മലബാര്‍ സിമന്‍റ്സ് അഴിമതി: നീതിയുക്ത അന്വേഷണം വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്സ് ഫാക്ടറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് ഹൈകോടതി. വീഴ്ചയുണ്ടെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ബി. കെമാൽപാഷ വ്യക്തമാക്കി. അഴിമതി സംബന്ധിച്ച് മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ് ഹൈകോടതിയെ അറിയിച്ചു. ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്‍റര്‍ ജനറൽ സെക്രട്ടറി ജോയ് കൈതാരം നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു ഹൈകോടതിയുടെ നിർദേശം.
ത്വരിതാന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടിട്ടും പ്രതികള്‍ക്കെതിരെ കേസെടുക്കാത്തതിനെ കടുത്ത ഭാഷയില്‍ ഹൈകോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതേതുടർന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ നിര്‍ദേശ പ്രകാരം വ്യവസായി വി.എം. രാധാകൃഷ്ണന്‍, ഫാക്ടറി മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാര്‍, ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് എന്നിവരടക്കം ആറു പേരെ പ്രതികളാക്കി പാലക്കാട് ഡിവൈ.എസ്.പി സുകുമാരന്‍ രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തത്. സിമന്‍റ് ഉല്‍പാദനത്തിനാവശ്യമായ ഫൈ്ള ആഷ് ഇറക്കുമതി ചെയ്യാനുള്ള കരാറുമായി ബന്ധപ്പെട്ടും ബാങ്ക് ഗാരണ്ടി നല്‍കിയതിലുമുള്ള ക്രമക്കേടിനാണ് ഒരു കേസ്.
ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് ഇതില്‍ ഒന്നാംപ്രതിയാണ്. മലബാര്‍ സിമന്‍റ്സ് മുന്‍ മാനേജിങ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി രണ്ടും വ്യവസായി വി.എം. രാധാകൃഷ്ണന്‍ മൂന്നും ഫൈ്ള ആഷ് കരാറില്‍ ഉള്‍പ്പെട്ട എ.ആര്‍.കെ കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. വടിവേലു നാലും പ്രതികളാണ്.
സിമന്‍റ് ഡീലര്‍മാര്‍ക്ക് വിവിധ കാലങ്ങളില്‍ ഇളവ് നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് രണ്ടാമത്തെ കേസില്‍ ആരോപിക്കുന്നത്. ഈ കേസിലാണ് മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാര്‍, മാര്‍ക്കറ്റിങ് ഡെപ്യൂട്ടി മാനേജര്‍ ജി. വേണുഗോപാല്‍ എന്നിവര്‍ പ്രതികളായത്.
ചുണ്ണാമ്പ് കല്ല്, ഫൈ്ള ആഷ് ഇറക്കുമതിയിൽ ഉള്‍പ്പെടെ 2.70 കോടിയുടെ ക്രമക്കേട് വിജിലന്‍സ് ദ്രുതാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനം ബാങ്ക് ഗാരന്‍റി പുതുക്കാതെ കരാര്‍ നിലനിര്‍ത്തിയതിലും ക്രമക്കേട് ബോധ്യപ്പെട്ടിരുന്നു. ഈ കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈകോടതി നേരത്തെ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.