‘ആത്മ’ ജീവനക്കാര്‍ക്ക് ആറുമാസമായി ശമ്പളമില്ല
text_fieldsകോട്ടയം: ആധുനിക കൃഷിരീതികളുടെ വ്യാപനത്തിനായി രാജ്യത്ത് രൂപം നല്‍കിയ അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്‍റ് ഏജന്‍സി (ATMA) യുടെ കീഴിലെ ജീവനക്കാര്‍ക്ക് ഫെബ്രുവരി മുതല്‍ ശമ്പളം മുടങ്ങി. സംസ്ഥാനത്തെ 14 ജില്ലകളിലും നിയമിതരായ ബ്ളോക് ടെക്നോളജി മാനേജര്‍ (ബി.ടി.എം), അസി. ടെക്നോളജി മാനേജര്‍ (എ.ടി.എം) ഉള്‍പ്പെടെയുള്ള ആയിരത്തോളം കരാര്‍ ജീവനക്കാരാണ് പ്രതിസന്ധിയിലായത്. കലക്ടര്‍ ചെയര്‍മാനായുള്ള ബോര്‍ഡ് മുഖേന ബ്ളോക് അടിസ്ഥാനത്തില്‍ ഒരു ടെക്നോളജി മാനേജരെയും ഒരു അസി. ടെക്നോളജി മാനേജരെയുമാണ് 2012ല്‍ നിയമിച്ചത്. പിന്നീട് ജോലിഭാരം കണക്കിലെടുത്ത് ഒരു എ.ടി.എമ്മിനെ കൂടുതല്‍ നിയമിച്ചിരുന്നു. അഗ്രികള്‍ച്ചര്‍ അസി. ഡയറക്ടര്‍ ഓഫിസ് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
കൃഷി മുഖ്യവിഷയമായ ബിരുദം അടിസ്ഥാനയോഗ്യതയായ ബി.ടി.എമ്മിന് 20,000 രൂപയും വി.എച്ച്.എസ്.സി കൃഷി ഡിപ്ളോമ യോഗ്യത വേണ്ട എ.ടി.എമ്മിന് 8,500 രൂപയുമായിരുന്നു വേതനം. പിന്നീട് വേതനവര്‍ധന യഥാക്രമം 25,000, 15,000 എന്നിങ്ങനെ വര്‍ധിപ്പിച്ചിരുന്നു. കര്‍ഷകര്‍ക്ക് ട്രെയ്നിങ്, ഗ്രൂപ്പുകള്‍ക്കുള്ള പരിശീലനം, വിവിധ കാര്‍ഷികരീതികള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഡെമോണ്‍സ്ട്രേഷനുകള്‍, നൂതന കൃഷി സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് പകര്‍ന്നുനല്‍കല്‍, കൂട്ടുകൃഷി, ദരിദ്രകര്‍ഷകര്‍ക്ക് ഫണ്ട് ലഭ്യമാക്കാനുള്ള സഹായം, ഗവേഷണങ്ങള്‍, ഫാം സ്കൂള്‍ പ്രവര്‍ത്തനം, ശാസ്ത്രജ്ഞരും കര്‍ഷകരുമായുള്ള ഇടപെടല്‍, വാര്‍ഷികാടിസ്ഥാനത്തിലുള്ള കൃഷി പ്ളാനിങ് ഇതുമായി ബന്ധപ്പെട്ട ചുമതലകളാണ് ആത്മ ജീവനക്കാര്‍ നിര്‍വഹിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്‍െറ കാര്‍ഷികനയത്തിന്‍െറ ഭാഗമായാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആത്മ നടപ്പാക്കിയത്. കൃഷി, വെറ്ററിനറി, ഫിഷറീസ് മേധാവികള്‍ ബോര്‍ഡില്‍ അംഗങ്ങളാണ്. കൃഷി ഡയറക്ടറേറ്റില്‍ സംസ്ഥാന നോഡല്‍ ഓഫിസും ജില്ലയില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസുകള്‍ കേന്ദ്രമാക്കിയുമാണ് പ്രവര്‍ത്തനം.
മുന്‍സര്‍ക്കാറിന്‍െറ കാലത്ത് വേതനം മുടങ്ങിയ സാഹചര്യമുണ്ടായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെട്ട് ധനകാര്യ വകുപ്പില്‍നിന്ന് ആവശ്യമായ ഫണ്ട് റിലീസിങ്ങിന് നിര്‍ദേശം നല്‍കി പ്രശ്നം പരിഹരിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ വലിയ കാര്‍ഷികവിപ്ളവത്തിന് ഇടയാക്കിയ കര്‍ഷകസൗഹൃദ പദ്ധതിയാണ് സംസ്ഥാനത്ത് കൃഷിവകുപ്പിന്‍െറ അനാസ്ഥയില്‍ മുടന്തുന്നത്. ലക്ഷ്യമിട്ട രീതിയിലുള്ള പ്രവര്‍ത്തനത്തിനാവശ്യമായ പിന്തുണ പുതിയ സര്‍ക്കാറില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയാണ് ജീവനക്കാര്‍ക്ക്. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെ സന്ദര്‍ശിച്ച ജീവനക്കാരുടെ പ്രതിനിധികള്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ ബോധ്യപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.