സോളാര്‍ കേസ്: സരിത സമര്‍പ്പിച്ച തെളിവുകളില്‍ 17ന് ക്രോസ് വിസ്താരം
text_fieldsകൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍ സമര്‍പ്പിച്ച തെളിവുകളില്‍ പരാമര്‍ശിക്കുന്നവരെ ഈ മാസം 17ന് ക്രോസ് വിസ്താരം നടത്താന്‍ സോളാര്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ അനുമതി നല്‍കി. 17ന് ഹാജരാവുമ്പോള്‍ തെളിവായി സ്വീകരിച്ച കത്തിന്‍െറയും രേഖകളുടെയും ഒറിജിനല്‍ ഹാജരാക്കണമെന്ന് കമീഷന്‍ സരിതയോട് നിര്‍ദേശിച്ചു.
കഴിഞ്ഞമാസം 11, 13 തീയതികളില്‍ മുദ്രവെച്ച കവറിലും അല്ലാതെയും നല്‍കിയ തെളിവുകളാണ് കമീഷന്‍ സരിതയുടെ സാന്നിധ്യത്തില്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയത്. 11ന് നല്‍കിയ രണ്ട് പെന്‍ഡ്രൈവുകളും 13ന് നല്‍കിയ ഒരു പെന്‍ഡ്രൈവും ഇതില്‍ ഉള്‍പ്പെടും. 2013 ജൂലൈ 19ന് പെരുമ്പാവൂര്‍ പൊലീസിന്‍െറ കസ്റ്റഡിയിലിരിക്കേ, സരിത എഴുതിയതായി പറയുന്ന 25 പേജുള്ള കത്തിന്‍െറ പകര്‍പ്പും തെളിവായി സ്വീകരിച്ചു. ഒരു മിനിറ്റ് 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സംഭാഷണവും മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഭാഷണവും ഉള്‍പ്പെടുന്നതാണ് രണ്ടു പെന്‍ഡ്രൈവുകള്‍. മൂന്നാമത്തെ പെന്‍ഡ്രൈവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോന്‍ സരിതക്കയച്ച ഇ-മെയില്‍ സന്ദേശങ്ങളും രഹസ്യസ്വഭാവത്തില്‍ നല്‍കിയ കത്തില്‍ പറയുന്നവരുമായുള്ള അശ്ളീല ദൃശ്യങ്ങളും ബെന്നി ബഹനാനുമായി നടത്തിയ ഫോണ്‍ സംഭാഷണവും മോന്‍സ് ജോസഫ് എം.എല്‍.എ, കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി, മുന്‍ എം.എല്‍.എ പി.സി. വിഷ്ണുനാഥ് എന്നിവര്‍ക്ക് സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ടുകളുമാണ് തിങ്കളാഴ്ച കമീഷന്‍ പരിശോധിച്ച് രേഖപ്പെടുത്തിയത്.
ഇവയെല്ലാം മുദ്രവെച്ച കവറിലാണ് സരിത നേരത്തേ സമര്‍പ്പിച്ചിരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഡല്‍ഹിയില്‍വെച്ച് കൈക്കൂലി നല്‍കിയെന്ന് പറയപ്പെടുന്ന കേസിന്‍െറ ഇപ്പോഴത്തെ അവസ്ഥയുടെ വിശദാംശങ്ങള്‍, അനര്‍ട്ടും സുരാന വെഞ്ച്വേഴ്സുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍, സോളാര്‍ മാസ്റ്റര്‍ പ്ളാന്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയും തെളിവുകളിലുണ്ട്. ആദ്യഘട്ട തെളിവുശേഖരണം ഈ മാസം 30ന് പൂര്‍ത്തിയാക്കും. അതുകൊണ്ടുതന്നെ നോട്ടീസ് കൈപ്പറ്റിയിട്ടും സാക്ഷികള്‍ സിറ്റിങ്ങില്‍ ഹാജരാവാതിരുന്നാല്‍ വാറന്‍റ് പുറപ്പെടുവിക്കുമെന്നും സരിത ആരോപണം ഉന്നയിച്ചവര്‍ക്ക് തെളിവുകളുടെ പകര്‍പ്പ് കൈമാറുമെന്നും കമീഷന്‍ അറിയിച്ചു. തെളിവുകള്‍ മുഴുവന്‍ പരിശോധിച്ച് ആവശ്യമുള്ളവരെ വീണ്ടും വിളിച്ചുവരുത്താനാണ് കമീഷന്‍ തീരുമാനം.
മല്ളേലില്‍ ശ്രീധരന്‍ നായരുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ കൂടിക്കാഴ്ചയുടെ തെളിവുകളും ഉമ്മന്‍ ചാണ്ടിയെ വിളിച്ചെന്നു പറയുന്ന മൊബൈല്‍ നമ്പറും 17ന് ഹാജരാക്കുമെന്ന് സരിത വ്യക്തമാക്കി. കമീഷനു മുന്നില്‍ വീണ്ടും ഹാജരായപ്പോഴാണ് സരിത തെളിവുകള്‍ കൈമാറുമെന്ന് പറഞ്ഞത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവ കമീഷന്‍ വിലയിരുത്തിയശേഷം അതില്‍ പരാമര്‍ശിക്കപ്പെട്ടവരോ ദൃശ്യങ്ങളിലുള്ളവരോ ആയവര്‍ക്ക് നോട്ടീസ് നല്‍കും.
അതേസമയം, തിങ്കളാഴ്ച മൊഴി നല്‍കാന്‍ എത്തേണ്ടിയിരുന്ന മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ ഹാജരായില്ല. 14ന് ഹാജരാകണമെന്ന് ഷിബു ബേബി ജോണിനെ അറിയിക്കാന്‍ അദ്ദേഹത്തിന്‍െറ അഭിഭാഷകന് നിര്‍ദേശം നല്‍കി. അതേസമയം, പുതിയ സര്‍ക്കാറില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.