കാന്തപുരം നടത്തുന്നത് സമുദായ വഞ്ചന –കെ.പി.എ മജീദ്
text_fields
കോഴിക്കോട്: വ്യക്തിതാല്‍പര്യങ്ങള്‍ക്കുവേണ്ടി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കേരളത്തിലെ മുസ്ലിം സമുദായത്തെയും മതേതരവിശ്വാസികളെയും വഞ്ചിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ലേഖനത്തില്‍ കുറ്റപ്പെടുത്തി. മഞ്ചേശ്വരത്തടക്കം ബി.ജെപിക്ക് വോട്ടുമറിച്ച് നല്‍കാന്‍ കാന്തപുരം നേതൃത്വം നല്‍കിയത് ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങളോടും ദലിതുകളോടും സംഘ്പരിവാറും നരേന്ദ്ര മോദിയും ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകളെ മറച്ചുപിടിച്ച്, മുസ്ലിംകളെ ഭിന്നിപ്പിക്കാന്‍ നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന തരത്തിലാണ് അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനമെന്ന് തെളിവുസഹിതം ബോധ്യപ്പെട്ടിരിക്കുന്നു. മുസ്ലിം ലീഗിനെ മുഴുവന്‍ സീറ്റിലും തോല്‍പിക്കാനായി ഇറങ്ങിത്തിരിച്ച കാന്തപുരത്തിന്‍െറ അഹങ്കാരത്തിന് നല്‍കിയ ശിക്ഷയാണ് ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച ഭൂരിപക്ഷം.
മുസ്ലിം സമുദായത്തിന്‍െറ പൊതുപ്രശ്നങ്ങളില്‍ സമുദായസംഘടനകള്‍ ഒന്നിച്ചുനിന്നപ്പോള്‍ വിഘടിച്ചുനില്‍ക്കുന്ന നയമാണ് കാന്തപുരം സ്വീകരിച്ചത്. പൊതുവിശ്വാസങ്ങളില്‍ സമുദായം ഒന്നിച്ചുനില്‍ക്കണമെന്ന കേരള മുസ്ലിംകളുടെ സ്വപ്നം തകര്‍ത്തത് കാന്തപുരമാണെന്ന് അറിവുണ്ടായിട്ടും മുസ്ലിം ലീഗ് ഏറെ ക്ഷമിച്ചു. എന്നാല്‍, സംഘ്പരിവാറിനോട് ചേര്‍ന്നുനില്‍ക്കുന്ന അദ്ദേഹത്തിന്‍െറ സമുദായവിരുദ്ധ അജണ്ടകളെ വിമര്‍ശിക്കാതിരിക്കാന്‍ മുസ്ലിം ലീഗിന് കഴിയില്ല.
അന്താരാഷ്ട്ര സൂഫി സമ്മേളനമെന്നപേരില്‍ മോദിയുടെ ചെലവില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സമ്മേളനമാമാങ്കം മുസ്ലിംകളെ മൊത്തം ഭീകരവാദ പ്രയോക്താക്കളായി ചിത്രീകരിക്കുംവിധമായിരുന്നു.
നരേന്ദ്ര മോദിക്ക് കീഴില്‍ ചതഞ്ഞരഞ്ഞ ആയിരങ്ങളുടെ കണ്ണീര് ഈ സമ്മേളനം കണ്ടതായിപ്പോലും ഭാവിച്ചില്ല. ഫാഷിസ്റ്റ് ശക്തികളോട് ചേര്‍ന്ന് നടത്തുന്ന വഴിവിട്ട കളികള്‍ സമുദായവും മതനിരപേക്ഷ സമൂഹവും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന വസ്തുത കാന്തപുരം മനസ്സിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.