ഹജ്ജ് തീര്‍ഥാടകര്‍ക്ക് 54 കിലോ ലഗേജ് അനുവദിക്കും
text_fieldsകരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇത്തവണ ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ക്ക് 54 കിലോഗ്രാം ലഗേജ് അനുവദിക്കും. ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കി. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ബാഗേജുകളാണ് യാത്രക്ക് ഉപയോഗിക്കേണ്ടതെന്ന് സര്‍ക്കുലറില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം രാജ്യത്തെ എല്ലാ തീര്‍ഥാടകര്‍ക്കും ഒരേ തരത്തിലെ ബാഗുകള്‍ക്കായി കേന്ദ്ര ഹജ്ജ് കമ്മിറ്റി 5,100 രൂപ ഈടാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇത്തവണ ഒഴിവാക്കുകയായിരുന്നു. 22 കിലോ ഭാരം ഉള്‍ക്കൊള്ളുന്ന രണ്ട് ബാഗുകളും 10 കിലോ ഉള്‍ക്കൊള്ളുന്ന ഹാന്‍ഡ് ബാഗുമാണ് അനുവദിച്ചിട്ടുള്ളത്. തുന്നിക്കെട്ടിയ പ്ളാസ്റ്റിക് ചാക്ക് അടക്കമുള്ളവ നിരോധിച്ചിട്ടുണ്ട്. ഗുണനിലവാരവും ഉറപ്പുമുള്ള ബാഗുകളായിരിക്കണം കൊണ്ടുപോകേണ്ടത്. ബാഗില്‍ രാജ്യം, പേര്, പാസ്പോര്‍ട്ട് നമ്പര്‍, കവര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ എഴുതണം. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ യാത്രയാകുന്നവര്‍ക്ക് ബാഗില്‍ പതിക്കാന്‍ പ്രത്യേക സ്റ്റിക്കര്‍ ഹജ്ജ് പഠന ക്ളാസില്‍ വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ മിന ദുരന്തത്തെ തുടര്‍ന്ന് മശാഅര്‍ ട്രെയിന്‍ വഴി യാത്ര ചെയ്യാനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മുന്‍വര്‍ഷത്തേതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ട്രെയിന്‍ മുഖേനയുള്ള തീര്‍ഥാടകരുടെ എണ്ണം കുറക്കാനാണ് തീരുമാനം. ഇന്ത്യയില്‍നിന്ന് 35,000ത്തോളം തീര്‍ഥാടകര്‍ക്ക് ഇത്തവണ ബസ് മുഖേന യാത്ര ചെയ്യാനാണ് നിര്‍ദേശം വന്നിരിക്കുന്നത്.
എംബാര്‍ക്കേഷന്‍ പോയന്‍റ് കരിപ്പൂരില്‍തന്നെ നിലനിര്‍ത്തുമെന്ന് മന്ത്രി ജലീല്‍
സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് കരിപ്പൂരില്‍തന്നെ നിലനിര്‍ത്തുമെന്ന് ഹജ്ജ്കാര്യ ചുമതലയുള്ള തദ്ദേശ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ താല്‍ക്കാലിക ഹജ്ജ് ക്യാമ്പിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂരിന് പുറമെ നെടുമ്പാശ്ശേരിയില്‍നിന്നുകൂടി ഹജ്ജ് സര്‍വിസ് ആരംഭിക്കണമെന്ന നിര്‍ദേശം അപ്രായോഗികമാണ്. രാജ്യത്തെ 21 എംബാര്‍ക്കേഷന്‍ പോയന്‍റുകളില്‍ ഒന്നാണ് കേരളത്തിലേത്. കേരളം പോലെ ചെറിയ ഒരു സംസ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ എംബാര്‍ക്കേഷന്‍ പോയന്‍റിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുമതി നല്‍കില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജംബോ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ തടസ്സം നേരിട്ടത് മൂലമാണ് എംബാര്‍ക്കേഷന്‍ താല്‍ക്കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. ഈ സാഹചര്യത്തില്‍ നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കുന്നത് സര്‍ക്കാറിന്‍െറ പരിഗണനയില്‍ ഇല്ല. എന്നാല്‍, നെടുമ്പാശ്ശേരിയില്‍നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ കേന്ദ്രം തുടങ്ങുന്ന കാര്യം സിയാലുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
10,100 സീറ്റാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഇക്കുറി അനുവദിച്ചത്. 200 സീറ്റുകൂടി കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കേരളത്തില്‍നിന്ന് 6224 പേരാണ് ഹജ്ജ് കമ്മിറ്റി വഴി പോയത്. അഞ്ചുവര്‍ഷമായി അപേക്ഷ നല്‍കിക്കൊണ്ടിരിക്കുന്ന 8317 പേര്‍ക്കും 70 വയസ്സ് പൂര്‍ത്തിയായ 1627 പേര്‍ക്കും ഇക്കുറി അവസരം നല്‍കിയിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.കെ. ഇബ്രാഹിം കുഞ്ഞ്, സിയാല്‍ എക്സി. ഡയറക്ടര്‍ എ.എം. ഷബീര്‍, ഹജ്ജ് കമ്മിറ്റി സെക്രട്ടറി ഇ.സി. മുഹമ്മദ്, മാസ്റ്റര്‍ ട്രെയിനര്‍ എന്‍.പി. ഷാജഹാന്‍, ജില്ലാ ട്രെയിനര്‍ അഷ്കര്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. ഹജ്ജ് ക്യാമ്പ് ആഗസ്റ്റ് 21ന് വൈകീട്ട് 4.30ന് നെടുമ്പാശ്ശേരിയിലെ വിമാനത്താവള അറ്റകുറ്റപ്പണി കേന്ദ്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ വിമാനം 22ന് ഉച്ചക്ക് ഒന്നിന് പുറപ്പെടും. മന്ത്രി ജലീല്‍ ഫ്ളാഗ്ഓഫ് നിര്‍വഹിക്കും.
കാത്തിരിപ്പ് പട്ടികയിലെ 54 പേര്‍ക്ക് കൂടി അവസരം
ഈ വര്‍ഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് കാത്തിരിപ്പ് പട്ടികയിലുള്‍പ്പെട്ട 54 പേര്‍ക്ക് കൂടി അവസരം ലഭിച്ചു. പട്ടികയില്‍ 305 മുതല്‍ 358 വരെയുള്ളവര്‍ക്കാണ് അവസരം. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഗ്രീന്‍കാറ്റഗറി വിഭാഗത്തിലുള്ളവര്‍ 2,17,150 രൂപയും അസീസിയ കാറ്റഗറിയിലുളളവര്‍ 1,83,300 രൂപയും അടയ്ക്കണം. മുഴുവന്‍ വിമാനക്കൂലിയും അടക്കേണ്ടവര്‍ (റിപ്പീറ്റര്‍) കൂടുതലായി 15,200 രൂപയും അപേക്ഷ ഫോറത്തില്‍ ബലി കര്‍മത്തിന് കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 8,160 രൂപയും അധികം അടയ്ക്കണം. പണമടച്ചതിന്‍െറ പേ ഇന്‍ സ്ളിപ്പും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമടക്കം ജൂലൈ 30നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. നേരത്തേ കാത്തിരിപ്പ് പട്ടികയില്‍ 304 വരെയുള്ളവര്‍ക്ക് അവസരം ലഭിച്ചിരുന്നു. ആഗസ്റ്റ് 22 മുതല്‍ നെടുമ്പാശ്ശേരിയില്‍നിന്നാണ് ഇത്തവണത്തെ ഹജ്ജ് സര്‍വിസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രെയിനര്‍മാരുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
പൊന്നാനിയില്‍നിന്ന് പ്രത്യേക ബസ്
ഹജ്ജ് തീര്‍ഥാടകര്‍ക്ക് പൊന്നാനിയില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പ്രത്യേക ലോഫ്ളോര്‍ സര്‍വിസ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. മലപ്പുറത്തുനിന്ന് കഴിഞ്ഞ വര്‍ഷത്തേതുപോലെ പ്രത്യേക ബസ് സര്‍വിസുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകരുടെ ബാഗേജില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക സ്റ്റിക്കറായിരിക്കും പതിക്കുകയെന്ന് കോട്ടുമല ബാപ്പു മുസ്ലിയാര്‍ അറിയിച്ചു. ബാഗേജുകള്‍ മാറിപ്പോകാതിരിക്കാന്‍ ഇത് സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.