നാല് മാസത്തിനകം എല്ലാ വീട്ടിലും ശൗചാലയം; വീഴ്ചവരുത്തുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്കെതിരെ നടപടി
text_fieldsമലപ്പുറം: മുഴുവന്‍ വീടുകളിലും കക്കൂസ് സൗകര്യം ഉറപ്പാക്കാത്ത ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകരിക്കേണ്ടതില്ളെന്ന് സര്‍ക്കാര്‍ നിര്‍ദേശം. കേരളത്തെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുന്നതിന് ആദ്യ പടിയായി തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജനത്തില്‍നിന്ന് മുക്തമാക്കി നവംബര്‍ ഒന്നിന് പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സമയബന്ധിതമായി നടപ്പാവുന്നത് ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് കക്കൂസില്ളെന്ന് കണ്ടത്തെിയിരുന്നു. വരുന്ന ഒക്ടോബര്‍ രണ്ടോടെ മുഴുവന്‍ വീടുകളിലും ശുചിമുറിയുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ശേഷിക്കുന്നവര്‍ക്ക് കൂടി കക്കൂസ് നിര്‍മാണത്തിന് 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കണം. കേന്ദ്ര സര്‍ക്കാറിന്‍െറ സ്വച്ഛ് ഭാരത് മിഷന്‍െറ ഭാഗമായി ശുചിത്വ മിഷന്‍ മുഖേനയാണ് ഇത് നടപ്പാക്കുന്നത്. 15,400 രൂപയാണ് ഫണ്ട്. ശുചിത്വ മിഷന്‍െറ വിഹിതം 12,000വും പഞ്ചായത്തിന്‍െറത് 3,400 ആയിരിക്കും.
ജൂണ്‍ 30നകം അപേക്ഷ സ്വീകരിച്ച് നടപടി കൈക്കൊള്ളേണ്ടതുണ്ട്. ജൂണ്‍ മാസത്തില്‍ ജില്ലാ ആസൂത്രണ സമിതിയുടെ പ്രത്യേക യോഗം വിളിച്ച് ഗ്രാമപഞ്ചായത്തുകളുടെ ഇക്കാര്യത്തിലുള്ള പദ്ധതിക്ക് അംഗീകാരം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ആനുകൂല്യങ്ങള്‍ ലഭിക്കും. സ്വച്ഛ് ഭാരത് മിഷന്‍െറ ഫണ്ട് ലഭ്യമാവാന്‍ കാലതാമസം വന്നാല്‍ പ്ളാന്‍ ഫണ്ടില്‍ നിന്നോ തനത് ഫണ്ടില്‍ നിന്നോ തല്‍ക്കാലം വകയിരുത്തേണ്ടതാണ്.
ശൗചാലയമുള്ള കുടുംബത്തിന് പുതിയത് നിര്‍മിക്കുന്നതിനോ പഴയത് അറ്റകുറ്റപ്പണി നടത്തുന്നതിനോ ഫണ്ട് അനുവദിക്കില്ല. അക്ഷയ വഴിയാണ് അപേക്ഷിക്കേണ്ടത്. മൂന്ന് ഗഡുവായി തുക ലഭിക്കും. നാലുമാസം കൊണ്ട് ലക്ഷ്യം യാഥാര്‍ഥ്യമാവുമ്പോള്‍ തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജന മുക്തമാവുന്ന ആദ്യ സംസ്ഥാനമാവും കേരളം.ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ പ്രഥമ ജില്ലയായി പശ്ചിമബംഗാളിലെ നാദിയയെ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ കക്കൂസ് സൗകര്യമില്ലാത്തവരില്‍ ഭൂരിഭാഗവും മലയോര, തീരദേശ മേഖലകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.