ധനലക്ഷ്മി ബാങ്ക് ഓഹരി വില്‍പന ഒറ്റദിവസംകൊണ്ട് കുതിച്ചു
text_fieldsതൃശൂര്‍: പ്രവര്‍ത്തന നഷ്ടവും ബിസിനസ് ഇടിവും നേരിട്ട് കടുത്ത പ്രതിസന്ധിയിലായ ധനലക്ഷ്മി ബാങ്കിന്‍െറ ഓഹരി വില്‍പന ഒറ്റദിവസംകൊണ്ട് കുതിച്ചുയര്‍ന്നു. സാധാരണ ഒന്നര മുതല്‍ ഒന്നേമുക്കാല്‍ ലക്ഷം വരെയും അപൂര്‍വം ദിവസങ്ങളില്‍ മൂന്നുലക്ഷം വരെയും ഓഹരി വില്‍ക്കുന്ന സ്ഥാനത്ത് തിങ്കളാഴ്ച നാഷനല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ 55,44,000 ഓഹരികള്‍ വിറ്റു. ഓഹരി വിപണിയില്‍ ധനലക്ഷ്മിയുടെ ഈ ഇന്ദ്രജാലത്തിനു പിന്നില്‍ ബാങ്ക് ഏറ്റെടുക്കലിന്‍െറ വക്കിലാണെന്ന അഭ്യൂഹം ശക്തമായി.
10 രൂപ മുഖവിലയുള്ള ഓഹരി, ദിവസങ്ങള്‍ക്കു മുമ്പ് വരെ 18 രൂപക്കാണ് വിറ്റിരുന്നത്. മൂന്നുനാലു ദിവസമായി വിലയില്‍ നേരിയ വര്‍ധനയുണ്ടായി. തിങ്കളാഴ്ച ക്ളോസ് ചെയ്യുമ്പോള്‍ ഓഹരി വില 21.90 രൂപ.
ഓഹരി വിലയില്‍ ഒറ്റദിവസംകൊണ്ട് 11.85 ശതമാനം വര്‍ധനയുണ്ടാകുന്നത്, കനത്ത നഷ്ടം നേരിടുന്ന സ്ഥാപനങ്ങളുടെ കാര്യത്തില്‍ അപൂര്‍വമാണ്. രാവിലെ വിപണി ഇടപാട് തുടങ്ങിയപ്പോള്‍ മുതല്‍ ധനലക്ഷ്മിയുടെ ഓഹരി വ്യാപാരം വാണംപോലെ ഉയരുകയായിരുന്നു. ഉച്ചക്ക് ഒന്നിന് 14 ലക്ഷത്തിലധികം വിറ്റ സ്ഥാനത്താണ് മൂന്ന് മണിക്കൂര്‍കൂടി കഴിഞ്ഞ് 3.15ന് ക്ളോസ് ചെയ്യുമ്പോള്‍ 55 ലക്ഷത്തിലധികമായി ഉയര്‍ന്നു. ഓഹരി വില ഉയര്‍ത്താന്‍ ബോധപൂര്‍വം ഏതോ ശക്തികള്‍ വിപണിയില്‍ ഇടപെട്ടെന്ന് വ്യക്തം. റിസര്‍വ് ബാങ്ക് നിശ്ചയിച്ച മൂലധന പര്യാപ്തതാ അനുപാതത്തിനേക്കാള്‍ (കാപിറ്റല്‍ അഡിക്വസി റേഷ്യോ -സി.എ.ആര്‍) താഴെപ്പോയി കടുത്ത വെല്ലുവിളി നേരിടുന്ന ധനലക്ഷ്മി ബാങ്ക് ഏറ്റെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ് തിങ്കളാഴ്ച ഓഹരി വിപണിയില്‍ കണ്ടത്. തൃശൂര്‍ ആസ്ഥാനമായുള്ള പഴയതലമുറ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ഏറ്റെടുക്കാന്‍ എച്ച്.ഡി.എഫ്.സിയും ആക്സിസ് ബാങ്കും താല്‍പര്യം കാണിച്ചെന്ന് ഇടക്കാലത്ത് ശ്രുതിയുണ്ടായിരുന്നു.
അതിനുമുമ്പ് റിലയന്‍സിന്‍െറ പേരാണ് കേട്ടത്. എന്നാല്‍, ബാങ്കിന്‍െറ പരിതാപ അവസ്ഥയില്‍ അവര്‍ക്കൊന്നും ഇപ്പോള്‍ താല്‍പര്യമില്ല. പുതുതായി കേള്‍ക്കുന്നത് ‘യെസ്’ ബാങ്കിന്‍െറ പേരാണ്. എന്നാല്‍, ധനലക്ഷ്മി ബാങ്കുമായി ബന്ധപ്പെട്ടവര്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല. അതേസമയം, ചുമതലയേറ്റ് ഒരുവര്‍ഷത്തിലധികമായിട്ടും ജീവനക്കാരുടെ സംഘടനകളോട് ചര്‍ച്ച നടത്താന്‍പോലും തയാറാവാതിരുന്ന ബാങ്ക് എം.ഡി ജി. ശ്രീറാം കഴിഞ്ഞദിവസം ഒരു ഇംഗ്ളീഷ് ചാനലിന് അഭിമുഖം നല്‍കിയിട്ടുണ്ട്.
ധനലക്ഷ്മി ബാങ്കില്‍ പ്രവാസി വ്യവസായികളായ രവി പിള്ളക്ക് 4.99 ശതമാനവും എം.എ. യൂസഫലിക്ക് 4.31 ശതമാനവും ഓഹരിയുണ്ട്. മാര്‍ഷല്‍ ഗ്ളോബല്‍ കാപിറ്റല്‍ ഫണ്ട്, അന്‍ഡാറ ഇന്ത്യന്‍ എവര്‍ഗ്രീന്‍ ഫണ്ട്, എലാറ ഇന്ത്യ ഓപര്‍ച്യൂണിറ്റീസ് ഫണ്ട് എന്നീ സ്ഥാപനങ്ങള്‍ക്കും ഡി.എച്ച്.എഫ്.എലിന്‍െറ കപില്‍കുമാര്‍ വാധ്വാനും ധനലക്ഷ്മിയില്‍ ഓഹരി നിക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.