ലാവലിന്‍ കേസ്: റിവിഷന്‍ ഹരജികള്‍ ഹൈകോടതി തള്ളി
text_fieldsകൊച്ചി: ലാവലിന്‍ കേസില്‍ സി.ബി.ഐയുടെ ക്രിമിനല്‍ റിവിഷന്‍ ഹരജി മാത്രം നിലനിര്‍ത്തി എല്ലാ സ്വകാര്യഹരജികളും ഹൈകോടതി തള്ളി. ‘ക്രൈം’ എഡിറ്റര്‍ ടി.പി. നന്ദകുമാര്‍, വി.എസ്. അച്യുതാനന്ദന്‍െറ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന കെ.എം. ഷാജഹാന്‍, മുന്‍ കെ.എസ്.ഇ.ബി എന്‍ജിനീയറും ബാലാനന്ദന്‍ കമ്മിറ്റി അംഗവുമായിരുന്ന കെ.ആര്‍. ഉണ്ണിത്താന്‍ എന്നിവര്‍ നല്‍കിയ റിവിഷന്‍ ഹരജികളാണ് ജസ്റ്റിസ് ബി. കെമാല്‍പാഷ തള്ളിയത്. സി.ബി.ഐ നല്‍കിയ ഹരജിയില്‍ കക്ഷി ചേരാന്‍ പാലാ സ്വദേശി ജീവന്‍ ഉള്‍പ്പെടെ നല്‍കിയ രണ്ട് ഹരജിയും തള്ളി.
കേസിന്‍െറ അന്വേഷണഘട്ടത്തിലോ അന്തിമറിപ്പോര്‍ട്ട് കീഴ്കോടതിയില്‍ നല്‍കിയ ഘട്ടത്തിലോ സ്വകാര്യഹരജിക്കാര്‍ ബന്ധപ്പെട്ട ഫോറങ്ങളെ സമീപിച്ചിട്ടില്ളെന്നതും അന്വേഷണ ഏജന്‍സിതന്നെ റിവിഷന്‍ ഹരജി നല്‍കിയ സാഹചര്യത്തില്‍ മറ്റുള്ളവ അപ്രസക്തമാണെന്നും വ്യക്തമാക്കിയാണ് കോടതിയുടെ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റമുക്തനാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരായ റിവിഷന്‍ ഹരജികളുടെ സാധുത പരിശോധിക്കുകയായിരുന്നു കോടതി. സ്വകാര്യഹരജികള്‍ തള്ളിയ സാഹചര്യത്തില്‍ സി.ബി.ഐയുടെ റിവിഷന്‍ ഹരജി രണ്ട് മാസത്തിനുശേഷം പരിഗണിക്കാന്‍ മാറ്റി.
പൊതുപണം ദുര്‍വ്യയം ചെയ്ത കേസായതിനാല്‍ തങ്ങള്‍ക്കും കോടതിയെ സമീപിക്കാന്‍ അധികാരമുണ്ടെന്ന വാദമാണ് സി.ബി.ഐ ഒഴികെയുള്ള ഹരജിക്കാര്‍ ഉയര്‍ത്തിയത്. എന്നാല്‍, അന്വേഷണ ഏജന്‍സിയായിരുന്ന തങ്ങള്‍ക്ക് മാത്രമേ റിവിഷന്‍ ഹരജി നല്‍കാന്‍ അധികാരമുള്ളൂവെന്നും പുറത്തുനിന്നുള്ള അനാവശ്യഹരജികള്‍ തള്ളണമെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ക്ക് അവസരം നല്‍കിയാല്‍ തങ്ങളുടെ കേസിനെ ബാധിക്കുമെന്നും സി.ബി.ഐ വാദിച്ചു. സി.ബി.ഐ നിലപാടിനോട് യോജിച്ചായിരുന്നു പിണറായി അടക്കം എതിര്‍കക്ഷികളുടെ വാദം.
അതേസമയം, കേസില്‍ പ്രതികള്‍ക്കെതിരായ കൂടുതല്‍ തെളിവ് തങ്ങളുടെ കൈവശമുണ്ടെന്നായിരുന്നു സി.ബി.ഐ ഹരജിയില്‍ കക്ഷിചേരാന്‍ ഹരജി നല്‍കിയവരുടെ വാദം. ഇത് സമര്‍പ്പിക്കാന്‍ കേസില്‍ കക്ഷി ചേര്‍ക്കണമെന്നായിരുന്നു ആവശ്യം.
കോടതിക്ക് അറിയാത്ത കാര്യം ഹരജിയായി സമര്‍പ്പിക്കുകയാണ് ഹരജിക്കാര്‍ ചെയ്തതെങ്കില്‍ സ്വകാര്യഹരജികളെ പരിഗണിക്കാമായിരുന്നെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.