സെക്രട്ടേറിയറ്റിലെ പഴയ മന്ദിരം പൈതൃക കെട്ടിടമാക്കി സംരക്ഷിക്കും
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളും ക്ളോക് ടവറും ഉള്‍പ്പെടുന്ന പഴയ മന്ദിരം പൈതൃക കെട്ടിടം എന്ന നിലയില്‍ സംരക്ഷിക്കാന്‍ ആലോചന. ചുണ്ണാമ്പുമിശ്രിതംകൊണ്ട് നിര്‍മിച്ച ഈ കെട്ടിടം 1869 ആഗസ്റ്റിലാണ് ഉദ്ഘാടനം ചെയ്തത്. ചില മന്ത്രിമാരുടെ ഓഫിസും സെക്രട്ടറിമാരുടെ ഓഫിസുകളും ഇതിലാണ് പ്രവര്‍ത്തിക്കുന്നത്. ആഭ്യന്തരം, നിയമം, പൊതുഭരണത്തിലെ ചില ഓഫിസുകള്‍, മൃഗസംരക്ഷണം, ഉന്നത വിദ്യാഭ്യാസം, നികുതി തുടങ്ങിയ വകുപ്പുകള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനോഹരമായ നിര്‍മാണരീതി അവലംബിച്ചിരിക്കുന്ന കെട്ടിടം രണ്ട് നിലകളിലുള്ളതാണ്. തടികൊണ്ട് നിര്‍മിച്ച ഗോവണിയും ഇടനാഴിയും ഏറെ ശ്രദ്ധേയമാണ്. പൈതൃക സ്മാരകമാക്കാനുള്ള ആലോചനകള്‍ പൊതുഭരണ വകുപ്പില്‍ നടന്നുവരുകയാണ്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ മറ്റ് സ്ഥലത്തേക്ക് മാറ്റും. രണ്ടാമത്തെ അനക്സും പൂര്‍ത്തിയായതോടെ യഥേഷ്ടം സ്ഥലം ഇപ്പോള്‍ സെക്രട്ടേറിയറ്റിനുണ്ട്. ഇതിലേക്ക് ചില വകുപ്പുകള്‍ മാറിയിട്ടുണ്ട്. എന്നാല്‍ ചില വകുപ്പുകള്‍ മാറാന്‍ തയാറായിട്ടുമില്ല.
സെക്രട്ടേറിയറ്റ് വളപ്പിലെ പഴയ നിയമസഭാ മന്ദിരം നേരത്തേ പൈതൃക സ്മാരകമാക്കി മാറ്റിയിരുന്നു. ആദ്യത്തെ സെക്രട്ടേറിയറ്റ് കെട്ടിടം ഇതായിരുന്നു. പിന്നീട് ഇവിടെ രണ്ടുവശങ്ങളും പുതിയ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിച്ചു. പുതിയ ബ്ളോക്കുകള്‍ ഇതുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. അതേസമയം മനോഹരമായ ഈ കെട്ടിടം വികൃതമായ നിലയിലാണിപ്പോള്‍. ഇടനാഴികളിലൊക്കെ ഇപ്പോള്‍ എ.സികളുടെ യൂനിറ്റ് സ്ഥാപിച്ചിരിക്കുകയാണ്. എ.സി വേണ്ടാത്ത വിധമാണ് കെട്ടിടം നിര്‍മിച്ചതെങ്കിലും പിന്നീട് മിക്ക ഭാഗത്തും എ.സി സ്ഥാപിക്കുകയായിരുന്നു. ഇടനാഴിയുടെ ചുവരുകള്‍ വികൃതമാകുംവിധം വയറുകള്‍ വലിച്ചിട്ടുമുണ്ട്. ഭരണനവീകരണ പദ്ധതിയില്‍ ലോകബാങ്ക് സഹായത്തോടെ കോടികള്‍ വായ്പ എടുത്ത് മുടക്കിയിട്ടും ഇതൊന്നും പരിഗണിച്ചതേയില്ല.
1865 ഡിസംബര്‍ ഏഴിന് ആയില്യം തിരുനാളാണ് സെക്രട്ടേറിയറ്റ് മന്ദിരത്തിന് തടക്കല്ലിട്ടത്. സെക്രട്ടേറിയറ്റ് കെട്ടിടനിര്‍മാണത്തിന്‍െറ ബാക്കിപത്രമാണ് ചെങ്കല്‍ചൂള കോളനി. മൂന്നുവര്‍ഷവും എട്ടു മാസവും എടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പുതിയ നിയമസഭ ഉണ്ടാക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടി വന്നുവെന്നതാണ് പുതിയ അനുഭവം. നേരത്തേ നിയമസഭ തന്നെ പി.എം.ജിയിലെ പടുകൂറ്റന്‍ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
അധികാര വികേന്ദ്രീകരണത്തിലൂടെ സെക്രട്ടേറിയറ്റില്‍ കേന്ദ്രീകരിച്ചിരുന്ന അധികാരങ്ങള്‍ താഴേതട്ടിലേക്ക് കൈമാറിയെന്നാണ് വെപ്പെങ്കിലും സെക്രട്ടേറിയറ്റ് അനുദിനം വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. പുറത്ത് പുതിയ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി വന്നുകൊണ്ടേയിരിക്കുന്നു. പബ്ളിക് ഓഫിസിലെയും ആദ്യ കെട്ടിടം ഏറെ പഴക്കമുള്ളതും മനോഹരവുമാണ്. നിയമസഭാ കെട്ടിടത്തിന് പിന്‍വശവും വികാസ് ഭവനിലും അനവധി ഓഫിസുകള്‍ വന്നു. ഓരോ വകുപ്പും തങ്ങളുടെ ഓഫിസ് സമുച്ചയങ്ങളും നിര്‍മിക്കുന്നുണ്ട്. തദ്ദേശവകുപ്പിനും പട്ടിക വിഭാഗ വകുപ്പിനും ഇപ്രകാരം ഓഫിസ് സമുച്ചയങ്ങളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.