മുപ്പതിലേക്ക് പ്രതീക്ഷയോടെ...
text_fieldsമാധ്യമം 30ാം വയസ്സിലേക്ക് കടക്കുകയാണ് ഇന്ന്. 1987 ജൂണ്‍ ഒന്നിലെ പ്രഭാതത്തില്‍ തുടങ്ങിയ പത്രം മൂന്ന് പതിറ്റാണ്ടിലേക്ക് കാലൂന്നുന്നത് അനുഭവങ്ങളുടെയും പ്രതിസന്ധികളുടെയും വര്‍ഷങ്ങള്‍ താണ്ടിയാണ്. പല പത്രങ്ങളില്‍ മറ്റൊന്ന് എന്നതല്ല അതിന്‍െറ സ്ഥാനം - ഒരു പ്രസിദ്ധീകരണത്തിന്‍െറ ജന്മം സഫലമെന്ന് തെളിയിക്കാന്‍ ഈ അനന്യതയുടെ സാക്ഷ്യം മതി. അക്ഷരം ആശയവാഹിനിയും വിവരജാലകവും മാത്രമല്ല, ശക്തമായ പ്രതിരോധശസ്ത്രം കൂടിയാണെന്ന് സമൂഹത്തിന് കാണിച്ചുകൊടുത്ത പ്രസ്ഥാനങ്ങളുണ്ട്. ആ കൂട്ടത്തില്‍ മാധ്യമവും ചെറുതല്ലാത്ത സ്ഥാനം നേടിയെടുത്തിട്ടുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അരികിലേക്ക് മാറ്റപ്പെട്ട വിഭാഗങ്ങള്‍ക്ക് ശബ്ദംനല്‍കാനും വ്യാജപ്രചാരണങ്ങളുടെ ഇരകള്‍ക്കുവേണ്ടി നിലകൊള്ളാനും മുഖ്യധാരാ മാധ്യമങ്ങള്‍ ഏകപക്ഷീയമായി അവതരിപ്പിച്ചിരുന്ന വിഷയങ്ങളുടെ മറുപക്ഷം ചൂണ്ടിക്കാട്ടാനും ഈ പത്രം ശ്രമിച്ചിട്ടുണ്ട്. മൂല്യവത്തായ പത്രപ്രവര്‍ത്തനം അഭിലഷണീയവും അത്യാവശ്യവും മാത്രമല്ല, സുസാധ്യവുമാണെന്ന് തെളിയിക്കാനായതും ചെറിയ കാര്യമല്ല. ഉള്ളടക്കം മുതല്‍ പരസ്യങ്ങള്‍ വരെ ധര്‍മനിഷ്ഠയുടെ അതിരുവരച്ച് നിലനില്‍ക്കാനാകുമോയെന്ന സന്ദേഹം മൂന്നു പതിറ്റാണ്ടുമുമ്പ് പലരും ഉന്നയിച്ചിരുന്നു. അപഭ്രംശങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആ അതിരുകള്‍ ലംഘിക്കാതെ അതിജീവനം സാധ്യമാണെന്ന സന്ദേശം പുതിയ കാലത്തിന്‍െറ മാധ്യമ പ്രപഞ്ചത്തിന് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും ആഘോഷിച്ചുകൊണ്ട് മനുഷ്യനും മണ്ണിനും പ്രകൃതിക്കും വേണ്ടിയുള്ള പത്രപ്രവര്‍ത്തനം എന്ന സങ്കല്‍പം സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ നടത്തിയ യത്നം വലിയൊരളവില്‍ വിജയിക്കുന്നു എന്നത് സന്തോഷം നല്‍കുന്നു.
ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ അന്താരാഷ്ട്ര ദിനപത്രം, ‘കണ്ടുനില്‍ക്കുകയല്ല ഇടപെടുകയാണ്’ എന്ന് പ്രഖ്യാപിച്ച ആഴ്ചപ്പതിപ്പ്, അതിവേഗം പ്രചാരം നേടിവരുന്ന ഓണ്‍ലൈന്‍ പതിപ്പ് എന്നിങ്ങനെ പ്രവര്‍ത്തനമേഖല വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന മാധ്യമത്തിന്‍െറ സ്വന്തം ചാനലായ മീഡിയവണ്‍ മൂന്നുവര്‍ഷംകൊണ്ട് ദൃശ്യമാധ്യമരംഗത്തും മുന്‍നിരയിലത്തെിയിരിക്കുന്നു. എല്ലാ നല്ല സംരംഭങ്ങളിലും ഒപ്പംനിന്ന നിങ്ങള്‍ വായനക്കാരാണ് നേട്ടങ്ങളുടെയും അവകാശികള്‍. ഇതിനകം ഈ പത്രം നേടിയ അവാര്‍ഡുകള്‍ അനേകശതമാണ്. എന്നാല്‍, അവയെക്കാള്‍ വലിയ അംഗീകാരമാണ് മാധ്യമത്തെ സ്വന്തം ഹൃദയവികാരമായി ഉള്‍ക്കൊണ്ട അതിന്‍െറ വായനക്കാരുടെ പിന്തുണ. ശാസിച്ചും ശകാരിച്ചും പ്രശംസിച്ചും പ്രോത്സാഹിപ്പിച്ചും നിങ്ങള്‍ ഞങ്ങളോടൊപ്പം ഈ സാഹസത്തില്‍ പങ്കാളികളായി.
ഈ പത്രത്തിന് താങ്ങായി വര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകര്‍, ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിവരുന്ന സുമനസ്സുകള്‍ തുടങ്ങിയവരും ഈ യാത്രയില്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. 30ന്‍െറ ചവിട്ടുപടിയില്‍ നില്‍ക്കെ, പുത്തന്‍ വായനാരീതികളും പുതിയ സാങ്കേതികവിദ്യകളും ഭാവി മാധ്യമപ്രപഞ്ചത്തെ മാറ്റിക്കൊണ്ടിരിക്കുന്നത് നമ്മളറിയുന്നു. ഇവ തുറക്കുന്നത് പുതിയ സാധ്യതകളും പുതിയ വെല്ലുവിളികളുമാണ്. ഈ ജ്വാലയുടെ ഊര്‍ജവും വെളിച്ചവും കൂടുതല്‍ രംഗങ്ങളിലേക്ക് കൂടുതല്‍ തീവ്രമായി പ്രസരിപ്പിക്കാന്‍ കരുത്ത് നല്‍കേണ്ടത് ഞങ്ങളുടെ മാന്യവായനക്കാരും സഹകാരികളുമാണ്. എല്ലാറ്റിനുമുപരിയായി ഇതുവരെ മാധ്യമത്തെ നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്ത സര്‍വേശ്വരന്‍െറ കാരുണ്യം ഇനിയുമുണ്ടാകാനും പ്രാര്‍ഥിക്കുന്നു.
എല്ലാവര്‍ക്കും നന്ദി, അഭിവാദ്യങ്ങള്‍.
-എഡിറ്റര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.