വിവരാവകാശ കമീഷനില്‍ എത്ര അംഗങ്ങളുണ്ട്?.. പ്ലീസ്, മറ്റാരോടെങ്കിലും ചോദിക്കൂ..!
text_fieldsതൃശൂര്‍: സര്‍ക്കാറുമായി ബന്ധപ്പെട്ട സകല വിവരവും നിശ്ചിത സമയത്തിനകം നല്‍കുന്ന സംവിധാനമാണ് സംസ്ഥാന വിവരാവകാശ കമീഷനെന്ന് കരുതി കമീഷനെക്കുറിച്ച് കമീഷനോട് ഒന്നും ചോദിക്കണ്ട. കാരണം, കമീഷന് കമീഷനെക്കുറിച്ച് അറിയില്ല!. മറ്റാരുമല്ല, കമീഷന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കമീഷനെക്കുറിച്ചുള്ള ചോദ്യത്തിന് സര്‍ക്കാറിനോട് ചോദിച്ചിട്ട് പറയാം എന്നാണ് മറുപടി. കമീഷന്‍െറ ഇപ്പോഴത്തെ അവസ്ഥവെച്ച് ഈ മറുപടി അത്ര മോശമാണെന്ന് പറയാനുമാവില്ല.
ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ തൃശൂര്‍ കുരിയച്ചിറ ചേറ്റുപുഴക്കാരന്‍ സി.എല്‍. ജോയ് വിവരാവകാശ നിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് കമീഷന്‍െറ രസകരമായ മറുപടി. ജോയ് ചോദിച്ച രണ്ട് ചോദ്യങ്ങള്‍ ലളിതമാണ്. 2016 ഏപ്രില്‍ ഒന്നിലെ സ്ഥിതിയനുസരിച്ച് കമീഷന് അനുവദനീയമായ കമീഷണര്‍മാരുടെ എണ്ണമെത്ര, ഇതേ കാലയളവില്‍ എത്ര കമീഷണര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്?. കമീഷന്‍െറ മറുപടി അതിനേക്കാള്‍ ലളിതം. ‘ആ വിവരം ഈ ഓഫിസില്‍ ലഭ്യമല്ല. ഏതായാലും താങ്കളുടെ അപേക്ഷ സെക്രട്ടേറിയറ്റിലെ പൊതുഭരണ (ഏകോപന) വകുപ്പിന് കൈമാറിയിട്ടുണ്ട്. അവരുടെ കൈവശം ഇത്തരം വിവരമുണ്ടെങ്കില്‍ താങ്കള്‍ക്ക് അവിടെനിന്ന് നേരിട്ട് നല്‍കുന്നതാണ്.’
2016 മാര്‍ച്ച് 31 വരെ കമീഷനില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പ് കാത്ത് കിടക്കുന്നുണ്ട് എന്നും ജോയ് ചോദിച്ചിരുന്നു. ഇതില്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ പഴക്കമുള്ളത്, ഒന്നു മുതല്‍ രണ്ടു വര്‍ഷം, രണ്ട് മുതല്‍ മൂന്നു വര്‍ഷം, മൂന്നു മുതല്‍ അഞ്ച് വര്‍ഷം, അഞ്ച് വര്‍ഷത്തിലധികം എന്നിങ്ങനെ തീര്‍പ്പാവാത്തത് എത്ര എന്നായിരുന്നു ചോദ്യം. എല്ലാറ്റിനും കൂടി കമീഷന്‍െറ ‘സിംപിള്‍’ ഉത്തരം: ‘അങ്ങനെയൊന്നും ഈ ഓഫിസില്‍ ചെയ്യാറില്ല. ഏതായാലും കഴിഞ്ഞ മാര്‍ച്ച് 31 വരെ 7,825 പരാതികള്‍ തീര്‍പ്പ് കാത്തുകിടക്കുന്നുണ്ട്’.
വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷക്ക് 30 ദിവസത്തിനകം മറുപടി നല്‍കണമെന്ന് വ്യവസ്ഥയുള്ളപ്പോള്‍ കമീഷനില്‍ കാലങ്ങളായി പരിഹാരം കിട്ടാതെ നിരവധി പരാതികളുണ്ടെന്ന് ബോധ്യമുള്ളതിനാലാണ് ജോയ് വിവരങ്ങള്‍ ആരാഞ്ഞത്. ജോയ് നല്‍കിയ ഒരു പരാതിക്ക് കാലങ്ങളായി മറുപടി കിട്ടിയിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പെട്ടെന്ന് ഉത്തരം ആവശ്യമുള്ള ചില ചോദ്യങ്ങളാണ് കമീഷനോട് ആരായുന്നത്. മറുപടി വൈകിയാല്‍ ഫലമുണ്ടാവില്ല. മറ്റു പല സര്‍ക്കാര്‍ ഓഫിസുകളുംപോലെയാണ് വിവരാവകാശ കമീഷന്‍െറയും അവസ്ഥ.
കമീഷന്‍ അംഗങ്ങളുടെ കാര്യം നിയമക്കുരുക്കിലാണ്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മുന്‍ ഡി.ജി.പി വിന്‍സണ്‍ എം. പോളിനെ മുഖ്യ വിവരാവകാശ കമീഷണറായി നിയമിച്ചത് പിന്നീട് കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, കമീഷണര്‍മാരുടെ നിയമന ഫയല്‍ ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷവും ഗവര്‍ണര്‍ ഈ ഫയല്‍ സര്‍ക്കാറിന് തിരിച്ചയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.