സിമന്‍റ് വില കുതിക്കുന്നു; നിര്‍മാണ മേഖല പ്രതിസന്ധിയില്‍
text_fieldsകൊച്ചി: സംസ്ഥാനത്ത് സിമന്‍റ് വില കുതിക്കുന്നു. നിര്‍മാണ ബജറ്റ് അട്ടിമറിച്ചുള്ള വിലവര്‍ധന തുടരുന്നതിനാല്‍ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ക്ക് വില വര്‍ധന ഇല്ലാതിരിക്കെ അകാരണമായാണ് അടിക്കടിയുള്ള സിമന്‍റ് വില വര്‍ധനയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രമുഖ കമ്പനികളുടെ 50 കിലോ പാക്കറ്റിന് തിങ്കളാഴ്ച 430 രൂപയാണ് വില. ഇതേ സിമന്‍റ് കര്‍ണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ 275 മുതല്‍ 300 രൂപവരെ നിരക്കിലാണ് വില്‍ക്കുന്നത്. ഈ സംസ്ഥാനങ്ങളിലേക്ക് സിമന്‍റ് അയക്കുന്നതിന് ഒരു പാക്കറ്റിന് 50 രൂപവരെയാണ് ചരക്ക് കടത്തുകൂലി നിശ്ചയിച്ചിട്ടുള്ളത്.
എന്നാല്‍, കേരളത്തിലേക്ക് കമ്പനികള്‍ ഏകപക്ഷീയമായി 150 രൂപവരെ കടത്തുകൂലി നിശ്ചയിച്ചാണ് കൂടിയ വില ഈടാക്കുന്നത്. സിമന്‍റ് മാനുഫാക്ചറേഴ്സ് അസോസിയേഷനാണ് ഏകപക്ഷീയമായി വിലയും കടത്തുകൂലിയുമെല്ലാം നിശ്ചയിക്കുന്നതെന്ന് ഡീലര്‍മാര്‍ പറയുന്നു. അവര്‍ നിശ്ചയിക്കുന്ന വിലക്ക് വിറ്റാല്‍ത്തന്നെ ഡീലര്‍മാരുടെ കമീഷന്‍ മാസങ്ങളോളം വൈകുകയും ചെയ്യും.
കേരളത്തില്‍ സിമന്‍റ് ഉല്‍പാദനം കുറവാണെന്നതും വര്‍ധിക്കുന്ന കെട്ടിട നിര്‍മാണവുമാണ് ഇവിടേക്ക് അയക്കുന്ന സിമന്‍റിന് തോന്നുന്ന വിലയിടാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നതെന്നാണ് ഡീലര്‍മാര്‍ വിശദീകരിക്കുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെല്ലാം നിരവധി സിമന്‍റ് നിര്‍മാണ കമ്പനികളുണ്ട്. അതിനാല്‍തത്തന്ന, അവിടേക്കയക്കുന്ന സിമന്‍റിന് വില വര്‍ധിപ്പിച്ചാല്‍ ജനങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടും. തമിഴ്നാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നിയന്ത്രിത അളവില്‍ 50 കിലോ പാക്കറ്റ് 190 രൂപ നിരക്കില്‍ സിമന്‍റ് ലഭ്യമാക്കുന്നുമുണ്ട്. പൊതു-സ്വകാര്യ മേഖലയില്‍ വന്‍തോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പ്രതിമാസം ആറു ലക്ഷം ടണ്‍ സിമന്‍റാണ് കേരളത്തില്‍ വിറ്റഴിയുന്നത്.
അതുകൊണ്ടുതന്നെ, എന്തുവില നിശ്ചയിച്ചാലും സിമന്‍റ് വാങ്ങുമെന്ന് കമ്പനികള്‍ക്കറിയാം. സംസ്ഥാന സര്‍ക്കാറിനാകട്ടെ വില വര്‍ധിക്കുന്നതനുസരിച്ച് വില്‍പന നികുതി വരുമാനം കൂടുകയും ചെയ്യും. സിമന്‍റിന് 15 ശതമാനം വരെയാണ് വില്‍പന നികുതി. അതേസമയം, ഉയര്‍ന്ന നിരക്കില്‍ സിമന്‍റ് വാങ്ങേണ്ടിവരുന്നത് നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ബില്‍ഡര്‍മാരുടെ കൂട്ടായ്മയായ ‘ക്രെഡായി’യുടെ സംസ്ഥാന സെക്രട്ടറി നജീബ് സകരിയ്യ പറഞ്ഞു.
സിമന്‍റ് വില വര്‍ധിക്കുന്നതനുസരിച്ച് നിര്‍മാണച്ചെലവ് കുതിച്ചുയരുകയാണെന്ന് അദ്ദേഹം പറഞ്ഞു. വില വര്‍ധനക്കെതിരെ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ക്കും കോമ്പറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യക്കും അടിക്കടിയുള്ള വില വര്‍ധനയുടെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് സിമന്‍റ് നിര്‍മാണ കമ്പനികള്‍ക്കും പലവട്ടം പരാതി നല്‍കിയിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കുറയുന്ന സമയമെന്ന നിലക്ക് മുമ്പൊക്കെ, വര്‍ഷകാലത്ത് സിമന്‍റ്വില അല്‍പം താഴുമായിരുന്നു. എന്നാല്‍, ഇക്കുറി വില കുറച്ചില്ളെന്നു മാത്രമല്ല, വര്‍ധിപ്പിക്കുകയും ചെയ്തു. ഏതെങ്കിലും ഒരു ബ്രാന്‍ഡിന് മാത്രമായി വില വര്‍ധിപ്പിച്ചാല്‍ കെട്ടിട നിര്‍മാതാക്കള്‍ ബഹിഷ്കരിക്കുമെന്ന് അറിയാവുന്നതിനാല്‍ സിമന്‍റ് നിര്‍മാതാക്കള്‍ യോജിച്ചാണ് വില വര്‍ധിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.