സ്ഥാനമാറ്റം: ടി.പി സെൻകുമാറിൻെറ ഹരജി തള്ളി
text_fieldsകൊച്ചി: ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ മുന്‍ ഡി.ജി.പി സെന്‍കുമാര്‍ നല്‍കിയ ഹരജി കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ (സി.എ.ടി) തള്ളി. സെന്‍കുമാറിനെ ചുമതലയില്‍നിന്ന് ഒഴിവാക്കിയതിന് സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചായിരുന്നു ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായ ട്രൈബ്യൂണലിന്‍െറ വിധി. പ്രകാശ് സിങ് കേസിലെ സുപ്രീംകോടതി വിധിയിലെ മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്.
ഒരു തസ്തികയില്‍ ചുമതലയേറ്റാല്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നത് വരെ സ്ഥലം മാറ്റരുതെന്നാണ് മാര്‍ഗനിര്‍ദേശം. അതിനാല്‍ തന്നെ മാറ്റിയത് കോടതി ഉത്തരവിന്‍െറ ലംഘനമാണെന്നായിരുന്നു സെന്‍കുമാറിന്‍െറ വാദം. എന്നാല്‍, അതത് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തുന്നത് വരെയായിരിക്കും ഉത്തരവിന്‍െറ കാലാവധിയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.
2011ല്‍ കേരള പൊലീസ് ആക്ട് നിലവില്‍ വന്നു. ഈ നിയമത്തിന്‍െറ 19 (2) ഇ പ്രാകരം ജോലിയില്‍ വീഴ്ച സംഭവിച്ചാല്‍ ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. ഇതനുസരിച്ച് നിയമിച്ച കമീഷന്‍, സെന്‍കുമാറിന്‍െറ പ്രകടനം വിലയിരുത്തുകയും സ്ഥലം മാറ്റാന്‍ ശിപാര്‍ശ ചെയ്യുകയുമായിരുന്നു. കമീഷന് ഏതെങ്കിലും തരത്തില്‍ സെന്‍കുമാറിനോട് വ്യക്തിവരോധം ഉണ്ടെന്ന് അനുമാനിക്കാനാവില്ളെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
ഗുജറാത്ത് മുന്‍ ഡി.ജി.പി പി.സി. പാണ്ഡേയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന പൊലീസ് മേധാവിപോലുള്ള നിര്‍ണായക പദവികളില്‍ തങ്ങള്‍ക്ക് വിശ്വാസമുള്ളവരെ നിയമിക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി നിലവിലുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാറിന്‍െറ അധികാരത്തില്‍ ഇടപെടേണ്ട കാര്യവുമില്ല. അതേസമയം, സംസ്ഥാന പൊലീസ് മേധാവിയെന്ന നിലയില്‍ സെന്‍കുമാര്‍ വാങ്ങിയിരുന്ന ശമ്പളത്തില്‍ കുറവ് വരുത്താന്‍ പാടില്ളെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.
ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. മുമ്പ് ചുമതലയുണ്ടായിരുന്ന പദവിയിലുള്ളതിനേക്കാള്‍ താഴ്ന്ന സ്കെയിലുള്ള തസ്തികയിലാണ് ഇപ്പോള്‍ സെന്‍കുമാറിനെ നിയമിച്ചത്. ശമ്പള കമീഷന്‍ ശിപാര്‍ശ പ്രകാരമുള്ള അദ്ദേഹത്തിന്‍െറ ആനുകൂല്യങ്ങളെ ബാധിക്കാന്‍ ഇത് ഇടയാക്കിയേക്കും. എന്നാല്‍, ഉയര്‍ന്ന ശമ്പളം നിലനിര്‍ത്തി വേണം പുതിയ തസ്തികയില്‍ തുടരാന്‍ അനുവദിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഒരുമാസത്തിനകം സര്‍ക്കാര്‍ പുറത്തിറക്കണമെന്നും ട്രൈബ്യൂണല്‍ വിധിയില്‍ വ്യക്തമാക്കി. പുറ്റിങ്ങല്‍, ജിഷ വധക്കേസ് അന്വേഷണം എന്നീ കേസുകളില്‍ വീഴ്ച സംഭവിച്ചതായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ട്രൈബ്യൂണലിന്‍െറ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.