പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജിഷയുടെ പിതാവ്
text_fieldsതിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്ക് പരാതിനല്‍കി.
തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന ഡിവൈ.എസ്.പി കെ. അനില്‍കുമാര്‍, സി.ഐ കെ.എന്‍. രാജേഷ്, എസ്.ഐ സോണി മത്തായി എന്നിവരെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് ജിഷയുടെ പിതാവ് കെ.വി. പാപ്പു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജിഷയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും വകവെക്കാതെ പൊലീസ് ദഹിപ്പിക്കാന്‍ തിടുക്കപ്പെടുകയായിരുന്നെന്ന് പാപ്പു പരാതിയില്‍ കുറ്റപ്പെടുത്തുന്നു.
ജിഷ കൊല്ലപ്പെട്ട വിവരം അഞ്ചുദിവസം പൊലീസ് മൂടിവെച്ചത് തെളിവ് നശിപ്പിക്കാനാണ്. കേസില്‍ ആരോപണവിധേയനായ രാഷ്ട്രീയനേതാവിനോട് വിധേയത്വമുള്ള കുറുപ്പംപടി എസ്.ഐ ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഏതാനുംപേരെ സ്ഥലംമാറ്റിയെങ്കിലും അവര്‍ ഇപ്പോഴും പഴയസ്ഥലത്തുതന്നെ ജോലിചെയ്യുന്നു. കേസന്വേഷണം അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തില്‍ കടന്നുകൂടിയിട്ടുണ്ട്. ജിഷ കൊല്ലപ്പെട്ട ദിവസം ലഹരി ഉപയോഗിച്ചിരുന്നെന്ന തെറ്റായ വിവരങ്ങള്‍ ഈ ഉദ്യോഗസ്ഥര്‍ പടച്ചുവിടുകയാണെന്നും പാപ്പു ആരോപിച്ചു.
ജോമോന്‍ പുത്തന്‍പുരക്കലിനൊപ്പം എത്തിയാണ് പാപ്പു പരാതിനല്‍കിയത്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെയും നേരില്‍കണ്ട് പരാതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.