ഡി.എൽ.എഫ് ഫ്ലാറ്റ് പൊളിച്ച് നീക്കേണ്ടതില്ല: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം
text_fieldsകൊച്ചി: ചിലവന്നൂരിലെ വിവാദമായ ഡി.എല്‍.എഫ് ഫ്‌ളാറ്റ് നിര്‍മാണത്തില്‍ നിയമലംഘനം നടന്നിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. തീരദേശ പരിപാലന നിയമത്തിന്‍റെ പരിധിക്കുള്ളില്‍ നിന്നാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
നടപടിക്രമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ഡി.എൽ.എഫ് കെട്ടിടം നിർമിച്ചത്. കെട്ടിടം പൊളിച്ചു നീക്കേണ്ട കാര്യമില്ല. പാരിസ്ഥിതിക ആഘാത പഠന അതോറിറ്റിയുടെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ല തുടങ്ങിയ വിശദീകരണങ്ങളാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉള്ളത്.
തീരദേശ പരിപാലന ചട്ടത്തിന് വിരുദ്ധമായാണ് കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് അനുവദിച്ചതെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ജഡ്ജി എ.വി. രാമകൃഷ്ണപിള്ള ഫ്ളാറ്റ് പൊളിച്ചു നീക്കാന്‍ നേരത്തെ ഉത്തരവിട്ടത്. ഡി.എല്‍.എഫിന്‍റെ ഫ്ളാറ്റ് നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസിയായ എ.വി. ആന്‍റണി സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഉത്തരവ്. പാരിസ്ഥിതിക അനുമതിയുണ്ടോയെന്ന കാര്യം പരിശോധിക്കാതെയാണ് കെട്ടിട നിര്‍മാണത്തിന് കൊച്ചി നഗരസഭ പെര്‍മിറ്റ് അനുവദിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വിധിക്കെതിരെ ഡി.എൽ.എഫ് ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തു. ഡിവിഷൻ ബെഞ്ച് കേസിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കേസില്‍ കക്ഷി ചേർക്കുകയും വിശദീകരണം ആവശ്യപ്പെടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.