അതിരപ്പിള്ളി: സി.പി.എം പിന്മാറുന്നു
text_fieldsകൊച്ചി: വിവാദ കോലാഹലങ്ങളെ തുടര്‍ന്ന് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന നിലപാടില്‍നിന്ന് തല്‍ക്കാലം സര്‍ക്കാറും സി.പി.എമ്മും പിന്‍വാങ്ങുന്നു. അതേസമയം, പരിസ്ഥിതി ആഘാതമില്ളെന്ന പഠന റിപ്പോര്‍ട്ടുകള്‍ മുന്നില്‍ വെച്ച് ഘടക കക്ഷികളെ ബോധ്യപ്പെടുത്തി സമയമെടുത്ത് മുന്നോട്ട് പോകാനും തീരുമാനമുണ്ട്. ഈ വിഷയത്തില്‍ തുടര്‍ന്നങ്ങോട്ടുള്ള ‘ശരി നിലപാട്’ ഇത്തരത്തില്‍ വൈദ്യൂതി മന്ത്രിയടക്കം സി.പി.എം മന്ത്രി സഭാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയതായാണ് വിവരം.
കേരളത്തിന്‍െറ ഊര്‍ജനില ദുര്‍ബലമായിരിക്കെ ഏറ്റവും വില കുറഞ്ഞ വൈദ്യൂതി ലഭ്യമാകുന്ന സാഹചര്യം പരിസ്ഥിതിക്ക് കോട്ടം വരാതെ പ്രയോജനപ്പെടുത്തണമെന്ന നിലക്കാണ് വിഷയം പിണറായി മുന്നിലത്തെിച്ചത്. ഇതാകട്ടെ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന കാലത്തുണ്ടായ നയം മാറ്റത്തിന്‍െറ വെളിച്ചത്തിലുമായിരുന്നു. എന്നാല്‍, ഇതിനോട് പരസ്യമായി സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍ തന്നെ പ്രതികരിച്ചതോടെ ലക്ഷ്യം കൈവിട്ടുപോയെന്നാണ് സി.പി.എം വിലയിരുത്തുന്നത്. പിണറായിക്കും എ.കെ. ബാലനും അടക്കം പദ്ധതി നടപ്പാക്കണമെന്ന നിലപാടില്‍ ഇപ്പോഴും അയവില്ല. ബാലന്‍ മന്ത്രിയായിരിക്കെ അതിരപ്പിള്ളി അനുകൂല നിലപാടെടുക്കുകയും ഇതിനെതിരെനിന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെ സംഘടനകളെ വിമര്‍ശിച്ച് രംഗത്ത് വരുകയും ചെയ്തിരുന്നു. എന്നാല്‍, വിവാദം കൊടിമ്പിരിക്കൊള്ളുന്ന സാഹചര്യമുണ്ടാകുന്നത് പദ്ധതി ഒരിക്കലും നടപ്പാകാത്ത സ്ഥിതി വരുത്തുമെന്നത് കണക്കിലെടുത്താണ് താല്‍ക്കാലിക പിന്മാറ്റം.
പൊതുസമൂഹത്തില്‍നിന്ന് ഉയര്‍ന്നുവന്ന ശക്തമായ എതിര്‍പ്പും തല്‍ക്കാലത്തേക്ക് മാറി ചിന്തിക്കാന്‍ ഇടയാക്കിയതായാണ് സൂചന. വി.എസ് അച്യുതാനന്ദന്‍ ജനപക്ഷ നിലപാട് സ്വീകരിച്ചതും പിന്നാലെ ശാസ്ത്രസാഹിത്യ പരിഷത്ത് വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചതും കടുംപിടിത്തം ഉപേക്ഷിക്കാന്‍ കാരണമായതായി വിലയിരുത്തുന്നു. ഇതേ തുടര്‍ന്നാണ് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ളെന്ന വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ ചൊവ്വാഴ്ചത്തെ നിലപാട് മാറ്റം. ജനങ്ങള്‍ക്ക് വേണമെങ്കില്‍ മാത്രമെ പദ്ധതി നടപ്പാക്കുകയുള്ളു. സമവായം ഉണ്ടാക്കിയശേഷമേ വന്‍കിട പദ്ധതികളുമായി മുന്നോട്ടു പോകൂവെന്നും കടകംപള്ളി വ്യക്തമാക്കിയത് അധ്യായം തല്‍ക്കാലം അടക്കുകയാണെന്ന് എല്ലാവര്‍ക്കും നല്‍കിയ സന്ദേശമാണ്. സി.പി.ഐയെ കൂടി വിശ്വാസത്തിലെടുത്താകും ഇനി പദ്ധതിയുമായി വരുക.
പ്രതിപക്ഷത്തിന് ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പില്ളെന്നത് നീക്കം എളുപ്പമാക്കും. അതിരപ്പിള്ളി പദ്ധതിക്കെതിരെ രംഗത്തുവന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെ പരിസ്ഥിതി സംഘടനകളെ നിശ്ശബ്ദമാക്കാന്‍ ഉതകുന്ന ചില്ലറ ഭേദഗതികള്‍ കൂടി കൊണ്ടുവന്നാകും അടുത്ത നീക്കം.
മലമുഴക്കി വേഴാമ്പല്‍, സിംഹവാലന്‍ കുരങ്ങ് തുടങ്ങി വംശനാശം നേരിടുന്ന നിരവധി ജീവികള്‍ കാണപ്പെടുന്ന മേഖലയാണിത്. ആഗോളതാപനം ചെറുക്കാന്‍ നിലവിലെ വനം സംരക്ഷിക്കുക മാത്രമാണ് പോംവഴി. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികമാണ്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ പദ്ധതി ചെറുതാക്കി നടപ്പാക്കിയാല്‍ പോലും പുഴയിലെ നീരൊഴുക്ക് പകുതിയാകുമെന്നും പരിഷത്ത് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.