ഹൈകോടതി കെട്ടിടത്തില്‍ പ്രവേശിക്കാൻ ആർക്കും തടസ്സമുണ്ടാകരുത്- ഹൈകോടതി
text_fieldsകൊച്ചി: സര്‍ക്കാറിന്‍െറ പൊതുഖജനാവിലെ പണം കൊണ്ട് നിര്‍മിച്ച ഹൈകോടതി കെട്ടിടത്തില്‍ ഏത് പൗരനും വരാന്‍ തടസ്സമുണ്ടാകരുതെന്ന് ഹൈകോടതി. ഹൈകോടതിയുടെ പുതിയ കെട്ടിട സമുച്ചയം മാത്രമല്ല, അഭിഭാഷകര്‍ ഉപയോഗിക്കുന്ന കെട്ടിടവും സ്ഥലവുമുള്‍പ്പെടെ ജുഡീഷ്യല്‍ നിയന്ത്രണത്തിലുള്ളതാണെന്നും ഡിവിഷന്‍ബെഞ്ച് നിരീക്ഷിച്ചു. ഹൈകോടതിക്കകത്തും പുറത്തും സംഘം ചേരുന്നതും പ്രകടനം നടത്തുന്നതും കൂട്ടം ചേര്‍ന്ന് അഭിപ്രായ പ്രകടനം നടത്തുന്നതും നിരോധിച്ച് ഉത്തരവിട്ടാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ബെഞ്ചിന്‍െറ ഈ നിരീക്ഷണം. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഉത്തരവും നിരീക്ഷണവും. ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ ആറ് മലയാള പത്രങ്ങളിലും രണ്ട് ഇംഗ്ളീഷ് പത്രങ്ങളിലും പ്രസിദ്ധീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കോടതി വളപ്പിലും ചുറ്റുമുള്ള റോഡുകളിലും കോടതിയിലേക്ക് നയിക്കുന്ന റോഡുകളിലെ 200 മീറ്റര്‍ പരിധിക്കകത്തും നിരോധം ബാധകമാണ്. പബ്ളിക് അനൗണ്‍സ്മെന്‍റുള്‍പ്പെടെ ഈ മേഖലയില്‍ പാടില്ല. കോടതിക്കകത്തുള്‍പ്പെടെ ഇതിന് വിരുദ്ധമായ സംഭവങ്ങളുണ്ടായാല്‍ പൊലീസിന് ഇടപെടാം.
ഹൈകോടതിയുടെ പുതിയ കെട്ടിട സമുച്ചയം, കോടതി സ്ഥിതി ചെയ്യുന്നതും ഇതോടനുബന്ധിച്ചുള്ളതുമായ സ്ഥലവും റാം മനോഹര്‍ പാലസ്, അഡ്വക്കറ്റ് ജനറലിന്‍െറ ഓഫിസ്, അഭിഭാഷകര്‍ ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ ഇവയെല്ലം ജുഡീഷ്യല്‍ നിയന്ത്രണത്തിലുള്ളതാണ്. ഈ കെട്ടിടങ്ങള്‍ക്ക് ചുറ്റുമുള്ള റോഡുകള്‍ പൗരന്‍മാര്‍ക്ക് ഉന്നത നീതി പീഠത്തിലേക്ക് ഭയരഹിതരായി കടന്നുവരാനുള്ള മാര്‍ഗമാണ്. ഭരണഘടനാപരമായ രീതിയില്‍ ഹൈകോടതി ഉള്‍പ്പെടെയുള്ള നിയമ സംവിധാനത്തിന്‍െറ പ്രവര്‍ത്തനം ഉറപ്പാക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. സംഘടിതമായി മാത്രമല്ല, ഒറ്റയായോ കൂട്ടമായോ കോടതിയിലേക്ക് എത്തുന്ന പൗരന്‍മാരെ തടയാന്‍ പാടില്ല. നിയമവിരുദ്ധമായ കടന്നുകയറ്റത്തിന്‍േറയോ വിരട്ടലിന്‍േറയോ ലാഞ്ജന പോലും പാടില്ല. ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ പ്രധാന കര്‍ത്തവ്യം പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാണ്. സമൂഹത്തിന്‍െറ പൊതുവായ നിലനില്‍പ്പിന് എല്ലാവര്‍ക്കും നീതി ലഭ്യമാക്കുകയെന്നത് ഒഴിവാക്കാനാവാത്ത ഘടകമാണ്. വ്യക്തിപരമോ കൂട്ടായതോ ആയ എന്തെങ്കിറലും പ്രവൃത്തിയിലൂടെ ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ അന്തസ്സ് താഴ്ത്തിക്കെട്ടാനാവില്ല. ക്രമസമാധാന പാലനത്തിന് പുറമെ നീതി നിര്‍വഹണ ഭീഷണി നേരിടുന്ന അവസ്ഥ ഉണ്ടായാല്‍ സംരക്ഷണത്തിന് ഇടപെടുകയെന്നതാണ് പൊലീസിന്‍െറ കടമ. കോടതി പ്രവര്‍ത്തനത്തിനും ജനങ്ങളിലേക്ക് നീതി എത്തുന്നതിനും തടസ്സം നിലവിലില്ളെന്ന് ഉറപ്പാക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്. അതിനാല്‍, ആരില്‍ നിന്നായാലും നിയമരഹിതമായ അതിക്രമിച്ച് കയറലുകളില്‍നിന്ന് കോടതികള്‍ സംരക്ഷിക്കപ്പെടണം. ‘നാം ഇന്ത്യക്കാര്‍’ എന്ന ഭരണഘടനയുടെ ആമുഖത്തിന്‍െറ അടിസ്ഥാന തത്വത്തിലധിഷ്ഠിതമാകണം കാര്യങ്ങള്‍. അതിനാല്‍, നിയമവിരുദ്ധമായ നടപടികള്‍ക്കെതിരെ പൗരന് സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത പൊലീസ് നിര്‍വഹിക്കണം. അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹൈകോടതി സ്വമേധയാ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.