ചെന്നിത്തലയെ സരിത 11 തവണ ഫോണില്‍ വിളിച്ചതായി രേഖകള്‍
text_fieldsകൊച്ചി: മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായര്‍ 11 തവണ ഫോണില്‍ വിളിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സോളാര്‍ കമീഷനില്‍. ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ മുമ്പാകെ ചെന്നിത്തലയെ വിസ്തരിക്കുന്നതിനിടെയാണ് കമീഷന്‍ അഭിഭാഷകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, താന്‍ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടില്ളെന്നും പേഴ്സനല്‍ സ്റ്റാഫാണ് ഫോണെടുക്കാറെന്നും അദ്ദേഹം മൊഴി നല്‍കി.
ചെന്നിത്തലയുടെ ഡല്‍ഹിയിലെ സഹായി പ്രദോഷ് സരിതയുമായി 127 തവണ ഫോണില്‍ സംസാരിച്ചതിന്‍െറ രേഖകള്‍ അഡ്വ. സി. ഹരികുമാര്‍ ചെന്നിത്തലയെ കാണിച്ചു. എന്നാല്‍, ഇക്കാര്യം പ്രദോഷ് തന്നോട് പറഞ്ഞിരുന്നില്ളെന്നും അദ്ദേഹം കൂടുതല്‍ സമയവും ഡല്‍ഹിയില്‍ ആയിരുന്നുവെന്നും ചെന്നിത്തല മറുപടി നല്‍കി. ഈ 11 കാളുകളും സരിത തന്‍െറ നമ്പറിലേക്കാണ് വിളിച്ചത്. സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍െറ ആരോപണത്തെ തുടര്‍ന്ന് സീഡി കണ്ടെടുക്കാന്‍ കോയമ്പത്തൂരിലേക്ക് പോവുന്നതിനെ അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന ചെന്നിത്തല വിമര്‍ശിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് കമീഷന്‍ ആരാഞ്ഞു. ബിജു രാധാകൃഷ്ണനെ സംബന്ധിച്ച് ധാരാളം സ്പെഷല്‍ ബ്രാഞ്ച്, ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജയില്‍ ചാടാനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നു. അന്യസംസ്ഥാനത്തേക്ക് അയാളെ കൊണ്ടുപോവുന്ന ബുദ്ധിമുട്ടിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആശങ്കപ്പെട്ടത്.
ചെന്നിത്തലയുടെ ഡല്‍ഹിയിലെ പി.എ പ്രദോഷ് മുമ്പ് കമീഷനില്‍ നല്‍കിയ മൊഴിയില്‍, മുന്‍ കേന്ദ്ര ധനകാര്യ സഹമന്ത്രിയായിരുന്ന പളനി മാണിക്യം സരിതയുടെ ഫോണ്‍നമ്പര്‍ എഴുതിയ പേപ്പര്‍ ചെന്നിത്തലയെ ഏല്‍പിച്ചുവെന്നും അതാരാണെന്ന് അന്വേഷിക്കാന്‍ ചെന്നിത്തല പ്രദോഷിനെ ഏല്‍പിച്ചെന്നുമുള്ള മൊഴിയെക്കുറിച്ചും കമീഷന്‍ ആരാഞ്ഞു. പളനി മാണിക്യവും താനും വര്‍ഷങ്ങളോളം പാര്‍ലമെന്‍റ് അംഗങ്ങളായി പ്രവര്‍ത്തിച്ചിരുന്നതാണ്. അദ്ദേഹം കേന്ദ്ര ധനകാര്യ സഹമന്ത്രിയായിരുന്ന അവസരത്തില്‍ നിവേദനം കൊടുക്കാന്‍ സന്ദര്‍ശിച്ചിരുന്നു. അതുകൊടുത്ത് സംസാരിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹം ഫോണ്‍നമ്പര്‍ എഴുതിയ ഒരു പേപ്പര്‍ തന്നു. രമേശ് ചെന്നിത്തല പറഞ്ഞതനുസരിച്ചാണ് ഈ നമ്പറില്‍ തന്നെ ഒരാള്‍ വിളിച്ചതെന്നും അയാളെ അറിയാമോയെന്നും ചോദിച്ചു. അറിയില്ളെന്ന് മറുപടി നല്‍കി. തിരികെ താന്‍ താമസിച്ചിരുന്ന എം.പിമാരുടെ ഫ്ളാറ്റില്‍ ചെന്നപ്പോള്‍ പ്രദോഷിന്‍െറ കൈവശം നമ്പര്‍ കൊടുത്ത് നമ്പര്‍ ആരുടേതാണെന്ന് ചോദിച്ചു. അതിനുശേഷം താന്‍ ഇക്കാര്യം പ്രദോഷിനോട് ചോദിക്കുകയോ അദ്ദേഹം തന്നോട് പറയുകയോ ചെയ്തിട്ടില്ല. പ്രദോഷിനെ ലക്ഷ്മി നായരെന്ന പേരില്‍ സരിത വിളിച്ച് തന്നെക്കുറിച്ച് അന്വേഷിച്ചതിനെക്കുറിച്ച് അറിയില്ളെന്നും ചെന്നിത്തല മൊഴി നല്‍കി.
കോട്ടയം സ്വദേശിയായ തോമസ് കുരുവിളയെ ഡല്‍ഹിയില്‍വെച്ച് കണ്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായിയാണെന്ന് അറിഞ്ഞിരുന്നില്ല. സരിതയെയും ബിജു രാധാകൃഷ്ണനെയും നേരിട്ട് കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. സരിത തന്‍െറ ഫോണിലേക്ക് വിളിച്ചതായി പത്രവാര്‍ത്തകളില്‍നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. സരിതയെ ഇടപ്പഴഞ്ഞിയിലെ വാടകവീട്ടില്‍നിന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തപ്പോള്‍ ചട്ടങ്ങള്‍ പാലിച്ചിരുന്നോയെന്ന് തനിക്കറിയില്ളെന്നും ചെന്നിത്തല മൊഴി നല്‍കി. വിസ്താരം ബുധനാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.