കോഴിക്കോട് കോടതിയിൽ മാധ്യമ പ്രവർത്തകർക്ക് വിലക്ക്; അറസ്റ്റ്
text_fieldsകോഴിക്കോട്: െഎസ്ക്രീം കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കോഴിക്കോട് കോടതിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഒന്നാം മജിസ്ട്രേറ്റ് കോടതിയിൽ എത്തിയ എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ബിനുരാജ്, ക്യാമറമാൻ, ഡ്രൈവർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ഡി.എസ്.എൻ.ജി പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.
സംഘർഷ സാധ്യത കണക്കിലെടുത്ത് മാധ്യമപ്രവർത്തകരെ കോടതി വളപ്പിനകത്തേക്കു പ്രവേശിപ്പിക്കരുതെന്ന ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ വിലക്കിയത് എന്ന് പിന്നീട് വിശദീകരണം വന്നു. ടൗൺ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയ ഇവരെ പിന്നീട് പ്രതിഷേധത്തെ തുടർന്ന് വിട്ടയച്ചു. ഷർട്ടിനു കുത്തിപ്പിടിച്ചാണ് തങ്ങളെ സ്റ്റേഷനകത്തേക്ക് കൊണ്ടു പോയതെന്നും പൊലീസ് സ്റ്റേഷനിൽ മോശമായ രീതിയിലാണ് പെരുമാറിയതെന്നും ബിനുരാജ് പ്രതികരിച്ചു. ഫോൺ ഉപയോഗിക്കാൻ പോലും പൊലീസ് അനുവദിച്ചില്ല. എന്തുകൊണ്ടാണ് ചെയ്തതെന്ന വിശദീകരണം നൽകാൻ പൊലീസ് ആദ്യം തയ്യാറായതുമില്ല. തങ്ങൾക്ക് തെറ്റുപറ്റിയതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പിന്നീട് പ്രതികരിച്ചു.
ഐസ്ക്രീം പാർലർ കേസിൽ വി.എസ്.അച്യുതാനന്ദൻ നൽകിയ റിവ്യൂഹർജി ഇന്നു ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണു സംഭവം. നേരത്തെ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയുടെ ശിക്ഷാവിധി റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നു കോടതിക്കു പുറത്തുനിന്നാണു മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്. നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും സമാനമായി മാധ്യമപ്രവര്‍ത്തകരെ വിലക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.