കറന്‍സി പിന്‍വലിക്കല്‍: ബാങ്കുകളുടെ നിലപാട് കള്ളനോട്ട് വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി
text_fieldsകോഴിക്കോട്: പഴയ നോട്ടുകള്‍ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശം വിവിധ ബാങ്ക് ശാഖകള്‍ അവഗണിച്ചതോടെ കള്ളനോട്ട് വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. 2005ന് മുമ്പുള്ള നോട്ടുകള്‍ പിന്‍വലിക്കാനുള്ള ആര്‍.ബി.ഐ നിര്‍ദേശമാണ് ബാങ്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചത്.റിസര്‍വ്ബാങ്ക് തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ബാങ്ക് ഇത്തരം നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഈ മാസം 10ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കള്ള നോട്ട് വ്യാപനം തടയാനും പൂഴ്ത്തിവെച്ച പണം പുറത്തിറക്കാനുമാണ് ആര്‍.ബി.ഐ നിശ്ചിത കാലാവധിക്കുള്ളിലെ നോട്ടുകള്‍ പിന്‍വലിക്കുന്നത്. പഴക്കമേറിയവയുടെ മാതൃകയില്‍ രഹസ്യ കോഡുകള്‍ സഹിതം വ്യാജ നോട്ടുകള്‍ പ്രചരിച്ച് തുടങ്ങുമ്പോഴാണ് പഴയ നോട്ട് പിന്‍വലിക്കുന്നത്.
ഇത് തടയാന്‍ സഹായിക്കുന്നതിന് പകരം ഉപയോക്താക്കളെ വലക്കുന്ന വിധം വിവിധ ബാങ്കുകള്‍ പഴയ നോട്ട് സ്വീകരിക്കാതെ വന്നതോടെ 2005ന് മുമ്പുള്ള പല സീരിയല്‍ നമ്പറുകളിലെ കള്ള നോട്ടുകള്‍ വിപണിയില്‍ വ്യാപകമായി. 2014 ജനുവരിയില്‍തന്നെ നോട്ടുകളുടെ വിതരണം നിര്‍ത്താന്‍ ആര്‍.ബി.ഐ തീരുമാനിച്ചിരുന്നു.2016 ജൂണ്‍ 30 വരെ മാത്രമേ അത്തരം നോട്ടുകള്‍ മാറ്റിയെടുക്കാനാവൂ എന്ന ആര്‍.ബി.ഐ നിര്‍ദേശമാണ് ബാങ്കുകളുടെ ദുര്‍വ്യാഖ്യാനത്തിന് വഴിവെച്ചത്. നിര്‍ദേശം വന്നതോടെ പഴയ നോട്ട് സ്വീകരിക്കേണ്ടെന്ന നിലപാടാണ് ബാങ്കുകള്‍ സ്വീകരിച്ചത്. ഇതോടെ വ്യാപാരികള്‍, കരാറുകാര്‍ തുടങ്ങിയ വന്‍കിടക്കാരുടെയും സാധാരണക്കാരുടെയും ബാങ്ക് ഇടപാടുകള്‍ സ്തംഭിച്ചു.
ജൂലൈ ഒന്നു മുതല്‍ തെരഞ്ഞെടുത്ത ശാഖകളിലൂടെ നോട്ടുകള്‍ തിരിച്ചെടുക്കാനായിരുന്നു ആര്‍.ബി.ഐ തീരുമാനം. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിലെ ശാഖകളിലാണ് ഈ സൗകര്യം.
അതേസമയം, 2005ന് മുമ്പുള്ളവക്കു പകരം നോട്ടു നല്‍കുന്നത് മാത്രമാണ് ആര്‍.ബി.ഐ ശാഖകളിലേക്ക് മാറ്റിയതെന്നും ഇവക്ക് തുടര്‍ന്നും നിയമപരമായി സാധുതയുണ്ടെന്നും ആര്‍.ബി.ഐ നിര്‍ദേശത്തിലെ മുന്നാം ഖണ്ഡികയില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് അവഗണിച്ചാണ് ബാങ്കുകള്‍ പഴയ നോട്ട് ഉപയോഗിച്ചുള്ള ഇടപാടുകള്‍ വിലക്കിയത്. 2005ന് മുമ്പുള്ള നോട്ടുകള്‍ എല്ലാ ബാങ്കുകളും സ്വീകരിക്കുകയും അത് തിരിച്ച് വിതരണത്തിന് നല്‍കാതെ റിസര്‍വ് ബാങ്കില്‍ എത്തിക്കുകയുമാണ് വേണ്ടതെന്ന് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂനിയന്‍ കേരള സര്‍ക്കിള്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ. രാഘവന്‍ അറിയിച്ചു.
ബാങ്കുകളുടെ നിലപാടുമൂലം നിരവധി ഉപയോക്താക്കള്‍ വലഞ്ഞതിന് പുറമെ റിസര്‍വ് ബാങ്കിന്‍െറ ലക്ഷ്യം പാളാനും ഇത് കാരണമായി. പഴയ കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ ബാങ്കുകള്‍ വിലക്കിയെങ്കിലും വ്യാപാര കേന്ദ്രങ്ങളിലും മറ്റും ഇവയുടെ വ്യാപനം തുടരുന്നുണ്ടായിരുന്നു. ഇത് കള്ളനോട്ട് മാഫിയക്ക് സഹായകമായി. ഈ സാഹചര്യത്തില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ ബാങ്ക് ശാഖകള്‍ തയാറാകണമെന്നും എ. രാഘവന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.