്ത്രീയതയും പൊതുസ്ഥലത്തെ മല-മൂത്ര വിസര്‍ജനവുമാണ് പാലക്കാട്, മലപ്പുറം ജില്ലകളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമെന്ന് ആരോഗ്യ വിദഗ്ധരുടെ റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് നിര്‍ദേശപ്രകാരം പാലക്കാട്, മലപ്പുറം ജില്ലകളില്‍ എപ്പിഡമിയോളജിസ്റ്റ് ഡോ. എ. സുകുമാരന്‍െറ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാലക്കാട് ജില്ലയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്ത ചിറ്റൂര്‍ താലൂക്കിലെ പട്ടഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വയലിനോട് ചേര്‍ന്നുകിടക്കുന്ന കിണറുകളില്‍നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. മഴ പെയ്യുന്നതോടെ അഴുക്ക് മുഴുവന്‍ കിണറിലത്തെും. കൂടുതല്‍ ശുചീകരണം നടത്താതെയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. പ്രദേശത്ത് പൊതുസ്ഥലത്ത് മല-മൂത്ര വിസര്‍ജനം നടത്തുന്നവരുടെ എണ്ണം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറത്ത് കോളറ റിപ്പോര്‍ട്ട് ചെയ്ത കുറ്റിപ്പുറത്തും സ്ഥിതി വ്യത്യസ്തമല്ല. മഴ കനക്കുന്നതോടെ അഴുക്കുചാല്‍ നിറഞ്ഞ് മാലിന്യം റോഡിലേക്കാണ് എത്തുന്നത്. റോഡും അഴുക്കുചാലും ഒന്നാകുന്ന അവസ്ഥയാണ് അവിടെയുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ അഴുക്കുചാലില്‍നിന്ന് ഒഴുകിയത്തെിയ മാലിന്യം പ്രദേശത്തെ ഹോട്ടലുകളിലെ നിലത്ത് എത്തുന്ന അവസ്ഥ വരെയുണ്ടായി. അതിന് സമീപമാണ് ഹോട്ടലുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കോളറ പടരുന്നതിന് അത് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്.
നഗരങ്ങളില്‍ കുടിവെള്ള സ്രോതസ്സും കക്കൂസ് ടാങ്കുകളും തമ്മിലെ അകലം കുറവാണെന്നും കോളറ ഉള്‍പ്പെടെ രോഗങ്ങള്‍ പടര്‍ത്തുന്ന ബാക്ടീരിയകള്‍ ഇതിലൂടെ വെള്ളത്തില്‍ കലരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഡോ. എ. സുകുമാരന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മാലിന്യ നിര്‍മാര്‍ജനത്തില്‍ സാമൂഹിക അവബോധം സൃഷ്ടിച്ചാല്‍ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കാന്‍ സാധിക്കൂ. മഴക്കാല പൂര്‍വ ശുചീകരണം പൂര്‍ണരീതിയില്‍ ഫലവത്താകുന്നില്ല. ഇത് ഫലപ്രദമാക്കാന്‍ കുറ്റമറ്റ സംവിധാനം രൂപപ്പെടുത്തണം.
ശുചീകരണപ്രവര്‍ത്തനം സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം. എല്ലാ വകുപ്പുകളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കി പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത് കോളറ പോലുള്ള രോഗങ്ങള്‍ തടയുന്നതിന് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.