സ്കൂളുകളില്‍ ശൗചാലയവും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കണം
text_fields
മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് കാണിച്ച് തദ്ദേശവകുപ്പ് ഉത്തരവിറക്കി. നേരത്തേ ഇതുസംബന്ധിച്ച് ബാലാവകാശ കമീഷന്‍ തദ്ദേശ വകുപ്പിന് സര്‍ക്കുലര്‍ നല്‍കിയിരുന്നു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ പഠനസമയം പെണ്‍കുട്ടികളുടെ ആരോഗ്യനിലയെയും മാനസികനിലയെയും ബാധിക്കുന്നതാണെന്നായിരുന്നു പരാതി. ശുദ്ധമായ കുടിവെള്ളം, ജലലഭ്യതയോടു കൂടിയ യൂറിനല്‍സ് ടോയ്ലറ്റ്, പെണ്‍കുട്ടികള്‍ക്കായി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ എന്നീ സൗകര്യങ്ങള്‍ എല്ലാ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലും ഉറപ്പുവരുത്തണമെന്ന് കാണിച്ച് തദ്ദേശ വകുപ്പ് ജോയന്‍റ് സെക്രട്ടറി ജെ. ഉണ്ണികൃഷ്ണന്‍ ഉത്തരവിറക്കി.
സൗകര്യങ്ങള്‍ ഉണ്ടെന്നുറപ്പാക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ അധികാരികള്‍ വര്‍ഷത്തില്‍ രണ്ടുതവണ സ്കൂളുകളില്‍ പരിശോധന നടത്തണം. സൗകര്യങ്ങളുടെ കാര്യത്തില്‍ വീഴ്ച വരുത്തുന്ന സ്കൂള്‍ അധികാരികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. പഞ്ചായത്ത് ഡയറക്ടര്‍, ഗ്രാമവികസന കമീഷണര്‍, നഗരകാര്യ ഡയറക്ടര്‍ തുടങ്ങിയവരും ഉചിത നടപടികള്‍ സ്വീകരിക്കണം. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളില്‍ ശുദ്ധമായ വെള്ളം, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി ശുചിമുറികള്‍, പെണ്‍കുട്ടികള്‍ക്ക് നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ എന്നിവ ഇല്ളെങ്കില്‍ സ്കൂള്‍ നടത്തിപ്പിന് അംഗീകാരം നല്‍കുന്നത് പോലും തടയണമെന്ന് നിര്‍ദേശിച്ചാണ് ബാലാവകാശ കമീഷന്‍ തദ്ദേശ വകുപ്പിന് സര്‍ക്കുലര്‍ നല്‍കിയത്. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഒന്നാം എതിര്‍കക്ഷിയാക്കിയായിരുന്നു സര്‍ക്കുലര്‍.
ലബ്ബാ കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2015-16 വര്‍ഷം തുടങ്ങിയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സമയക്രമം എത്രമാത്രം വിദ്യാര്‍ഥികളുടെ ആരോഗ്യപരവും ബുദ്ധിപരവും സാമൂഹികപരവുമായ വളര്‍ച്ചക്ക് ഗുണകരമാണെന്ന് പഠനം നടത്തി തുടര്‍ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമീഷന്‍ നേരത്തേ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. 8.45 മുതല്‍ വൈകീട്ട് 4.45 വരെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പഠന സമയം ദുരിതത്തിലാണെന്നും പ്രഫഷനല്‍ കോഴ്സുകള്‍ പോലും പത്തുമുതല്‍ നാലുവരെയാണെന്നും കാണിച്ച് ബാലാവകാശ കമീഷന് മുന്നില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ബാലാവകാശ കമീഷന്‍ തദ്ദേശ വകുപ്പിന് സര്‍ക്കുലര്‍ നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.