വേളം മണിമല എസ്റ്റേറ്റ് ഏറ്റെടുത്തതില്‍ വന്‍ ക്രമക്കേട്
text_fieldsകോഴിക്കോട്: കോഴിക്കോട് വേളം നാളികേര വ്യവസായ പാര്‍ക്കിനായി സ്ഥലമേറ്റെടുത്തതില്‍ വന്‍ ക്രമക്കേടും അഴിമതിയും. ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ ഗുരുതര പാളിച്ചകള്‍ മറയാക്കി സ്ഥല ഉടമകള്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ ഓഫിസ് കേന്ദ്രീകരിച്ചാണ് സര്‍ക്കാറിന് കോടികളുടെ നഷ്ടം വരുന്ന ഇടപാടുകള്‍ നടന്നത്. നാളികേര വ്യവസായ പാര്‍ക്കിനായി 131 ഏക്കര്‍ വരുന്ന വേളം മണിമല എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ 2010ലാണ് വ്യവസായ വകുപ്പ് തീരുമാനിച്ചത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ തോമസ് മാത്യു, മറിയാമ്മ മാത്യു, പ്രദീപ് ജോസഫ് എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു സ്ഥലം. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 11(2) വകുപ്പ് പ്രകാരം ഉടമകളുമായി വിലപേശി സ്ഥലം വാങ്ങാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. കൊയിലാണ്ടി എല്‍.എ തഹസില്‍ദാറായിരുന്ന ശോഭനകുമാരി അഞ്ചു കോടി തൊണ്ണൂറ് ലക്ഷം രൂപയാണ് സ്ഥലവിലയായി ആദ്യം കണക്കാക്കിയത്. പിന്നീട് ജില്ലാ കലക്ടര്‍ അധ്യക്ഷനായ പര്‍ച്ചേസ് കമ്മിറ്റി ഉടമകളുടെ ആവശ്യപ്രകാരം സെന്‍റിന് 10,750 രൂപ നിരക്കില്‍ 12,14,75,000 രൂപയായി ഉയര്‍ത്തി.
നെഗോഷ്യബ്ള്‍ പര്‍ച്ചേസ് ആയതിനാല്‍ ഉടകളുടെ സമ്മതപത്രവും ചട്ടം 10 എ പ്രകാരമുള്ള കരാറും നിര്‍ബന്ധമാണ്. എന്നാല്‍, ഉടമകളായ മൂന്നു പേരില്‍ ഒരാളുടെ സമ്മതപത്രം മാത്രമാണ് എല്‍.എ തഹസില്‍ദാര്‍ വാങ്ങിയത്. 10 എ പ്രകാരമുള്ള കരാറും ഒപ്പുവെപ്പിച്ചില്ല. ഇതോടെ കൂടുതല്‍ വില ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ സ്ഥല ഉടമകള്‍ക്ക് അവസരം ലഭിച്ചു. എട്ടു കോടി രൂപ കൈപ്പറ്റിയ ശേഷം നിശ്ചയിച്ച വില പോരെന്നു കാണിച്ച് ഉടമകള്‍ ഹൈകോടതിയെ സമീപിച്ചു. രണ്ടു പേരുടെ സമ്മതപത്രവും 10 എ കരാറും ഇല്ലാത്തതിനാല്‍ ഉടമകളുടെ ഹരജി ഹൈകോടതി അനുവദിച്ചു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 11(1) വകുപ്പ് പ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ഹോകോടതി സിംഗ്ള്‍ബെഞ്ച് ഉത്തരവ് പാലിക്കേണ്ടിവന്നാല്‍ കുറഞ്ഞത് മൂന്നു കോടി രൂപയെങ്കിലും ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ അധികം നല്‍കണം. കൂടുതല്‍ തുകക്കായി ഉടമകള്‍ക്ക് വീണ്ടും കീഴ്കോടതിയെ സമീപിക്കുകയും ചെയ്യാം.
മണിമല എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ 2009 മുതല്‍ 2013 വരെ കൊയിലാണ്ടി എല്‍.എ ഓഫിസില്‍ നടന്ന നടപടിക്രമങ്ങളിലെ ആസൂത്രിത നീക്കങ്ങളാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത്. 2012 ഫെബ്രുവരി രണ്ടിനാണ് ഭൂമിയുടെ രേഖകള്‍ പരിശോധനക്കായി കൊയിലാണ്ടി എല്‍.എ ഓഫിസിലത്തെുന്നത്. അന്നുതന്നെ പരിശോധന പൂര്‍ത്തിയാക്കി. രണ്ടാം ദിവസം സ്ഥലം ഏറ്റെടുത്തു. മൂന്നാം ദിവസം എട്ടു കോടി രൂപയുടെ ചെക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.