കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ആന്ധ്ര ലോബി; അരി വില ഉയരുന്നു
text_fieldsകൊച്ചി: കൃത്രിമ ക്ഷാമം സൃഷ്ടിച്ച് അരിവില കൂട്ടി ലാഭം കൊയ്യാന്‍ ആന്ധ്ര ലോബിയുടെ നീക്കം. മൂന്നാഴ്ചയിലേറെയായി ആന്ധ്രയില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില അഞ്ചുരൂപവരെ വര്‍ധിച്ചു. മലയാളികള്‍ക്ക് പ്രിയങ്കരമായ ജയ, സുരേഖ ഇനങ്ങള്‍ക്കാണ് വില കൂടിയിട്ടുള്ളത്. ഒരാഴ്ചയായി ആന്ധ്രയില്‍നിന്ന് അരി വരവ് നിലച്ചിരിക്കുകയുമാണ്. നെല്ല് പിടിച്ചുവെച്ചും വില്‍പന കുറച്ചും ആന്ധ്രയിലെ കുത്തകമില്ലുകള്‍ സൃഷ്ടിക്കുന്ന കൃത്രിമ ക്ഷാമം പരിഹരിക്കാനായില്ളെങ്കില്‍ ഓണം വരെയെങ്കിലും കേരളത്തില്‍ അരിവില ഉയര്‍ന്നേക്കും.
ആന്ധ്രയിലെ ഈസ്റ്റ്-വെസ്റ്റ് ഗോദാവരിയില്‍ നിന്നാണ് കേരളത്തിലേക്ക് അരി എത്തുന്നത്. അവിടെ കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ല് പ്രധാനമായും രണ്ട് പ്രമുഖ മില്ലുകള്‍ സ്റ്റോക്ക് ചെയ്തതോടെയാണ് കേരളത്തിലേക്ക് അരി അയക്കുന്നത് കുറഞ്ഞത്. അരി കയറ്റുന്നതില്‍ മന$പൂര്‍വം കാലതാമസം വരുത്തിയായിരുന്നു തുടക്കം. തുടര്‍ന്ന് അളവ് കുറച്ചു. ആന്ധ്രയില്‍ ലഭ്യത കുറഞ്ഞെന്ന് പറഞ്ഞായിരുന്നു ഇത്. കുത്തക മില്ലുകള്‍ വില നിശ്ചയിക്കുന്ന സ്ഥിതിയുണ്ടായതോടെ വില കുറേശെയായി ഉയരുകയാണ്. 12 റാക്ക് അരിയാണ് ഒരുമാസം ആന്ധ്രയില്‍നിന്ന് എത്തിയിരുന്നത്. ഒരു റാക്കില്‍ 2,500 ടണ്‍ വരെയുണ്ടാകും. എന്നാല്‍, കഴിഞ്ഞമാസം വന്നത് നാല് റാക്ക് മാത്രമാണ്. ഈ മാസം ഇതുവരെ ഒരു ചാക്ക് അരി പോലും ആന്ധ്രയില്‍നിന്ന് എത്തിയിട്ടുമില്ല.
നെല്ല് പുഴുങ്ങി ഉണക്കി ഒരു വര്‍ഷം വരെ സ്റ്റോക്ക് ചെയ്തശേഷം അരിയാക്കി കേരളത്തിലേക്ക് കയറ്റിവിടുന്ന രീതിയാണ് കാലങ്ങളായി ആന്ധ്രയില്‍ നിലനില്‍ക്കുന്നത്. ഇത് അടുത്തകാലത്ത് രണ്ട് മില്ലുകള്‍ കുത്തകയാക്കുകയായിരുന്നു. പുതിയ നെല്ലില്‍നിന്ന് ലഭിക്കുന്ന അരിക്ക് ഗുണമേന്മ കുറയും. വിളവെടുപ്പിനാകട്ടെ ഒന്നര മാസം കൂടിയെങ്കിലുമെടുക്കും. പുതിയ നെല്ല് കുത്തി കൊണ്ടുവന്നാല്‍ പോലും അരി വിപണിയിലത്തൊന്‍ ഇനി രണ്ട് മാസം വേണ്ടിവരും. ഈ തക്കം നോക്കി ലാഭം കൊയ്യാനാണ് ആന്ധ്രാ ലോബിയുടെ ശ്രമം.
വാഗണ്‍ ഒഴിവാക്കി അരി ലോറിവഴി അയക്കുന്ന രീതിയാണ് ഒരുമാസത്തോളമായി ആന്ധ്രയിലെ മില്ലുകള്‍ അവലംബിക്കുന്നത്. ഇറക്കുന്നത് കൊല്ലത്ത് മാത്രവും. കൊച്ചിയിലേക്കും മറ്റിടങ്ങളിലേക്കും അരി എത്തിക്കുന്നതിന് അധിക ചെലവുണ്ടാക്കും. അതേസമയം, നെല്ലുല്‍പാദനം കുറഞ്ഞതുകൊണ്ടാണ് വിതരണം കുറച്ചതെന്നാണ് ആന്ധ്രയിലെ മില്ലുടമകളുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.