വാക്സിനില്ല; മലപ്പുറം ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് നിലച്ചു
text_fieldsമലപ്പുറം: ടി.ഡി വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ മലപ്പുറം ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ വീണ്ടും നിലച്ചു. നിലവില്‍ പതിനായിരത്തില്‍ താഴെ ഡോസ് വാക്സിനാണ് ആരോഗ്യവകുപ്പിന്‍െറ പക്കലുള്ളത്. പുതിയ കേസുകള്‍ക്കും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും നല്‍കാന്‍ ഇവ മാറ്റിവെച്ചിരിക്കുകയാണ്. സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള കുത്തിവെപ്പും വാക്സിന്‍ ക്ഷാമത്തോടെ നിലച്ചു. ഡിഫ്തീരിയ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ, 16 വയസ്സ് വരെയുള്ള കുത്തിവെപ്പെടുക്കാത്ത 2.35 ലക്ഷം കുട്ടികള്‍ക്ക് ഇവ നല്‍കാനായിരുന്നു പദ്ധതി. ജൂലൈ 23 വരെ 1,64,635 കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കി. 1.35 ലക്ഷം കുട്ടികള്‍ക്ക് കുത്തിവെപ്പെടുക്കാനുണ്ട്. ഇതിനിടെയാണ് വാക്സിന്‍ ക്ഷാമം വെല്ലുവിളി ഉയര്‍ത്തുന്നത്. ജില്ലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത എട്ട് ആരോഗ്യ ബ്ളോക്കുകളില്‍ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കാനുള്ള കര്‍മപദ്ധതിയും വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ നിലച്ചിരിക്കുകയാണ്. ഇവിടെ മാത്രം 16 വയസ്സ് വരെയുള്ള 2.32 ലക്ഷം കുട്ടികളുണ്ട്. ഇതില്‍ ഭൂരിപക്ഷത്തിനും കുത്തിവെപ്പ് നല്‍കിയിട്ടില്ല.
2.5 ലക്ഷം വാക്സിനെങ്കിലും അടിയന്തരമായി ലഭിച്ചാലേ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകൂ. ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആദ്യ ഡിഫ്തീരിയ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം 1.75 ലക്ഷം ഡോസ് വാക്സിനാണ് ജില്ലയില്‍ എത്തിയത്. ഈ വര്‍ഷം ജൂണ്‍ മുതല്‍ 70,000 ഡോസ് വാക്സിനും എത്തി. ഉല്‍പാദനത്തിലെ പ്രതിസന്ധിയാണ് യഥാസമയം ഇവ ലഭ്യമാകാത്തതിന് കാരണം. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ബയോളജിക്കല്‍ ഇവാന്‍സ് എന്നിങ്ങനെ രാജ്യത്ത് രണ്ട് കമ്പനികളില്‍ മാത്രമാണ് വാക്സിന്‍ ഉല്‍പാദനം. കേരളത്തിലെ ചുരുക്കം ജില്ലകളില്‍ മാത്രമേ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്നതിനാല്‍ കൂടുതല്‍ ഡോസ് വാക്സിനുകള്‍ ഉല്‍പാദിപ്പിക്കുന്നുമില്ല. അതേസമയം, ജില്ലയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടി.ഡി വാക്സിന്‍ വിതരണം ആഗസ്റ്റ് ഒന്ന് മുതല്‍ തുടങ്ങുമെന്ന് ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.