ഹിന്ദി അധ്യാപകരില്ല; ഓണപ്പരീക്ഷ വലക്കും
text_fieldsഅങ്കമാലി: ഓണപ്പരീക്ഷക്ക് 28 ദിവസം മാത്രം ശേഷിക്കെ സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ ഹിന്ദി അധ്യാപക ഒഴിവ് നികത്താത്തത് വിദ്യാര്‍ഥികളെ വലക്കുന്നു. തസ്തിക നിര്‍ണയം പൂര്‍ത്തിയായാലെ ഒഴിവുകള്‍ നികത്താനാകൂവെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍. എന്നാല്‍, ഇത് എപ്പോള്‍ നടപ്പാകുമെന്ന കാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. എട്ട്, ഒന്‍പത്,10 ക്ളാസുകളിലാണ് ഹിന്ദി അധ്യാപകരുടെ ഒഴിവുകളുള്ളത്. മുന്‍ കാലങ്ങളില്‍ അവധി ഒഴിവുകളില്‍ ദിവസ വേതനത്തിന് അധ്യാപകരെ നിയമിക്കാറുണ്ടായിരുന്നു. എന്നാല്‍, താല്‍ക്കാലിക നിയമനം സര്‍ക്കാര്‍ നിയന്ത്രിച്ചിരിക്കുകയാണ്. പി.ടി.എ ഫണ്ട് സ്വരൂപിക്കുന്നതിന് നിയന്ത്രണമുള്ളതിനാല്‍ ഈ ഫണ്ടുപയോഗിച്ച് ഒഴിവ് നികത്താനും സാധിക്കാത്ത സ്ഥിതിയാണ്.
ഒന്‍പത്, 10 ക്ളാസുകളില്‍ ഈ വര്‍ഷം ഹിന്ദിക്ക് പുതിയ പാഠപുസ്തകങ്ങളാണ് എന്നതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ വെസ്റ്റ് കടുങ്ങല്ലൂര്‍, ചെങ്ങമനാട്, തൃപ്പൂണിത്തുറ സംസ്കൃത ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കൊങ്ങോര്‍പ്പിള്ളി, അയ്യങ്കാവ്, മാമലശ്ശേരി, നേര്യമംഗലം, നാമക്കുഴി സ്കൂളുകളിലാണ് ഹിന്ദി അധ്യാപക നിയമനം നടക്കാത്തത്. പ്രമോഷന്‍ ലിസ്റ്റില്‍ അധ്യാപകര്‍ ഉണ്ടായിരിക്കെയാണ് നിയമനം വൈകുന്നത്. എല്ലാ വര്‍ഷവും ജൂലൈ 15നാണ് തസ്തിക നിര്‍ണയം നടക്കേണ്ടത്. എന്നാല്‍, കഴിഞ്ഞ നാല് വര്‍ഷമായി തസ്തിക നിര്‍ണയം നടന്നിട്ടില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാന സമയത്ത് തസ്തിക നിര്‍ണയ ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും പുതിയ സര്‍ക്കാര്‍ നടപടി പൂര്‍ത്തിയാക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രമോഷന്‍ അര്‍ഹമായ രീതിയിലല്ല നടക്കുന്നതെന്നും വ്യാപക പരാതിയുണ്ട്.
ഹൈസ്കൂള്‍, യു.പി.ക്ളാസുകള്‍ ഒരുമിച്ചുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപകരുടെ തസ്തികകളാണ് വ്യാപകമായി നഷ്ടപ്പെടുന്നത്. അതേസമയം യു.പി സ്കൂളുകളില്‍ ഓരോ ഡിവിഷന്‍ മാത്രമാണെങ്കിലും ഹിന്ദി അധ്യാപകരുടെ തസ്തികക്ക് ഭീഷണിയില്ല. ഇവയെല്ലാം അശാസ്ത്രീയമായ നടപടികളാണെന്നും, വിഷയത്തില്‍ കാതലായ മാറ്റം അനിവാര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭാഷാ പഠനത്തെ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്ന നടപടിയാണിതെന്നാണ് ഹിന്ദി അധ്യാപകരുടെ സംഘടനയായ ഹിന്ദി അധ്യാപക മഞ്ച് ( എച്ച്.എ.എം-ഹം) ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സംഘടന സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.