കൃഷിവകുപ്പ് ഡയറക്ടറെ മാറ്റി ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കും
text_fieldsതിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടര്‍ അശോക്കുമാര്‍ തെക്കനെ മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരഫെഡില്‍ പച്ചത്തേങ്ങ സംഭരിച്ചതിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അഴിമതി ആരോപണം നേരിടുന്ന വ്യക്തിയെ മാറ്റണമെന്ന നിര്‍ദേശം മന്ത്രി വി.എസ്. സുനില്‍കുമാര്‍ മന്ത്രിസഭായോഗത്തില്‍ വെച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ക്രമവിരുദ്ധ ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം.
ഇതുസംബന്ധിച്ച ഫയല്‍ സര്‍ക്കാര്‍ വിജിലന്‍സിന് കൈമാറി. പച്ചത്തേങ്ങ സംഭരണത്തില്‍ വ്യാപക തിരിമറി നടത്തിയെന്നാണ് പ്രധാന ആരോപണം. ഇതിനുപുറമെ നാട്ടില്‍നിന്ന് സംഭരിച്ച ഗുണനിലവാരമുള്ള കൊപ്ര മറിച്ചുവിറ്റ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഗുണനിലവാരം കുറഞ്ഞത് കൊണ്ടുവന്നു, ഗുണനിലവാരം കുറഞ്ഞ വിത്തുതേങ്ങ ഇതരസംസ്ഥാനങ്ങളില്‍നിന്നുകൂടിയ വിലയ്ക്ക് വാങ്ങി തുടങ്ങിയ ആക്ഷേപങ്ങളുമുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് വ്യാപകപരാതികളെതുടര്‍ന്ന് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സെക്രട്ടറി സര്‍ക്കാറിന് കത്തെഴുതിയെങ്കിലും മന്ത്രി അന്വേഷണത്തിന് അനുകൂലമായിരുന്നില്ല.
കൃഷിവകുപ്പിന്‍െറ ആഭ്യന്തരവിഭാഗം അന്വേഷണം നടത്തി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുന്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍ ഡയറക്ടര്‍ക്ക് അനുകൂലമായ നിലപാടായിരുന്നു കൈക്കൊണ്ടത്. വി.എസ്. സുനില്‍കുമാര്‍ മന്ത്രിയായി ചുമതലയേറ്റശേഷം അന്വേഷണം ആവശ്യപ്പെട്ടുള്ള അന്നത്തെ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.
വി.എസ് സര്‍ക്കാറിന്‍െറ കാലത്ത് ചുമതലയേറ്റ ഡയറക്ടറെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറും തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇദ്ദേഹം വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ സി.ഇ.ഒ, നാളികേര വികസന കോര്‍പറേഷന്‍, കേരഫെഡ് എന്നിവയുടെ എം.ഡി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
അഴിമതിക്കാരെ സംരക്ഷിക്കില്ല –കൃഷിമന്ത്രി
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കില്ളെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. അത് സര്‍ക്കാറിന്‍െറ നയമാണ്.
കൃഷിവകുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ ഡയറക്ടര്‍ക്ക് ആ സ്ഥാനത്ത് ഇനി തുടരാനാവില്ല. കൃഷിവകുപ്പ് ഡയറക്ടര്‍ കാഡര്‍ പോസ്റ്റാണ്. അതിനാല്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ ഈ ആഴ്ചതന്നെ നിയോഗിക്കും.
കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് കൃഷിവകുപ്പില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷങ്ങള്‍ നടന്നിരുന്നു. ധനകാര്യ വിജിലന്‍സ് തന്നെ പല ഉദ്യോഗസ്ഥര്‍ക്കുമെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. അവരുടെ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തെങ്കിലും മുന്‍മന്ത്രി കെ.പി. മോഹനന്‍ നടപടി സ്വീകരിച്ചില്ല.
ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്ന ഫയല്‍ താന്‍ പരിശോധിക്കുകയും വിജിലന്‍സ് അന്വേഷണം നടത്തണമെന്ന നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു.
അക്കാര്യം മുഖ്യമന്ത്രിയെയും അറിയിച്ചു. കൃഷിവകുപ്പില്‍ ഗുണനിലവാരമില്ലാത്ത നടീല്‍വസ്തുക്കള്‍ വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഇനി ഉണ്ടാവില്ളെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.