എസ്.ഡി.പി.ഐക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
text_fieldsതിരുവനന്തപുരം: എസ്.ഡി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. കൊല നടത്താൻ പരിശീലനം നൽകുന്ന സംഘടനയാണ് എസ്.ഡി.പി.ഐ. സംഘടനയുടെ പ്രവർത്തനം ഗൗരവമായി പരിശോധിക്കും. വേളം കൊലപാതകത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടി എടുക്കും. സ്റ്റേഷനിൽ എസ്.ഡി.പി.ഐക്ക് സൽക്കാരം നൽകുന്ന കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കോഴിക്കോട് കുറ്റ്യാടി വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസറുദ്ദീന്‍ കുത്തേറ്റു മരിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലീഗ് പ്രവര്‍ത്തകന്‍റെ മരണം രാഷ്ട്രീയ വിരോധം മൂലമാണ്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി. സ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്.ഡി.പി.ഐയോട് മുഖ്യമന്ത്രിക്ക് മൃദുസമീപനമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ആർ.എസ്.എസും എസ്.ഡി.പി.ഐയും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുറ്റ്യാടി കൊലപാതകത്തില്‍ പ്രത്യേക അന്വേഷണസംഘം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എസ്.ഡി.പി.ഐയും പൊലീസും തമ്മില്‍ അവിഹിതബന്ധമുണ്ടെന്നും അതിനാല്‍ കൊലപാതകം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നും കുറ്റ്യാടി എം.എൽ.എ പാറക്കല്‍ അബ്ദുള്ള ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘമെന്ന ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. അടിയന്തപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.