തമിഴ്നാട്ടില്‍ വാഹനാപകടം; ആറ് ഇടുക്കി സ്വദേശികള്‍ മരിച്ചു
text_fieldsകുമളി/ചെറുതോണി: വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ ഇടുക്കി തങ്കമണി സ്വദേശികളായ ആറുപേര്‍ തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ തേനി ദേവദാനംപെട്ടിക്ക് സമീപം പരശുരാമപുരത്താണ് അപകടം.തങ്കമണി സ്വദേശികളായ കുരിശുപാറ ഒട്ടലാങ്കല്‍ ഷൈന്‍ (35), മുളനാനിയില്‍ ബേബി (60), നീലിവയല്‍ കരിപ്പാപറമ്പില്‍ ബിനു (34), അച്ഛന്‍കാനം വെട്ടുകാട്ടില്‍ അജീഷ് (31), തോപ്രാംകുടി കനകക്കുന്ന് പടലാംകുന്നേല്‍ മോന്‍സി (35), വെണ്‍മണി പുളിക്കത്തൊട്ടി ഇളംതുരുത്തിയില്‍ ജസ്റ്റിന്‍ (30) എന്നിവരാണ് മരിച്ചത്. തങ്കമണി വാഴയില്‍ ഷൈനിനാണ് (36) പരിക്ക്. ഇദ്ദേഹത്തെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
ടൈല്‍ പണിയുടെ കരാറുകാരനായ വാഴയില്‍ ഷൈന്‍ തന്‍െറ കീഴിലുള്ള ആറ് ജോലിക്കാരുമായി ശനിയാഴ്ചയാണ് വേളാങ്കണ്ണിക്ക് പുറപ്പെട്ടത്. തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുംവഴി ഇവര്‍ സഞ്ചരിച്ച ‘ഗ്രേസ് ബേബി’ എന്ന ടെമ്പോ ട്രാവലര്‍ പരശുരാമപുരത്ത് വളവ് തിരിയുന്നതിനിടെ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രാവലര്‍ മുന്നില്‍ പോയ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. സ്വന്തം ഉടമസ്ഥതയിലുള്ള ട്രാവലര്‍ ബേബിയാണ് ഓടിച്ചത്. ബസ് ഉള്ളിലേക്ക് ഇടിച്ചുകയറിയതിനത്തെുടര്‍ന്ന് ട്രാവലര്‍ പൂര്‍ണമായി തകര്‍ന്നു. ആറുപേരും സംഭവസ്ഥലത്ത് മരിച്ചതായാണ് വിവരം. ബസ് ഡ്രൈവര്‍ ഗോദര്‍ ബാവക്കും (52) 22 യാത്രക്കാര്‍ക്കും പരിക്കുണ്ട്.
ഒട്ടലാങ്കല്‍ കുഞ്ഞൂഞ്ഞിന്‍െറ മകനാണ് ഷൈന്‍. ഭാര്യ: നിഖിത. മകന്‍: നിഷോണ്‍. മാതാവ് : ലില്ലിക്കുട്ടി. സഹോദരങ്ങള്‍: അനീഷ്, നിസ. ബേബിയുടെ ഭാര്യ: മോളി. മക്കള്‍: മനു, മെബിന്‍, മതിയ. ബിനു അവിവാഹിതനാണ്. പിതാവ്: പരേതനായ തോമസ്. മാതാവ്: റോസമ്മ. സഹോദരങ്ങള്‍: ബിജു, മോളി. അപ്പച്ചന്‍-ഡെയ്സി ദമ്പതികളുടെ മകനാണ് അജീഷ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: അനീഷ്, നിഷ. മോന്‍സി അവിവാഹിതനാണ്. പിതാവ്: പരേതനായ ചാക്കോ. മാതാവ്: മേരി. സഹോദരങ്ങള്‍: സോണി, വത്സ, ലിസി, സുനി. ഇളംതുരുത്തിയില്‍ അപ്പച്ചന്‍-ഏലിയാമ്മ ദമ്പതികളുടെ മകനാണ് അവിവാഹിതനായ ജസ്റ്റിന്‍. സഹോദരന്‍: ജയ്സണ്‍. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.