ഭിന്നശേഷി വിദ്യാര്‍ഥികളുടെ പേരില്‍ തട്ടിപ്പ്; ഐ.ഇ.ഡി ഡെ.ഡയറക്ടര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsതിരുവനന്തപുരം: ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ക്കാര്‍ അലവന്‍സുകള്‍ വെട്ടിക്കുറച്ചതിനും റിസോഴ്സ് അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചെന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഐ.ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാജനെ സസ്പെന്‍ഡ് ചെയ്തു. ഭിന്നശേഷി വിദ്യാര്‍ഥികളുടെ വിവിധ അലവന്‍സും സര്‍ക്കാര്‍ സ്കോളര്‍ഷിപ്പും ഐ.ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വെട്ടിക്കുറച്ചത് സംബന്ധിച്ച് ബുധനാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ വെട്ടിപ്പ് നടത്തുന്നതിനായാണ് അലവന്‍സുകള്‍ വെട്ടിക്കുറച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പുറമെ ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍ വിഭാഗങ്ങളിലേക്ക് റിസോഴ്സ് അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങാനുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ നീക്കം സ്വകാര്യചാനല്‍ ഒളികാമറ ഓപറേഷനിലൂടെ പുറത്തുകൊണ്ടുവരുകയും ചെയ്തിരുന്നു. വയനാട്ടിലെ റിസോഴ്സ് അധ്യാപകനെ ഏജന്‍റാക്കിയായിരുന്നു അധ്യാപക നിയമനത്തിന് പണപ്പിരിവിന് ശ്രമം നടത്തിയത്. രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് രാജനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ സസ്പെന്‍ഡ് ചെയ്തത്.
മന്ത്രി സി. രവീന്ദ്രനാഥിന്‍െറ നിര്‍ദേശപ്രകാരമാണ് സസ്പെന്‍ഷന്‍. റിസോഴ്സ് അധ്യാപകരുടെയും ആയമാരുടെയും നിയമനം, ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണങ്ങള്‍ രാജനെതിരെ ഉയര്‍ന്നിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.
റിസോഴ്സ് അധ്യാപകരുടെ പുനര്‍നിയമനത്തിന് അനുമതി നല്‍കി വിദ്യാഭ്യാസ മന്ത്രി ഫയലില്‍ ഒപ്പിട്ടിരുന്നെങ്കിലും ഉത്തരവിറക്കുന്നത് രാജന്‍ ആഴ്ചകളോളം തടഞ്ഞുവെച്ചിരുന്നു. ഐ.ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ രാജനെ നിയമിച്ച നടപടിയും ഏറെ വിവാദമായിരുന്നു. അപേക്ഷകരില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ അവഗണിച്ചായിരുന്നു നിയമനമെന്നായിരുന്നു ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.