അഞ്ജുവിനോട് മോശം പെരുമാറ്റം: ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ അഞ്ജു ബേബി ജോർജിനോട് പരുഷമായി പെരുമാറിയ സംഭവത്തിൽ കായിക മന്ത്രി ഇ.പി ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ജുവിനോട് മന്ത്രി അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്ന് പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിമാനം ഉപയോഗിക്കുന്ന വിഷയമാണ് ജയരാജൻ അഞ്ജുവിനോട് ചോദിച്ചത്. യാത്രകൾക്ക് കേരളത്തിൽ സാധാരണഗതിയിൽ സ്വീകരിക്കുന്ന ഒരു രീതിയുണ്ട്. അഞ്ജുവിന്‍റെ സേവനം ലഭിക്കുന്നതിന് വേണ്ടിയായിരിക്കും കഴിഞ്ഞ മന്ത്രിസഭ വിമാനയാത്രക്ക് അനുമതി നൽകിയത്. ഇത് ശരിയായ രീതിയല്ലെന്നാണ് അഞ്ജുവിനോട് പുതിയ കായിക മന്ത്രി പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയക്കാരിയായല്ല മറിച്ച് കായിക താരമായാണ് സർക്കാർ അഞ്ജുവിനെ കാണുന്നതെന്ന് താൻ പറഞ്ഞിരുന്നു. വളരെ നല്ല നിലയിലാണ് താനുമായുള്ള കൂടിക്കാഴ്ച അവസാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ പ്രശ്നം സംഘർഷത്തിലൂടെ പരിഹരിക്കാൻ കഴിയില്ലെന്ന് പിണറായി പറഞ്ഞു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ തമിഴ്നാടിന്‍റെ സഹകരണം കേരളത്തിന് ആവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിന്‍റെ സാമ്പത്തികനില അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.എ.ജി കണക്കനുസരിച്ച് സംസ്ഥാനത്തിന്‍റെ മൊത്തം കടം 1,54,057 കോടി രൂപയാണ്. സർക്കാറിന് മുന്നിൽ ഒട്ടേറെ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. ഇവ മറികടക്കാൻ ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നും പിണറായി വ്യക്തമാക്കി.
ജനവിധിയെ അംഗീകരിച്ചുള്ള ഭരണമാകും എൽ.ഡി.എഫ് കാഴ്ചവെക്കുക. അഴിമതിക്കെതിരായ നടപടികളുമായി മുന്നോട്ടുപോകും. മുന്നിൽവരുന്ന എല്ലാ പരാതികളും 30 ദിവസത്തിനകം തീർപ്പാക്കും. സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ (എസ്.ബി.ടി) കേരളത്തിന്‍റെ ബാങ്കാണ്. അത് പഴയ രീതിയിൽ തന്നെ നിലനിൽക്കണം. രാഷ്ട്രീയമായി ആരോടും പ്രതികാരം ചെയ്യാനോ പകപോക്കാനോ ഇല്ല. നിയമം നിയമത്തിന്‍റെ വഴിയേ പോകുന്നത് തടയാൻ ശ്രമിക്കില്ലെന്നും പിണറായി പറഞ്ഞു.
മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദന് പദവി നൽകുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു. വി.എസിന്‍റെ പദവി സംബന്ധിച്ച തീരുമാനം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷമെന്ന മാധ്യമ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.