സംസ്ഥാനത്ത് ജുഡീഷ്യല്‍ അടിയന്തരാവസ്ഥ –പത്രപ്രവര്‍ത്തക യൂനിയന്‍
text_fieldsകൊച്ചി: കോടതി റിപ്പോര്‍ട്ടിങ്ങില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഗവര്‍ണര്‍ ഇടപെടണമെന്നും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതി. കേരളത്തില്‍ ജുഡീഷ്യല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അവസ്ഥയാണ്.
കോടതികളില്‍ നടക്കുന്നത് മാധ്യമങ്ങളും ജനങ്ങളും അറിയേണ്ട എന്നാണെങ്കില്‍ അക്കാര്യം ഉത്തരവായി പുറപ്പെടുവിക്കണമെന്നും സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോടതി റിപ്പോര്‍ട്ടിങ് വിലക്കാനുള്ള അഭിഭാഷകരുടെ നീക്കം കോടതിയുടെ എല്ലാ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ക്കും ഭരണഘടനക്കും എതിരാണ്. മാധ്യമപ്രവര്‍ത്തനം കോടതി അനുവദിച്ചതാണ്. ഇത് തടയുന്ന അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അഭിഭാഷകരുമായുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും മാധ്യമ പ്രവര്‍ത്തകരുടെ കാര്യങ്ങള്‍ ഉന്നയിക്കാനും ആക്ടിങ് ചീഫ് ജസ്റ്റിസിനെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അനുമതി നല്‍കിയില്ല. അതേസമയം, ഉന്നത നീതിന്യായ സംവിധാനത്തിന്‍െറ മൂക്കിനുതാഴെ നിയമലംഘനം മുറപോലെ നടക്കുകയും ചെയ്യുന്നു. കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ നേതൃത്വം ഈ തമസ്കരണത്തിനെതിരെ ശക്തമായി രംഗത്തുവരണം. മാധ്യമ ഉടമകളും എഡിറ്റര്‍മാരും മൗനം വെടിയണം. മാധ്യമവിലക്കിനെതിരെ ഐ.എന്‍.എസ് പ്രസിഡന്‍റും രംഗത്തുവരണം.
കോടതി റിപ്പോര്‍ട്ടിങ് വിലക്കുന്ന അഭിഭാഷകരെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിക്കും. എന്നാല്‍, കോടതി റിപ്പോര്‍ട്ടിങ് തുടരുകതന്നെ ചെയ്യും. കോടതി നടപടികള്‍ നേരിട്ട് കണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ സാഹചര്യമൊരുക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഹൈകോടതിവളപ്പില്‍ ആക്രമണം അഴിച്ചുവിട്ട അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ജുഡീഷ്യല്‍ അടിയന്തരാവസ്ഥയുടെ തുടക്കം –സെബാസ്റ്റ്യന്‍ പോള്‍
കോടതി വാര്‍ത്തകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് ജുഡീഷ്യല്‍ അടിയന്തരാവസ്ഥയുടെ തുടക്കമാണെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നെന്ന് അഭിഭാഷകനും മാധ്യമനിരൂപകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ ഹൈകോടതി ജങ്ഷനില്‍ പീപ്ള്‍സ് ഇനീഷ്യേറ്റിവ് എന്ന സംഘടന നടത്തിയ പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1956ല്‍ കേരള ഹൈകോടതി തുടങ്ങിയകാലം മുതല്‍ അവിടെ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ട്. ആറുപതിറ്റാണ്ടായി ഹൈകോടതിയില്‍ മാധ്യമങ്ങള്‍ക്ക് അനുവദിച്ചിരുന്ന സ്വാതന്ത്ര്യം പുന$സ്ഥാപിക്കുകയെന്നത് അടിയന്തര ആവശ്യമാണ്.
ഹൈകോടതി കെട്ടിടം അഭിഭാഷകരുടേത് മാത്രമല്ളെന്നും അറിയാനുള്ള അവകാശം നിയന്ത്രിക്കുന്നത് ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അഡ്വ. സി.പി. ഉദയഭാനു അഭിപ്രായപ്പെട്ടു. പ്രഫ. അരവിന്ദാക്ഷന്‍ അധ്യക്ഷതവഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ എന്‍. പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. ഇടപ്പള്ളി ബഷീര്‍, ആര്‍. ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുഖ്യമന്ത്രി ഇടപെടാത്തത് ഖേദകരം –കുമ്മനം
അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടാത്തത് ഖേദകരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനം വാചാലമാണ്. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അത് തടസ്സപ്പെടുത്തുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെടണം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്യുന്നത് ശരിയല്ല. കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.