റിസോഴ്സ് അധ്യാപക നിയമനമായില്ല; രക്ഷിതാക്കളും അധ്യാപകരും ആശങ്കയില്‍
text_fieldsതിരുവനന്തപുരം: കീഴ്വഴക്കം തെറ്റിച്ച് അധ്യയന വര്‍ഷം തുടങ്ങിയിട്ടും സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ കരാറടിസ്ഥാനത്തിലെ റിസോഴ്സ് അധ്യപകരെ ഇനിയും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായില്ല.അധ്യാപകരും ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷാകര്‍ത്താക്കളും ആശങ്കയില്‍. ഹൈസ്കൂളുകളില്‍ കരാറടിസ്ഥാനത്തില്‍ ജോലി നോക്കുന്ന 717 റിസോഴ്സ് അധ്യാപകരാണ് പുനര്‍നിയമനം ലഭിക്കാത്തതിനൊപ്പം വെക്കേഷന്‍ കാലത്തെ രണ്ടു മാസ ശമ്പളം കൂടി നഷ്ടപ്പെട്ട് ഗതികേടിലായത്. അധ്യാപകരെ പുനര്‍നിയമിക്കുന്ന ഓര്‍ഡര്‍ ഇനിയും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. ഇതു കാരണം ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനം തുടക്കത്തിലേ അവതാളത്തിലായതായി രക്ഷാകര്‍ത്താക്കള്‍ ആരോപിക്കുന്നു. സാധാരണയായി മാര്‍ച്ച് 31ന് പിരിച്ചുവിട്ട ശേഷം ഏപ്രിലില്‍ അധ്യാപകരെ ഐ.ഇ.ഡി.എസ്.എസ് (ഇന്‍ക്ള്യൂസിവ് എജുക്കേഷന്‍ ഫോര്‍ ഡിസേബില്‍ഡ് അറ്റ് സെക്കന്‍ഡറി സ്റ്റേജ്) തിരിച്ചെടുക്കുകയാണ് പതിവ്. ഇക്കുറി അതുണ്ടായില്ല.
ഇതു കാരണം കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ കേന്ദ്ര മാനവശേഷി മന്ത്രാലയം അനുവദിച്ച അധ്യാപകര്‍ക്കുള്ള ഏപ്രില്‍, മേയ് മാസത്തെ 4,13,78,340 രൂപ നഷ്ടമാകുകയും ചെയ്തു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അധ്യപകരുടെ ശമ്പളം 28,815 ആയി ഉയര്‍ത്തി നിശ്ചയിച്ചിരുന്നു. ഇതു പ്രകാരം ഏപ്രില്‍, മേയ് മാസങ്ങളില്‍ കിട്ടേണ്ടിയിരുന്ന 57,630 രൂപയാണ് ഓരോ അധ്യാപകനും നഷ്ടമായതെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16നുതന്നെ അധ്യാപകരെ പുനര്‍നിയമിച്ച് ഉത്തരവായിരുന്നു. ഈ വര്‍ഷം ഡിസംബര്‍ 13ന് ഇതുസംബന്ധമായ ഫയലില്‍ ഐ.ഇ.ഡി ഡയറക്ടര്‍ ഒപ്പുവെച്ച് സര്‍ക്കാറിലേക്ക് ഫയല്‍ പോയെങ്കിലും തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലവിലായതിനാല്‍ തെരഞ്ഞടുപ്പ് കമീഷന്‍ തടയുകയായിരുന്നു. മുന്‍കാലങ്ങളില്‍ പദ്ധതിക്കുള്ള 100 ശതമാനം ഫണ്ടും കേന്ദ്രമാണ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാറും വഹിക്കണമെന്ന കേന്ദ്ര നിര്‍ദേശമാണ് പുനര്‍നിയമനം വൈകാന്‍ കാരണം.
അധ്യാപക പുനര്‍നിയമന ഉത്തരവിന് സംസ്ഥാന സര്‍ക്കാര്‍ ഫൈനാന്‍സ് വിഭാഗത്തിന്‍െറ അനുമതി ലഭിക്കേണ്ടതുണ്ടെന്നും ഫയല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ വകുപ്പ് പാസാക്കി കിട്ടുമെന്നും ഐ.ഇ.ഡി ഡയറക്ടര്‍ രാജന്‍ പറയുന്നു. വെക്കേഷന്‍ കാലത്ത് റിസോഴ്സ് അധ്യാപകരെ പുനര്‍നിയമിക്കാത്തത് കാരണം അവധിക്കാല പരിശീലനത്തില്‍ അധ്യാപകര്‍ക്ക് പങ്കെടുക്കാനായിട്ടില്ല. ഇതു കാരണം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പരിശീലന ക്യാമ്പ്, സര്‍വേ, അനുബന്ധപ്രവര്‍ത്തനങ്ങളും മുടങ്ങി.പുനര്‍നിയമനം നടത്താതെ ജില്ലാ വിദ്യാഭാസ പരിശീലന കേന്ദ്രം(ഡയറ്റ്) പരിശീലനത്തിന് പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും നിയമവിരുദ്ധമായതിനാല്‍ അധ്യാപകര്‍ പങ്കെടുത്തിരുന്നില്ല. സര്‍ക്കാര്‍ നിലപാട് ഭിന്നശേഷിക്കാരായ നൂറുകണക്കിനുള്ള കുട്ടികളോടുള്ള വെല്ലുവിളിയാണെന്നും അധ്യാപകര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.