പരവൂര്‍ വെടിക്കെട്ട് ദുരന്തം: അധികൃതരില്‍നിന്ന് വാക്കാല്‍ അനുമതി ലഭിച്ചെന്ന്
text_fieldsകൊല്ലം: കൊല്ലം: ഉന്നതരില്‍നിന്ന് വാക്കാലുള്ള അനുമതിയും ഉറപ്പും ലഭിച്ചതിനാലാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കമ്പം നടത്തിയതെന്ന് ക്ഷേത്ര ഭരണസമിതി അംഗങ്ങളുടെ മൊഴി. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമീഷന്‍ മുമ്പാകെയാണ് ഭാരവാഹികള്‍ മൊഴി നല്‍കിയത്. ദുരന്തത്തില്‍ ബോധപൂര്‍വമായ വീഴ്ചയുണ്ടായില്ല. ക്ഷേത്രാചാരത്തിന്‍െറയും കീഴ്വഴക്കങ്ങളുടെയും ഭാഗമായി വെടിക്കെട്ട് നടത്താന്‍ ഭരണസമിതി നല്‍കിയ അപേക്ഷ പൊലീസ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നിരസിച്ച കലക്ടര്‍ കമ്പം നിരോധിച്ചു. നിരോധം മറികടക്കാനുള്ള രാഷ്ട്രീയ, സാമ്പത്തിക ശേഷി ക്ഷേത്രഭരണസമിതിക്ക് ഇല്ലായിരുന്നെന്നും ഭരണസമിതി അംഗങ്ങള്‍ കമീഷനോട് പറഞ്ഞു.
വ്യാഴാഴ്ച കൊല്ലം ആശ്രാമം ഗെസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങില്‍ ക്ഷേത്രഭരണസമിതി സെക്രട്ടറി കൃഷ്ണന്‍കുട്ടിപിള്ള, വെടിക്കെട്ട് കരാറുകാരന്‍ വര്‍ക്കല കൃഷ്ണന്‍കുട്ടി, ഭാര്യ അനാര്‍ക്കലി, ഹൈകോടതി ജാമ്യം നല്‍കിയ രാസവസ്തു വില്‍പനക്കാരന്‍ ജിഞ്ചു ഉള്‍പ്പെടെ 32 പേരില്‍നിന്ന് മൊഴി ശേഖരിച്ചു. ചെന്നൈ എക്സ്പ്ളോസിവ്സ് ജോയന്‍റ് ചീഫ് കണ്‍ട്രോളര്‍ ഡോ. എ.കെ. യാദവിന്‍െറ നേതൃത്വത്തിലുള്ള കമീഷനില്‍ ഹൈദരാബാദ് എക്സ്പ്ളോസിവ്സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍. വേണുഗോപാല്‍, റിട്ട. എക്സ്പ്ളോസിവ്സ് ജോയന്‍റ് ചീഫ് കണ്‍ട്രോളര്‍ ജി.എം. റെഡ്ഡി, കരിക്കോട് ടി.കെ.എം എന്‍ജിനീയറിങ് കോളജ് കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഡോ.കെ.ബി. രാധാകൃഷ്ണന്‍ എന്നിവരാണുള്ളത്. മേയ് 30നാണ് അന്വേഷണസംഘം തെളിവെടുപ്പ് തുടങ്ങിയത്. പരവൂരിലെ ദുരന്തഭൂമിയും ക്ഷേത്രവും അപകടത്തില്‍ തകര്‍ന്ന വീടുകളും സന്ദര്‍ശിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍, അപകടം നേരില്‍കണ്ടവര്‍, പരിക്കേറ്റവര്‍ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. വെള്ളിയാഴ്ച പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളും തടയാന്‍ മുന്‍കരുതലെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചകളും അടങ്ങുന്ന റിപ്പോര്‍ട്ട് അന്വേഷണസംഘം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.