ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും –മന്ത്രി
text_fieldsതിരുവനന്തപുരം: മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ ദര്‍ശനസൗകര്യം ലഭ്യമാക്കും. ഇതിന് ദേവസ്വം ബോര്‍ഡും കേരള പൊലീസും സംയുക്തമായി പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വികസനവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയിലെ 78 ഏക്കര്‍ ഭൂമി അളന്നുതിരിക്കും. ഇവിടെ അതിഥി മന്ദിരം പണിയാന്‍ 20 സെന്‍റ് ഭൂമി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാറിന് കൈമാറും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുകോടി അനുവദിച്ചു. ഭക്തര്‍ക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം ഉറപ്പാക്കാന്‍ 24 മണിക്കൂര്‍ സേവനം ഉറപ്പാക്കുന്ന ആശുപത്രി സ്ഥാപിക്കും. പമ്പശുചീകരണത്തിന് പ്രത്യേക പദ്ധതി തയാറാക്കും. ഇതു സമയബന്ധിതമായി പൂര്‍ത്തിയാക്കും. നിലവില്‍ കേരള പൊലീസിന്‍െറ സഹകരണത്തോടെ നടപ്പാക്കുന്ന ‘പുണ്യം പൂങ്കാവനം’ ശുചീകരണ പദ്ധതി തുടരും. മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ നടപ്പാക്കും. ശബരിമലയില്‍ പ്ളാസ്റ്റിക് നിരോധിച്ച സാഹചര്യത്തില്‍ കുടിവെള്ളലഭ്യത ഉറപ്പുവരുത്താന്‍ പ്രത്യേകപദ്ധതി തയാറാക്കും. മണ്ഡലകാലത്തിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക യോഗം ചേരും.
ശബരിമലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന റോപ് വേ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം ജൂലൈ ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം വീണ്ടും ചേരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ്തറയില്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഐ.ജി മനോജ് എബ്രഹാം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.