സുധീരന്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം
text_fieldsതിരുവനന്തപുരം: വി.എം. സുധീരന്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ നെയ്യാര്‍ഡാമില്‍ ആരംഭിച്ച പാര്‍ട്ടിയുടെ ദ്വിദിന ക്യാമ്പ് നിര്‍വാഹകസമിതിയോഗത്തിലാണ് സുധീരനെതിരെ കടുത്തവിമശമുയര്‍ന്നത്. പാര്‍ട്ടിയിലെ രണ്ട് പ്രമുഖ ഗ്രൂപ്പുകളിലെയും മുതിര്‍ന്ന നേതാക്കള്‍ സുധീരന്‍െറ പേരെടുത്തുപറഞ്ഞ് യോഗത്തില്‍ രംഗത്തുവരികയായിരുന്നു.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാനകാരണക്കാരന്‍ സുധീരനാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ സുധീരന്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. നേതൃത്വത്തില്‍ തലമുറമാറ്റം അനിവാര്യമാണെന്ന് പറഞ്ഞ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍, ആദര്‍ശം പറയാന്‍മാത്രം കൊള്ളാവുന്ന ഒന്നാകരുതെന്ന് ചൂണ്ടിക്കാട്ടി. സുധീരന്‍ തെരഞ്ഞെടുപ്പ് ഘട്ടത്തിലടക്കം സ്വീകരിച്ച നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി. സുധീരന്‍ സ്ഥാനമൊഴിയണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. മുന്‍മന്ത്രി കെ.സി. ജോസഫ്, ബെന്നിബെഹനാന്‍ എന്നിവരും സമാനമായ ആവശ്യം ഉന്നയിച്ചു. തോല്‍വിക്ക് മൂന്നുനേതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ടെങ്കിലും സുധീരനെതിരെ ശക്തമായ വികാരമാണ് നിര്‍വാഹകസമിതിയില്‍ ഉയര്‍ന്നത്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന കാലത്തെ തീരുമാനങ്ങള്‍ ജനങ്ങളില്‍ സംശയംസൃഷ്ടിച്ചെന്നും ചില സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ഉണ്ടായ തര്‍ക്കം ജനങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കിയെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. പതിവിന് വിപരീതമായി എ.കെ. ആന്‍റണിക്കെതിരെയും ഇത്തവണ വിമര്‍ശമുയര്‍ന്നു.
ചര്‍ച്ചക്ക് തുടക്കമിട്ട വി.ഡി. സതീശന്‍ പാര്‍ട്ടിക്കും മുന്‍ഭരണത്തിനും എതിരെ ശക്തമായി പ്രതികരിച്ചു. ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ഭരണത്തിന്‍െറ അവസാനകാലത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുകള്‍ ജനങ്ങളില്‍ സംശയം ജനിപ്പിച്ചെന്ന് അദ്ദേഹം തുറന്നടിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംവരെ ഇടതുമുന്നണി പിന്നിലായിരുന്നു. എന്നാല്‍ വിവാദമായ ഉത്തരവുകള്‍ അവര്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഊര്‍ജംനല്‍കി -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.