ശ്രീരാമകൃഷ്ണന്‍ ഇനി സഭയുടെയും സാര്‍
text_fieldsപെരിന്തല്‍മണ്ണ: ‘വീട്ടില്‍ ഒതുങ്ങിക്കൂടി കഴിയുന്ന കുട്ടിയായിരുന്നു അവന്‍, പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത് ബാലസംഘത്തിലൂടെയായിരുന്നു’. ശ്രീരാമകൃഷ്ണനെ ബാലസംഘത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് ആദ്യ ചുവടുകള്‍ വെപ്പിച്ച സാഹിത്യകാരന്‍ സി. വാസുദേവന്‍ മാസ്റ്റര്‍ ഓര്‍ക്കുന്നു. പി. ശ്രീരാമകൃഷ്ണന്‍ കേരള നിയമസഭയുടെ 22ാമത് സ്പീക്കറാകുമ്പോള്‍ മാസ്റ്റര്‍ക്കും പെരിന്തല്‍മണ്ണക്കുമിത് അഭിമാന നിമിഷം.
പൊന്നാനി മണ്ഡലത്തിലെ ജനപ്രതിനിധിയായി രണ്ടാംതവണ തെരഞ്ഞെടുക്കപ്പെട്ട ശ്രീരാമകൃഷ്ണന്‍ പെരിന്തല്‍മണ്ണ നഗരസഭയില്‍ പട്ടാമ്പി റോഡിലെ ‘നിരഞ്ജന’ത്തിലാണ് താമസം. സാമാജികരെ നിയന്ത്രിക്കുന്ന അധ്യാപകന്‍െറ റോളിലാകും ഹൈസ്കൂള്‍ അധ്യാപകന്‍ കൂടിയായ ശ്രീരാമകൃഷ്ണന്‍ ഇനി. വള്ളുവനാട്ടില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും അധ്യാപകനുമായ പൊറയത്ത് ഗോപി മാസ്റ്ററുടെയും റിട്ട. അധ്യാപിക സീതാലക്ഷ്മിയുടെയും മകനായി 1967ലാണ് ജനനം.
പട്ടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും പെരിന്തല്‍മണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും പഠനത്തിന് ശേഷം ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍നിന്ന് മലയാളത്തില്‍ ബി.എ പഠനം പൂര്‍ത്തിയാക്കി. ബി.എഡിനുശേഷം മേലാറ്റൂര്‍ ആര്‍.എം ഹൈസ്കൂളില്‍ അധ്യാപകനായി. ഒന്നര പതിറ്റാണ്ടായി അവധിയിലാണ്. സ്കൂള്‍ പഠനകാലത്ത് ബാലസംഘത്തിലൂടെയാണ് പൊതുരംഗത്തത്തെിയത്.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രസ്ഥാനങ്ങളിലൂടെ പ്രവര്‍ത്തിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയിലത്തെി. എസ്.എഫ്.ഐ പാലക്കാട് ജില്ലാ പ്രസിഡന്‍റ്, കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കേറ്റംഗം, ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്‍റ്, വേള്‍ഡ് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഏഷ്യന്‍ പസഫിക് മേഖല കണ്‍വീനര്‍, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം, സെനറ്റംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
2005ലാണ് ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ വര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏലംകുളം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിനോടും അടിയറവ് പറഞ്ഞു. 2011ല്‍ പൊന്നാനിയില്‍നിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ നേടിയ ഭൂരിപക്ഷത്തിന്‍െറ മൂന്നിരട്ടി നേടിയാണ് ഇത്തവണ ജയം. വെട്ടത്തൂര്‍ എ.യു.പി.എസ് അധ്യാപിക ദിവ്യയാണ് ഭാര്യ. മക്കള്‍: നിരഞ്ജന, പ്രിയരഞ്ജന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.