പി. ശ്രീരാമകൃഷ്ണൻ സ്പീക്കർ
text_fieldsതിരുവനന്തപുരം: 14ാം നിയമസഭയുടെ അധ്യക്ഷനായി പൊന്നാനി എം.എൽ.എ പി. ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. പി. ശ്രീരാമകൃഷ്ണന് 92 വോട്ടുകളും പ്രതിപക്ഷ സ്ഥാനാർഥി വി.പി സജീന്ദ്രന് 46 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.
എൽ.ഡി.എഫ്, യു.ഡി.എഫ് എം.എൽ.എമാരും ഏക ബി.ജെ.പി അംഗം ഒ. രാജഗോപാലും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. എന്നാൽ, പൂഞ്ഞാറിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എ പി.സി ജോർജ് വോട്ട് രേഖപ്പെടുത്തിയില്ല. നിയമസഭാ ഉദ്യോഗസ്ഥർ വിതരണം ചെയ്ത ബാലറ്റ് പേപ്പർ വാങ്ങിയ പി.സി ജോർജ് വോട്ട് രേഖപ്പെടുത്താതെ പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു.
എൽ.ഡി.എഫ്-91, യു.ഡി.എഫ്-47, ബി.ജെ.പി-1, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില. എൽ.ഡി.എഫിൽ നിന്നുള്ള പ്രോടെം സ്പീക്കർ എസ്. ശർമ വോട്ട് രേഖപ്പെടുത്തിയില്ല. പി.സി ജോർജിന്‍റെ വോട്ടാണ് അസാധുവായത്. ബി.ജെ.പി അംഗം രാജഗോപാലിന്‍റെ വോട്ടിനൊപ്പം യു.ഡി.എഫിൽ നിന്നുള്ള ഒരു വോട്ടും ശ്രീരാമകൃഷ്ണന് ലഭിച്ചതായാണ് സൂചന. ഫലത്തിൽ എൽ.ഡി.എഫിന് രണ്ട് വോട്ടുകൾ കൂടുകയും യു.ഡി.എഫിന് ഒരു വോട്ട് കുറയുകയും ചെയ്തു.
രാവിലെ സ്പീക്കറുടെ ഡയസിൽ തയാറാക്കിയ രണ്ട് താൽകാലിക പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഇരിപ്പിടത്തിന്‍റെ അടിസ്ഥാനത്തിൽ മുൻനിരയിൽ നിന്ന് ആദ്യം മുഖ്യമന്ത്രി പിണറായി വിജയനും അവസാനം പി.സി. ജോർജും വോട്ട് രേഖപ്പെടുത്തി. പ്രോടെം സ്പീക്കർ എസ്. ശർമ ഫലപ്രഖ്യാപനം നടത്തിയതോടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൂടി നിയുക്ത സ്പീക്കറെ കസേരയിലേക്ക് ആനയിച്ചു. തുടർന്ന് മുഖ്യമന്ത്രിയും ഭരണ, പ്രതിപക്ഷ പാർട്ടികളുടെ നിയമസഭാകക്ഷി നേതാക്കളും ഒ. രാജഗോപാലും പി.സി ജോർജും ആശംസകൾ നേർന്നു സംസാരിച്ചു.
കേരളാ നിയമസഭയുടെ 22ാമത് സ്പീക്കറാണ് 48കാരനായ പി. രാമകൃഷ്ണൻ. മലപ്പുറം ജില്ലയിൽ നിന്ന് സ്പീക്കറാകുന്ന അഞ്ചാമത്തെ ആളാണ്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ 42കാരനായ കെ. രാധാകൃഷ്ണനായിരുന്നു. 2006-11 കാലയളവിലാണ് രാധാകൃഷ്ണൻ സ്പീക്കർ പദവി വഹിച്ചിരുന്നത്.
സ്പീക്കർ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ സഭ ഇന്ന് ഇടക്കാലത്തേക്ക് പിരിയും. പിന്നീട് 24ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സമ്പൂര്‍ണ സഭാസമ്മേളനം ആരംഭിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് അപ്പോൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.