ആദ്യ ദിവസം കരച്ചില്‍ മാറ്റിവെച്ച് ‘ന്യൂജെന്‍’
text_fieldsതിരുവനന്തപുരം: പ്രത്യേകം തയാറാക്കിയിരുന്ന കസേരയിലിരുത്തിയപ്പോള്‍ എല്ലാ മുഖങ്ങളിലും അമ്പരപ്പായിരുന്നു, പക്ഷേ, ആരും കരഞ്ഞില്ല. ആള്‍ക്കൂട്ടത്തിന് നടുവിലായതിന്‍െറ അമ്പരപ്പില്‍ ചിരിച്ചുമില്ല. പാട്ടും നൃത്തവും തുടങ്ങിയതോടെ ഭാവം മാറി, എഴുന്നേറ്റുനിന്ന് കൈയടിയായി. പേടിയും അദ്ഭുതവും കൗതുകവും ക്രമേണ ആഹ്ളാദത്തിനും കുഞ്ഞ് കുസൃതികള്‍ക്കും വഴിമാറി, പിന്നെ ആരവങ്ങള്‍... സ്കൂള്‍ തുറപ്പുദിവസം കരയണമെന്ന ‘മാമൂല്‍’ മാറ്റിക്കുറിക്കുകയായിരുന്നു ‘ന്യൂജെന്‍’ കുട്ടിക്കൂട്ടം.
പട്ടം ഗവ. മോഡല്‍ എച്ച്.എസ്.എസിലെ സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവത്തോടെയാണ് സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായത്. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഘോഷയാത്രയും താലപ്പൊലിയെടുപ്പുമെല്ലാം ഇക്കുറി ഒഴിവാക്കിയിരുന്നു. വേദിക്കുമുന്നില്‍ നിരത്തിയിരുന്ന കുഞ്ഞുകസേരകളിലാണ് നവാഗതര്‍ക്ക് ഇരിപ്പിടമുറപ്പിച്ചിരുന്നത്. സ്കൂളിലെ ചേട്ടന്മാരും ചേച്ചിമാരും അധ്യാപകരും അവരെ മധുരം നല്‍കി സ്വീകരിച്ചു. ഉദ്ഘാടകനായ വിദ്യാഭ്യാസമന്ത്രിയെ കരഘോഷത്തോടെയാണ് കുരുന്നുകള്‍ സ്വീകരിച്ചത്. വിശിഷ്ടാതിഥിയുടെ ഇരിപ്പിടത്തിലേക്ക് ചെല്ലാതെ പുതിയ കൂട്ടുകാര്‍ക്കിടയിലേക്കാണ് മന്ത്രിയത്തെിയതും.
ആരാണെന്നറിയാതെ അമ്പരന്ന അവരോട് വാത്സല്യം പ്രകടിപ്പിക്കുക മാത്രമല്ല, കുശലാന്വേഷണത്തിനുശേഷം ആദ്യമിരുന്ന കുട്ടിയെ അദ്ദേഹം കൈയിലെടുത്ത് ഉയര്‍ത്തുകയും ചെയ്തു. എല്ലാവരും തന്നെ നോക്കുന്നതുകണ്ട് കുട്ടി മന്ത്രിയുടെ തോളില്‍ തന്നെ മുഖം മറച്ചു. തുടര്‍ന്ന് മൂന്ന് കുട്ടികളെ അദ്ദേഹം എടുത്തുയര്‍ത്തി. പുതിയ ഉടുപ്പിനെയും ചെരിപ്പിനെയും കുടയെയും കുറിച്ചെല്ലാമായിരുന്നു ‘മന്ത്രിമാമനോട്’ വിശേഷം പറഞ്ഞത്.
നവാഗതര്‍ക്കുള്ള സ്വീകരണച്ചടങ്ങില്‍ രണ്ടാം ക്ളാസിലെ കുട്ടികള്‍ അക്ഷരത്തൊപ്പിയണിയിച്ച് പുതിയ കൂട്ടുകാരെ വരവേറ്റു. പ്രവേശനോത്സവ ഗാനത്തിന്‍െറ ദൃശ്യാവിഷ്കാരത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. നവാഗതരുടെ പ്രതിനിധികളായ അഭിരാമിക്കും നവീനും വേദിയില്‍ മന്ത്രിയുടെയും മറ്റ് അതിഥികളുടെയും നിരക്കുമുന്നില്‍ തന്നെ ഇരിപ്പിടമൊരുക്കിയിരുന്നു.
മറ്റ് അതിഥികളുടെ സാന്നിധ്യത്തില്‍ ഇരുവരും ചേര്‍ന്നാണ് നിലവിളക്കില്‍ തിരിതെളിയിച്ചതും. മന്ത്രി കൊളുത്താന്‍ ശ്രമിക്കുമ്പോഴും ഇവര്‍ കൈയില്‍ പിടിക്കുന്നുണ്ടായിരുന്നു. ഉദ്ഘാടനച്ചടങ്ങ് പുരോഗമിക്കുന്നതിനിടെ കൂട്ടുചേര്‍ന്നവര്‍ കസേര തിരിച്ചിട്ട് കളി തുടങ്ങുകയും ചെയ്തു. ഇതിനിടെ പിണങ്ങുന്നവരെ ഇണക്കാന്‍ ബലൂണും മിഠായിയുമായി അധ്യാപകര്‍ ഓടിനടക്കുന്നുണ്ടായിരുന്നു. ചടങ്ങുകള്‍ക്കൊടുവില്‍ സ്കൂള്‍ മുറ്റത്ത് മരവും നട്ടാണ് മന്ത്രി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.