ലാവലിന്‍ കേസ്: റിവിഷന്‍ ഹരജികള്‍ ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി: ലാവലിന്‍ കേസിലെ റിവിഷന്‍ ഹരജികള്‍ ഇന്ന് ഹൈകോടതി പരിഗണിക്കും. റിവിഷന്‍ ഹരജികള്‍ വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികളിലാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ബെഞ്ച് വാദം കേള്‍ക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരായ റിവിഷന്‍ ഹരജികളാണ് പ്രധാന വാദത്തിനായി കാത്തിരിക്കുന്നത്. ഇതില്‍ മുഖ്യ ഹരജി സി.ബി.ഐയുടേതാണ്. സര്‍ക്കാറും ക്രൈം എഡിറ്റര്‍ നന്ദകുമാറും സമാന ആവശ്യം ചൂണ്ടിക്കാട്ടി ഹരജി നൽകിയിട്ടുണ്ട്.
അതേസമയം, കേസിൽ വാദം കേള്‍ക്കുന്നതിൽ രണ്ടുമാസത്തെ സാവകാശം സി.ബി.ഐ തേടിയിട്ടുണ്ട്‍. സി.ബി.ഐക്കുവേണ്ടി വാദിക്കാന്‍ അഡീ. സോളിസിറ്റര്‍ ജനറലിന് എത്താന്‍ അവസരമൊരുക്കാനാണ് കൂടുതല്‍ സമയം തേടിയത്. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ അഡീ. സോളിസിറ്റര്‍ ജനറല്‍ പരംജിത് സിങ് പഡ്വാലിയയെ ചുമതലപ്പെടുത്തിയാല്‍ മാത്രമെ പ്രോസിക്യൂട്ടറായി സി.ബി.ഐക്കു വേണ്ടി ഹൈകോടതിയില്‍ ഹാജരാകാനാകൂ.
കേസുമായി ബന്ധമില്ലാത്തവരുടെ ഇത്തരം ഹരജികള്‍ അനുവദിക്കരുതെന്ന് കഴിഞ്ഞതവണ കേസ് പരിഗണിക്കവേ സി.ബി.ഐ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചിരുന്നു. സി.ബി.ഐ അന്വേഷിച്ച കേസില്‍ സി.ബി.ഐ കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ സി.ബി.ഐയുടെ റിവിഷന്‍ ഹരജി നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ മറ്റു ഹരജികള്‍ക്ക് പ്രസക്തിയില്ലെന്നാണ് സി.ബി.ഐ നിലപാട്.
2013 നവംബര്‍ 21ന് സമര്‍പ്പിച്ച റിവിഷന്‍ ഹരജി 2016 ഫെബ്രുവരിയില്‍ പരിഗണനക്ക് വന്നെങ്കിലും രണ്ടു മാസത്തിന് ശേഷമുള്ള കാലാവധിയിലേക്ക് മാറ്റിയെന്നും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നന്ദകുമാറിന്‍റെ ഹരജി. എതിര്‍ കക്ഷിയായ പിണറായി വിജയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഹരജി വേഗം തീര്‍പ്പാക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, രാഷ്ട്രീയ ഗൂഢോദ്ദേശ്യം മാത്രമാണ് ഹരജികള്‍ക്കു പിന്നിലെന്നാണ് പിണറായി അടക്കമുള്ള എതിര്‍ കക്ഷികളുടെ വാദം. തുടര്‍ന്നാണ് റിവിഷന്‍ ഹരജികള്‍ വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികളുടെ നിയമസാധുത പരിശോധിക്കാന്‍ ജൂണ്‍ ഒമ്പതിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.