തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് മേൽക്കൈ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 15 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ചു. എൽ.ഡി.ഫ് മികച്ച വിജയമാണ് നേടിയത്. തിരുവനന്തപുരത്തെ പാപ്പനംകോട് വാർഡിലും ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷൻ വാർഡിലും കോട്ടയം മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര വാർഡിലും ബി.ജെ.പി സ്ഥാനാർഥി വിജയിച്ചു.
കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷൻ യു.ഡി.എഫ് നിലനിർത്തി. 1886 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഷാനവാസ് പാദൂരാണ് വിജയിച്ചത്. ഷാനവാസിന്‍റെ വിജയത്തോടെ ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി. 17 അംഗ പഞ്ചായത്തിൽ യു.ഡി.എഫിന് എട്ട് സീറ്റും എൽ.ഡി.എഫിന് ഏഴ് സീറ്റും ബി.ജെ.പിക്ക് രണ്ടു സീറ്റുമാണുള്ളത്.
തിരുവനന്തപുരം കോര്‍പറേഷനിലെ പാപ്പനംകോട് വാർഡ് ബി.ജെ.പി വിജയിച്ചു. ആശാനാഥ് 57 വോട്ടിനാണ് വിജയിച്ചത്. വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരവിള എൽ.ഡി.എഫിലെ റീന 45 വോട്ടിന് വിജയിച്ചു. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കിൽ എൽ.ഡി.എഫിലെ സജിത 151 വോട്ടിന് വിജയിച്ചു.
കോഴിക്കോട് ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓമശ്ശേരി ഈസ്റ്റിൽ എൽ.ഡി.എഫിന്‍റെ കെ.കെ ഭാസ്കരൻ 76 വോട്ടിന് വിജയിച്ചു.
എറണാകുളം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര വാർഡിൽ യു.ഡി.എഫിന്‍റെ ശബരിഗിരീശൻ വിജയിച്ചു. കഴിഞ്ഞ തവണ ബിജെപി നാല് വോട്ടിന് വിജയിച്ച വാർഡാണിത്.
തൃശൂര്‍ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പത്താഴക്കാട് യു.ഡി.എഫിന്‍റെ കെ.എ ഹൈദ്രോസ് 98 വോട്ടിന് വിജയിച്ചു.
പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയംപുറം വായനശാല വാർഡ് എൽ.ഡി.എഫ് നിലനിർത്തി. കെ.പി രാമകൃഷ്ണന്‍ 385 വോട്ടിന് വിജയിച്ചു.
കണ്ണൂര്‍ കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം പീടിക വാർഡ് എൽ.ഡി.എഫിലെ ഡി. രമ 505 വോട്ടിന് നിലനിർത്തി.
ആലപ്പുഴ പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. ഷൈലജ ഷാജി 137 വോട്ടിനാണ് വിജയിച്ചത്. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് യു.ഡി.എഫ് സിറ്റിങ് മെമ്പർ രാജിവെച്ചിരുന്നു.
ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷൻ വാർഡിൽ ബി.ജെ.പിയുടെ ഡി. ജ്യോതിഷ് 144 വോട്ടിന് വിജയിച്ചു.
കോട്ടയം മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര വാർഡിൽ ബി.ജെ.പിക്ക് അട്ടിമറിജയം. കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റിൽ സിന്ധു കൊരട്ടിക്കുന്നേല്‍ 198 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
കോട്ടയം മാടപ്പളളി ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ നിധീഷ് തോമസാണ് വിജയിച്ചത്.
ഇടുക്കി കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ മുളംകുന്ന് വാർഡിൽ എൽ.ഡി.എഫിലെ തോമസ് ലൂക്കോസ് 235 വോട്ടിന് വിജയിച്ചു.
മലപ്പുറം ഊരകം ഗ്രാമപഞ്ചായത്തിലെ ഒ.കെ.എം വാര്‍ഡിൽ യു.ഡി.എഫ് വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.