അട്ടപ്പാടിയില്‍ ശിശുമരണം തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍
text_fieldsഅഗളി: അട്ടപ്പാടിയില്‍ പട്ടിണിമരണം ഇല്ലാതാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പട്ടികജാതി-വര്‍ഗ വികസന മന്ത്രി എ.കെ. ബാലന്‍. ജനകീയ മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിറ്റി കിച്ചന്‍െറ ഭാഗമായുള്ള പോഷകാഹാര വിതരണം മുടങ്ങിയ ഊരുകളില്‍ ഉടന്‍ ആഹാരം എത്തിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പോഷകാഹാരം അവരുടെ ഇഷ്ടത്തിനും രുചിക്കും അനുസരിച്ച് മാറ്റും. സംയോജിത ശിശു വികസന പദ്ധതി പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഊരുകളിലെ പോഷകാഹാര വിതരണം, അവയുടെ ലഭ്യത എന്നിവ സംബന്ധിച്ച് വിലയിരുത്താന്‍ ജൂണ്‍ 15ന് വീണ്ടും അവലോകന യോഗം ചേരും.
രണ്ട് മാസത്തിലൊരിക്കല്‍ ജില്ലാ കലക്ടര്‍, പട്ടികവര്‍ഗ ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തനം വിലയിരുത്തും. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് മേഖലയില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് അതത് വകുപ്പുകള്‍ ഉടന്‍ അറിയിക്കണം.
അങ്കണവാടികളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ ബോധവത്കരണം നടത്തും. ഗുണമേന്മയുള്ള പ്രീ പ്രൈമറി വിദ്യാഭ്യാസം നല്‍കും. ഡോക്ടര്‍മാരുടെ ഒഴിവ് നികത്തും. ആശുപത്രികളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ തസ്തിക സൃഷ്ടിക്കും. തൂക്കക്കുറവോടെ ജനിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.
മേഖലയിലെ തൊഴിലുറപ്പ് പദ്ധതിയില്‍ തല്‍സ്ഥിതി തുടരും. വേതന കുടിശ്ശിക തുക ഉടന്‍ നല്‍കും. നിലവില്‍ നല്‍കുന്ന 100 ദിവസം കൂടാതെ 200 തൊഴില്‍ ദിനങ്ങള്‍ കൂടി സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.ബി. രാജേഷ് എം.പി, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, എ.ഡി.എം ഡോ. ജെ.ഒ. അരുണ്‍, സബ് കലക്ടര്‍ പി.ബി. നൂഹ്, ട്രൈബല്‍ ഡയറക്ടര്‍ പി. പുകഴേന്തി, ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, ഡി.എം.ഒ ഡോ. കെ.പി. റീത്ത, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.