ആരോഗ്യ സര്‍വകലാശാലയിൽ 40 പേര്‍ ഡോക്ടര്‍മാരായത് ഗ്രേസ് മാര്‍ക്കിലൂടെ
text_fieldsതൃശൂര്‍: കേരള ആരോഗ്യ സര്‍വകലാശാലയുടെ കഴിഞ്ഞ എം.ബി.ബി.എസ് പരീക്ഷയില്‍ 40 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഡോക്ടര്‍ ബിരുദം നേടിയത് ഗ്രേസ് മാര്‍ക്കിലൂടെ. തിയറി, പ്രാക്ടിക്കല്‍, ഇന്‍േറണല്‍, വൈവ എന്നിവ ആകെ പാസാവാന്‍ വേണ്ട മാര്‍ക്ക് കുറവാണെങ്കില്‍ അഞ്ച് മാര്‍ക്ക് വരെ ഗ്രേസ് ആയി നല്‍കാമെന്ന സര്‍വകലാശാല സ്റ്റുഡന്‍റ്സ് ഗ്രീവന്‍സസ് അഡ്ജുഡിക്കേഷന്‍ ബോര്‍ഡിന്‍െറ തീരുമാനമാണ് ഇത്രയും പേരെ മെഡിക്കല്‍ ബിരുദധാരികളാക്കിയത്. മെഡിക്കല്‍ വിദ്യാഭ്യാസംപോലുള്ള രംഗങ്ങളില്‍ പാസ് മാര്‍ക്ക് തികക്കാന്‍പോലും ഗ്രേസ് നല്‍കേണ്ടി വരുന്നുവെന്ന ഗുരുതരമായ അവസ്ഥ വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിനുള്ള മറുപടിയില്‍ ആരോഗ്യ സര്‍വകലാശാല തന്നെയാണ് പുറത്തുവിട്ടത്.
ആകെ 47 വിദ്യാര്‍ഥികള്‍ക്കാണ് പാസാകാന്‍ മാര്‍ക്ക് തികയാതെ വന്നത്. മൂന്നുപേര്‍ റീ-ടോട്ടലിങ്ങില്‍ ആവശ്യമായ മാര്‍ക്ക് നേടി. ബാക്കിയുള്ളവര്‍ക്ക് ഒന്നു മുതല്‍ അഞ്ച് വരെ ഗ്രേസ് മാര്‍ക്ക് നല്‍കിയാണ് പാസാക്കിയത്.
ഇങ്ങനെ ജയിച്ചവരില്‍ ഒമ്പതുപേര്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും പഠിച്ചവരാണ്. പരിയാരം മെഡിക്കല്‍ കോളജില്‍ പഠിച്ച മൂന്നുപേരും എറണാകുളം മെഡിക്കല്‍ കോളജില്‍ പഠിച്ച ഒരാളും ഗ്രേസ് മാര്‍ക്കിന്‍െറ ആനുകൂല്യത്തില്‍ കരപറ്റി. പാലക്കാട് കരുണ മെഡിക്കല്‍ കോളജില്‍ പഠിച്ച എട്ടുപേര്‍ക്കും കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ പഠിച്ച നാല് വിദ്യാര്‍ഥികള്‍ക്കും പാസാവാന്‍ ഗ്രേസ് മാര്‍ക്ക് വേണ്ടിവന്നു. കൊല്ലത്തെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് നാലുപേരും എറണാകുളം ശ്രീനാരായണ മെഡിക്കല്‍ കോളജിലെ മൂന്ന് വിദ്യാര്‍ഥികളും തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കല്‍ കോളജില്‍ പഠിച്ച രണ്ട് വിദ്യാര്‍ഥികളും ഇത്തരത്തില്‍ എം.ബി.ബി.എസുകാരായി. കോലഞ്ചേരി, പെരിന്തല്‍മണ്ണ എം.ഇ.എസ്, തിരുവല്ല പുഷ്പഗിരി, തൃശൂര്‍ ജൂബിലി മിഷന്‍, കൊല്ലം അസീസിയ, തൃശൂര്‍ അമല എന്നിവിടങ്ങളില്‍ ഓരോ വിദ്യാര്‍ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് വേണ്ടിവന്നു.
പാസ് മാര്‍ക്ക് കിട്ടാതിരുന്ന ചിലരുടെ ഇന്‍േറണല്‍ മാര്‍ക്ക് കണക്കാക്കിയതിലെ അപാകത പരിഹരിച്ചപ്പോള്‍ അവര്‍ പാസായിട്ടുണ്ടെന്നും സര്‍വകലാശാല നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.